ബി.എം.എസിന്റെ പോഷക സംഘടനയായ ശ്രീ ചിത്ര തിരുനാൾ ഇൻസ്റ്റിറ്റ്യൂട്ട് ഫോർ മെഡിക്കൽ സയൻസസ്സ് & ടെക്നോളജി എംപ്ലോയീസ് സംഘിന്റെ നേതൃത്വത്തിൽ നടന്ന രക്ഷാബന്ധൻ മഹോത്സവത്തിന്റെ ഉദ്ഘാടനം എംപ്ലോയീസ് സംഘ് പ്രസിഡന്റ് അഭിലാഷ് നിർവഹിച്ചു. രക്ഷാബന്ധന സന്ദേശം ആർഎസ്സ്എസ്സ് ശ്രീകാര്യം നഗർ ബൗദ്ധിക്ക് ശിക്ഷൺ പ്രമുഖ് ഷിജിത്ത് നൽകി. ശ്രീചിത്ര ഇൻസ്റ്റിറ്റ്യൂട്ട് ഡയറക്ടർ ഡോ. സഞ്ജയ് ബിഹാരിയ്ക്ക് രാഖി കെട്ടി കൊണ്ട് രക്ഷാബന്ധന ചടങ്ങിന് തുടക്കം കുറിച്ചു.

“ഭാരതം എണ്ണമറ്റ ആചാരങ്ങളുടെയും ആചരണങ്ങളുടെയും നാടാണ്. ഇത്തരം ആചരണങ്ങൾക്ക് വ്യക്തമായ ലക്ഷ്യബോധമുണ്ട്. ഭാരതത്തിൽ നിലവിലുള്ള ആചാരങ്ങളിൽ കാശ്മീരം തൊട്ട് കന്യാകുമാരി വരെ ഗ്രാമ,നഗര വ്യത്യാസങ്ങളില്ലാതെ, ജാതി,രാഷ്ട്രീയ വ്യതിയാനങ്ങൾ ഇല്ലാതെ ആചരിക്കുന്ന ഒന്നാണ് രാഖീബന്ധനം അഥവാ രക്ഷാബന്ധന മഹോത്സവം. ഭാരതത്തിൽ ആബാലവൃദ്ധം ജനങ്ങളും സാഹോദര്യത്തിന്റെ പട്ടുനൂൽ ബന്ധിക്കുന്ന ഈ ചടങ്ങ് ഐക്യത്തിന്റെയും സ്നേഹത്തിന്റെയും ധർമ്മത്തിന്റെയും സാഹോദര്യത്തിന്റെയും സന്ദേശമുൾക്കൊള്ളുന്നു. ബ്രിട്ടീഷ് മേധാവിത്വത്തിനെതിരെ ഭാരതം സ്വാതന്ത്ര്യ പോരാട്ടം നയിച്ച നാളുകളിൽ ജനങ്ങളുടെ ഐക്യം കൂട്ടി ഉറപ്പിക്കാൻ തീവ്രദേശീയവാദിയായ ബാലഗംഗാധരനെ പോലെയുള്ള നേതാക്കൾ രക്ഷാബന്ധന മഹോത്സവം ഉപയോഗപ്പെടുത്തിയതായി ചരിത്രത്തിൽ കാണാവുന്നതാണ്. ഗംഗാനദിയിൽ മുങ്ങി ശുദ്ധി നേടിയ ദേശസ്നേഹികൾ തമ്മിൽ തമ്മിൽ രക്ഷ ബന്ധിച്ച സ്വാതന്ത്ര്യ പ്രതിജ്ഞ എടുത്തു. ഇത് സ്വാതന്ത്ര്യ പ്രസ്ഥാനത്തിന് കരുത്തും, ജനങ്ങളിൽ ഐക്യവും ഊട്ടിയുറപ്പിക്കുന്നതായിരുന്നു. ഇന്ന് ഭാരതം വിവിധ തലങ്ങളിലുള്ള ആഭ്യന്തരവും ബാഹ്യവുമായ വെല്ലുവിളികൾ നേരിടുമ്പോൾ ജന മനസ്സിൽ ഐക്യത്തിന്റേതായ സന്ദേശം പകരുന്ന രക്ഷാബന്ധന പോലുള്ള ആചരണങ്ങൾക്ക് വലിയ സ്ഥാനമുണ്ട്. അതുകൊണ്ടുതന്നെ ഇതിന് കൂടുതൽ കൂടുതൽ വ്യാപിപ്പിച്ച് ജനങ്ങളിലേക്ക് എത്തിക്കാൻ ശ്രമിക്കേണ്ടതാണ്. ഇത്തരം ചടങ്ങുകൾ ഭാരതത്തിൻറെ ഐക്യത്തെ എക്കാലത്തും സനാതനമായി നിലനിർത്തുന്നു” രക്ഷാബന്ധന സന്ദേശത്തിലൂടെ ഷിജിത്ത് വ്യക്തമാക്കി. ശ്രീചിത്ര എംപ്ലോയീസ് സംഘ് ജനറൽ സെക്രട്ടറി രഞ്ജിത് കുമാർ സ്വാഗതവും, ശ്രീമതി സാജു കൃതജ്ഞതയും അറിയിച്ചു

