Sunday, May 19, 2024
spot_img

ഒരു വീടിന് വില നൂറുരൂപയിൽ താഴെ മാത്രം,​ വാങ്ങാൻ ആളുകളെ സ്വാഗതം ചെയ്ത് നഗരം !

ഒരു വീട് വയ്ക്കാൻ ലക്ഷങ്ങൾ ചെലവാകുന്ന ഇക്കാലത്ത് നൂറു രൂപയിൽ താഴെ മാത്രം കൊടുത്താൽ വീട് കിട്ടിയാലോ…. കിട്ടും പക്ഷേ അങ്ങ് ഇറ്റലി വരെ പോകണമെന്ന് മാത്രം. ഇറ്റലിയിലെ ബിസാക്ക എന്ന പട്ടണത്തിലാണ് 100 രൂപയ്ക്ക് താഴെ വിലയിൽ വീട് വാങ്ങാൻ അവസരമുള്ളത്.

പ്രകൃതിരമണീയമായ ഇറ്റലിയിലെ കംപാനിയ പ്രവിശ്യയിലാണ് ബിസാക്ക എന്ന പട്ടണം. രണ്ട് കോഫിക്ക് ചെലവാക്കുന്ന തുകയ്ക്ക് ഒരു വീട് സ്വന്തമാക്കൂ എന്നാണ് ഇവിടുത്തെ ഭരണകൂടം പറയുന്നത്. ഒരു യൂറോയ്ക്കാണ് ഒരു വീട് നല്‍കുന്നത്.

ഈ പട്ടണത്തിലെ ഒരു തെരുവിൽ മാത്രം 90 വീടുകളോളമാണ് ഒഴിഞ്ഞുകിടക്കുന്നത്. ഇത്തരത്തിൽ പല തെരുവുകളിലുമുണ്ട്. ഇവയിൽ ഏറെയും കാലപ്പഴക്കം കൊണ്ട് ദ്രവിച്ച നിലയിലുമാണ്. മെച്ചപ്പെട്ട ജീവിത സൗകര്യങ്ങൾ തേടി ഇവിടെയുള്ള ജനങ്ങൾ വലിയ പട്ടണങ്ങളിലേക്ക് കുടിയേറിയതോടെ ഇവിടുത്തെ ജനസംഖ്യ കുത്തനെ കുറഞ്ഞു.

ഭൂകമ്പങ്ങളും വീടുവിട്ട് പോകാൻ പ്രദേശവാസികളെ പ്രേരിപ്പിച്ചു. തെരുവിനോട് ചേർന്ന് അടുക്കടുക്കായുള്ള വീടുകൾ ആയതിനാൽ ഒരാൾ ഒറ്റയ്ക്കു വന്ന് താമസിക്കുന്നതിനോട് അധികൃതർക്ക് താത്പര്യമില്ല. കുടുംബവുമായോ കൂട്ടുകാർക്കൊപ്പമോ ബന്ധുക്കളെ കൂട്ടിയോ എത്തി കുറച്ചുവീടുകൾ ഒരുമിച്ച് എടുക്കാനാണ് അധികൃതരുടെ നിർദ്ദേശം.

വീടുകൾ ഇതിനകം തന്നെ അധികൃതർ ഏറ്റെടുത്തു കഴിഞ്ഞു. ബിസാക്കിയ നഗരസഭയിൽനിന്നു തന്നെ വീടുകൾ വാങ്ങാം. വീട് വാങ്ങുന്നവർ തന്നെ അത് അറ്റകുറ്റപ്പണി ചെയ്ത് എടുക്കണമെന്ന ഏക നിബന്ധന മാത്രമാണ് മുന്നോട്ടുവയ്ക്കുന്നതെന്നും ബിസാക്കിയ മേയർ ഫ്രാൻസെസ്‌കോ ടർകിയ പറയുന്നു

Related Articles

Latest Articles