തൃശൂർ: പ്രധാനമന്ത്രി നരേന്ദ്രമോദി ശക്തൻ്റെ മണ്ണിൽ. അഗത്തിയിൽ നിന്നും പ്രത്യേക വിമാനത്തിലാണ് അദ്ദേഹം നെടുമ്പാശേരി വിമാനത്താവളത്തിൽ വന്നിറങ്ങിയത്. അവിടെ നിന്നും ഹെലികോപ്റ്റർ മാർഗം കുട്ടനെല്ലൂരിൽ എത്തി. കലക്ടർ വി.ആർ. കൃഷ്ണതേജയുടെ നേതൃത്വത്തിൽ പ്രധാനമന്ത്രിയെ സ്വീകരിച്ചു. ശേഷം ജില്ലാ ആശുപത്രി പരിസരം വരെ റോഡ് മാർഗമെത്തുന്ന പ്രധാനമന്ത്രി 3.15 ഓടെ ആരംഭിച്ച റോഡ് ഷോയിൽ പങ്കെടുത്തു.
ശക്തമായ സുരക്ഷയാണ് പ്രധാനമന്ത്രിക്കായി തൃശ്ശൂരിൽ ഒരുക്കിയത്. പ്രധാനമന്ത്രിയുടെ പ്രത്യേക സുരക്ഷാ ഉദ്യോഗസ്ഥർക്ക് പുറമെ 3000ത്തോളം പോലീസ് ഉദ്യോഗസ്ഥർ സുരക്ഷ ഒരുക്കുന്നുണ്ട്. തെക്കേ ഗോപുരനട, മണികണ്ഠനാൽ, നടുവിലാൽ എന്നിവിടങ്ങളിലൂടെ ഒന്നര കിലോമീറ്റർ സഞ്ചരിച്ച് തേക്കിൻകാട് മൈതാനത്തെ സമ്മേളന വേദിയിലെത്തി.
റോഡിനിരുവശത്തും ആയിരങ്ങളാണ് പ്രധാനമന്ത്രിയെ കാണാൻ നിരന്നത്. ‘സ്ത്രീശക്തി മോദിക്കൊപ്പം’ എന്ന മഹിളാ സമ്മേളനത്തിൽ പങ്കെടുക്കാനാണ് പ്രധാനമന്ത്രി കേരളത്തിൽ എത്തിയത്. സമ്മേളനത്തിൽ രണ്ടുലക്ഷം വനിതകളെ പ്രധാനമന്ത്രി അഭിസംബോധന ചെയ്യും. സമ്മേളനത്തിൽ നടി ശോഭന, ഇന്ത്യൻ ഒളിമ്പിക് അസോസിയേഷൻ പ്രസിഡന്റ് പിടി ഉഷ എംപി, ക്രിക്കറ്റ് താരം മിന്നു മണി, ക്ഷേമ പെൻഷനായി പൊരുതുന്ന മറിയക്കുട്ടി, സാമൂഹ്യപ്രവർത്തക ഉമ പ്രേമൻ, വെച്ചൂർ പശുക്കൾക്കായി ജീവിതം ഉഴിഞ്ഞു വച്ച ഡോ. ശോശാമ്മ ഐപ്പ്, വ്യവസായപ്രമുഖ ബീന കണ്ണൻ തുടങ്ങിയവർ പങ്കെടുക്കുന്നുണ്ട്.

