ലഖ്‌നൗ : ഇന്ന് നടന്ന ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സ്-ചെന്നൈ സൂപ്പര്‍ കിങ്‌സ് മത്സരം മഴമൂലം ഉപേക്ഷിച്ചു. ലഖ്‌നൗവിന്റെ സ്വന്തം ഗ്രൗണ്ടില്‍ നടന്ന മത്സരത്തില്‍ ലഖ്‌നൗ ബാറ്റിങ് അവസാന ഓവറിലെത്തിയപ്പോഴാണ് മഴ വില്ലനായി അവതരിച്ചത്.
മത്സരം പുനരാരംഭിക്കാന്‍ ശ്രമിച്ചെങ്കിലും ഒരുതരത്തിലും അതിനനുവദിക്കാതെ മഴ കനത്തതോടെ മത്സരം ഉപേക്ഷിക്കാന്‍ തീരുമാനിക്കുകയായിരുന്നു. മത്സരത്തില്‍ ചെന്നൈ സൂപ്പര്‍ കിങ്‌സ് വ്യക്തമായ ആധിപത്യം പുലര്‍ത്തിയിരുന്നു. മത്സരം ഉപേക്ഷിച്ചതോടെ ഇരുടീമുകളും പോയന്റ് പങ്ക് വച്ചു.
ടോസ് നേടിയ ചെന്നൈ ലഖ്‌നൗവിനെ ബാറ്റിങ്ങിനയയ്ക്കുകയായിരുന്നു. 45 റണ്‍സെടുക്കുന്നതിനിടെ അഞ്ച് മുന്‍നിര വിക്കറ്റുകളും നഷ്ടമായി പരുങ്ങലിലായ ലഖ്‌നൗവിനെ 33 പന്തില്‍ 59 റണ്‍സെടുത്ത ബദോനിയാണ് മെച്ചപ്പെട്ട നിലയിലെത്തിച്ചത്. പരിക്കുമൂലം നായകന്‍ രാഹുല്‍ കളിക്കാനിറങ്ങിയില്ല. പകരം മനന്‍ വോറ ഓപ്പണറായി. എന്നാല്‍ മനന്‍ വോറ (10), കൈല്‍ മായേഴ്‌സ് (14), കരണ്‍ ശര്‍മ (9), നായകന്‍ ക്രുനാല്‍ പാണ്ഡ്യ (0), മാര്‍ക്കസ് സ്റ്റോയിനിസ് (6) എന്നിവര്‍ അതിവേഗത്തില്‍ തിരികെ നടന്നതോടെ ലഖ്‌നൗ അപകടം മണത്തു.
എന്നാല്‍ ആറാം വിക്കറ്റില്‍ ക്രീസിലൊന്നിച്ച ആയുഷ് ബദോനിയും നിക്കോളാസ് പൂരാനും ചേര്‍ന്ന് ലഖ്‌നൗവിനെ കരകയറ്റി. പൂരാന്‍ റണ്‍സ് കണ്ടെത്താന്‍ പഠിച്ച പണി പതിനെട്ടും പയറ്റിയപ്പോൾ ബദോനി അനായാസം ബാറ്റുവീശി. ഇരുവരും ചേര്‍ന്ന് ടീം സ്‌കോര്‍ 100 കടത്തി. അര്‍ധസെഞ്ചുറി കൂട്ടുകെട്ടും പടുത്തുയര്‍ത്തി.
എന്നാല്‍ 18-ാം ഓവറില്‍ 31 പന്തില്‍ നിന്ന് 20 റണ്‍സ് നേടിയ പൂരാൻ പുറത്തായി. എന്നാല്‍ ബദോനി അടിച്ചുതകര്‍ത്തു. താരം അര്‍ധസെഞ്ചുറി കുറിക്കുകയും ചെയ്തു. ഈ സീസണിലെ ബദോനിയുടെ ആദ്യ അര്‍ധസെഞ്ചുറിയാണിത്. തുടർന്ന് ക്രീസിലെത്തിയ കൃഷ്ണപ്പ ഗൗതവും (1) നിരാശപ്പെടുത്തി. ബദോനി 33 പന്തില്‍ 59 റണ്‍സെടുത്ത് പുറത്താവാതെ നിന്നു.
മോയിന്‍ അലിയും രവീന്ദ്ര ജഡേജയും മഹീഷ് തീക്ഷണയുമാണ് ലഖ്‌നൗ മുന്‍നിര ബാറ്റിങ് നിരയെ തകര്‍ത്തത്.

