Thursday, May 2, 2024
spot_img

ശബരീശ സന്നിധിയിലേക്കുള്ള കാനന പാത, ചില വസ്തുതകൾ

സി പി കുട്ടനാടൻ

ശബരിമലയിലേയ്ക്കുള്ള കാനന പാത തുറന്ന് കൊടുക്കാത്തതിൽ പ്രതിഷേധിച്ച് ഹിന്ദു സംഘടനകൾ ഈയിടെ സമരം ചെയ്യുകയും ദേവസ്വം അധികൃതർ അനുവദിയ്ക്കുകയും ചെയ്തിരുന്നു. ശബരിമലയിലേക്കുള്ള കാനന പാതയെക്കുറിച്ച് വളരെ വലിയ അവ്യക്തതയാണ് അതിലൂടെ യാത്ര ചെയ്യാത്ത മലയാളികളുടെ ഇടയിൽ പോലുമുള്ളത്.

നമ്മൾ മലയാളികളിൽ പലരും ശബരീശനെ കാണാൻ പോകുന്ന പൊതുവായ രീതി എന്തെന്നാൽ വീട്ടിൽ നിന്നും ഇരുമുടിക്കെട്ട് നിറച്ച് പമ്പയിലെത്തി മല ചവിട്ടുക എന്നതാണ്. എന്നാൽ ഇതല്ല ശരിയായ ശബരിമല തീർത്ഥാടനം. അത് എങ്ങനെയെന്ന് ഞാൻ വിവരിയ്ക്കാം.

“അത്തലന്യേ ധരണിയിലുള്ളൊരു മർത്യരോക്കെയും അയ്യനെ കൂപ്പുവാൻ”…. എന്ന് തുടങ്ങുന്ന കീർത്തനം നമ്മളെല്ലാം കേൾക്കുകയും ആലപിയ്ക്കുകയും ചെയ്യുന്ന ഒരു സന്ധ്യാനാമത്തിലുള്ളതാണ്. ശബരിമല ശ്രീ. ധർമശാസ്താവിൻ്റെ ദർശനത്തിന് പോയ ഏതോ ഒരു ഭക്തകവനം തൻ്റെ ഭാവനയിൽ ‘അ’കാരാദി ക്രമത്തിൽ തയ്യാറാക്കിയ ഈ കീർത്തനത്തിൽ പറയുന്ന രീതിയിലാണ് സാമ്പ്രദായികമായ ശബരിമല തീർത്ഥാടനം ചെയ്യേണ്ടത്.

നമ്മൾ സാധാരണ രീതിയിൽ തന്നെ 41 ദിവസം വൃതമെടുത്ത് വിധിയാംവണ്ണം കെട്ടുമുറുക്കി വീടുവിട്ട് ശരണഘോഷം മുഴക്കി നേരെ എരുമേലിയിലെത്തണം. ഇവിടെ നിന്നാണ് നമ്മൾ ചടങ്ങുകൾ ആരംഭിയ്ക്കുന്നത്. എരുമേലിയിൽ പേട്ട കെട്ടണം, പേട്ട കെട്ടുക എന്നാൽ അയ്യപ്പസ്വാമിയുടെ പടയിൽ അണിചേർന്ന് പന്തള രാജ്യത്തിന് ഭീഷണിയായ ഉദയനൻ എന്ന മറവപ്പടയുടെ നേതാവായ കാട്ടുകള്ളനെ നേരിടാൻ പോയ പട്ടാളക്കാരെ അനുസ്മരിയ്ക്കലാണ്.

അതിനായി സിന്ദൂരം പൂശി ശരക്കോൽ കൈകളിൽ പിടിച്ച് മുഖം മൂടി ധരിച്ച് അയ്യപ്പന്മാർ പേട്ടയിൽ ശാസ്താ ക്ഷേത്രത്തിൽ നിന്നും വാദ്യ മേളങ്ങളോടെ പേട്ട തുള്ളൽ ആരംഭിയ്ക്കുന്നു. പാണ്ടിമേളം കൊട്ടുന്ന ആളുകളെ ചുരുങ്ങിയ ചിലവിൽ പേട്ടയിൽ ശാസ്താ ക്ഷേത്ര സമീപത്തു തന്നെ ലഭിയ്ക്കും. പെട്ട തുള്ളി നേരെ വാവർ പള്ളിയിലേക്കാണ് കയറുക. വാവർ സ്വാമിയുടെ മുസ്ലിം ജുമാ മസ്ജിദിന് പ്രദക്ഷിണം ചെയ്ത് പേട്ട തുള്ളിത്തുള്ളി അയ്യപ്പന്മാർ നേരെ ചെല്ലുന്നത് എരുമേലി ശാസ്താ ക്ഷേത്രത്തിലേക്കാണ്. അവിടെ പേട്ട സമർപ്പിയ്ക്കണം.

എരുമേലിയിൽ പേട്ട തുള്ളാനുള്ള ചമഞ്ഞൊരുക്കം

ശേഷം ശരക്കോൽ അവനവൻ്റെ തോൾ സഞ്ചിയിൽ നിക്ഷേപിയ്ക്കുക. പിന്നെ എരുമേലി തോട്ടിൽ സമൃദ്ധമായൊരു കുളി പാസ്സാക്കുക. വീണ്ടും ഗുരുസ്വാമിയുടെ അനുഗ്രഹത്തോടെ കെട്ട് എടുത്ത് തലപ്പാറ മല ലക്ഷ്യമാക്കി യാത്ര ആരംഭിയ്ക്കുന്നു. പോകും വഴിയിൽ നമ്മൾ ആദ്യമായി സന്ധിയ്ക്കുന്നത് കീർത്തനങ്ങളിൽ പരാമർശിയ്ക്കുന്ന പേരൂർ തോടിനെയാണ്. അവിടെ മത്സ്യങ്ങൾക്ക് നിലക്കടല നൽകുന്ന ഒരു രീതി നിലനിൽക്കുന്നുണ്ട്.

പേരൂർതോട്ടിൽ മത്സ്യങ്ങൾക്ക് നിലക്കടല നല്കുന്ന ഭക്തർ

വീണ്ടും നടക്കുന്ന നമ്മൾ ചെന്ന് കയറുന്നത് കേരള ഫോറസ്റ്റ് ഡിപ്പാർട്ട്മെൻ്റിൻ്റെ ചെക് പോസ്റ്റിലേക്കാണ്. അവിടെ നിരവധി സൂചനകൾ ഉണ്ടാകും. വനാന്തരങ്ങളിൽ പെരുമാറേണ്ട രീതികളെപ്പറ്റി വ്യക്തമായി എഴുത്തുകൾ പ്രദർശിപ്പിച്ചിട്ടുണ്ടാകും. പെരിയാർ ടൈഗർ റിസർവിൻ്റെ പമ്പാ റേഞ്ചിനുള്ളിലൂടെയാണ് ഇനി നമ്മുടെ യാത്ര. അയ്യപ്പൻൻ്റെ പൂങ്കാവനം ആരംഭിയ്ക്കുകയാണ്.

കോയിക്കൽകാവിലെ വനംവകുപ്പിന്റെ ചെക്പോസ്റ്റ് കടന്ന് അയ്യന്റെ പൂങ്കാവനത്തിലേക്ക്

പൂങ്കാവനത്തിൻ്റെ ആദ്യപടിയായി തലപ്പാറ മല കയറുകയാണ് ഇനി നമ്മൾ. വഴിനീളെ ചെറിയ ചെറിയ വിരിവയ്ക്കൽ വിശ്രമ കേന്ദ്രങ്ങൾ ഉണ്ടാകും. അവിടങ്ങളിൽ പാനീയവും മറ്റും ലഭിയ്ക്കും. ശരിയ്ക്കും ക്ഷീണിയ്ക്കുന്ന മലകയറ്റമാണ് നമ്മളെ കാത്തിരിയ്ക്കുന്നത്. ഭീമാകാരങ്ങളായ മരങ്ങളുടെ വലിപ്പത്തിൽ ആശ്ചര്യം കൂറിക്കൊണ്ട് മാത്രമേ നമുക്ക് യാത്ര തുടരാൻ സാധിയ്ക്കൂ.

തലപ്പാറമലയിലേക്ക് ഭക്തരുടെ പ്രയാണം

തലപ്പാറമലയുടെ ഉച്ചിയിലാണ് തലപ്പാറ കോട്ട ക്ഷേത്രം. അവിടെ വഴിപാടുകൾ നടത്തിയ ശേഷം നമ്മൾ മലയിറങ്ങി യാത്ര തുടരുകയാണ്. കയറ്റത്തേക്കാൾ കഠിനമായ ഇറക്കം ചെന്നവസാനിയ്ക്കുന്നത് കാളകെട്ടി ഉമാ മഹേശ്വര ക്ഷേത്രത്തിലാണ്. അയ്യപ്പസ്വാമിയും മഹിഷിയും തമ്മിലെ യുദ്ധം കാണുവാനായി പാർവതീ പരമേശ്വരന്മാർ എത്തിയപ്പോൾ നന്ദികേശ്വരസ്വാമിയെ (കാളയെ) കെട്ടിയിട്ട ആഞ്ഞിലിപ്ലാവായ ഭീമാകാരമായ കാളകെട്ടിയാഞ്ഞിലി അവിടെ സംരക്ഷിയ്ക്കപ്പെട്ടിരിയ്ക്കുന്നത് നമുക്ക് കാണുവാൻ സാധിയ്ക്കും. എസ്എൻഡിപിയോഗമാണ് കാളകെട്ടി ക്ഷേത്രത്തിൻ്റെ നടത്തിപ്പുകാർ.

ശിവൻ കാളയെ കെട്ടിയിട്ട ആഞ്ഞിലിമരവും പശ്ചാത്തലത്തിൽ കാളകെട്ടി ശിവപാർവ്വതി ക്ഷേത്രവും

കാളകെട്ടി കടന്നു പോകുമ്പോൾ തൊട്ടടുത്തായി അഴുതയാണ്. അഴുതാ നദിയും നദിക്കരയിലെ ശങ്കരനാരായണ സ്വാമി ക്ഷേത്രവും നമുക്ക് കാണാനാകും. മലയരയസഭയുടെ നേതൃത്വത്തിലാണ് ക്ഷേത്ര നടത്തിപ്പ്. അവിടെ വിരി വയ്ക്കാനുള്ള സൗകര്യമൊരുക്കിയിട്ടുണ്ട്. ഇരുട്ട് വീണുകഴിഞ്ഞാൽ പിന്നെ വനയാത്ര ഒഴിവാക്കി വിരിവയ്ക്കുന്നതാണ് നല്ലത്. അഴുതയിൽ മുങ്ങി കുളിച്ച് ഒരു കല്ലെടുക്കണം അതുമായി അഴുത ശങ്കരനാരായണ സ്വാമിയെ ദർശിച്ചു തൊഴുത ശേഷം നേരെ ഉടുമ്പാറ മല കയറ്റം ആരംഭിയ്ക്കുന്നു.

അഴുതാ നദി -ഒരു വിഹഗ വീക്ഷണം

ഉടുമ്പാറ മല കയറ്റത്തെ ചിലർ അഴുതയേറ്റം എന്നും പറയാറുണ്ട്. ചെങ്കുത്തായ മലകയറ്റമാണ് നമ്മളെ കാത്തിരിയ്ക്കുന്നത്. ശ്രദ്ധ പാളിയാൽ തലകുത്തിയുള്ള വീഴ്ച്ചയുറപ്പ്. ശരണം വിളിച്ചുകൊണ്ടു മലകയറുന്നത് ആയാസം കുറയ്ക്കും.

അഴുതമേടിന്റെ ചെങ്കുത്തായ കയറ്റം

അല്പം കയറ്റത്തിന് ശേഷം കല്ലിടാംകുന്ന് എത്തിച്ചേരും. അവിടെ നമ്മൾ അഴുതാ നദിയിൽനിന്നുമെടുത്ത കല്ല് നിക്ഷേപിച്ച ശേഷം യാത്ര തുടരാം. ഉടുമ്പാറ മലകയറി ഉച്ചിയിലെത്തിയാൽ നമുക്ക് ഉടുമ്പാറ വില്ലൻ ക്ഷേത്രം കാണാൻ സാധിയ്ക്കും. അവിടെ തൊഴുത് നേരെ ഉടുമ്പാറ ഇറക്കം. ഈ വഴികളിലെല്ലാം കാട്ടാന മറിച്ചിട്ട മരങ്ങളും ആനപ്പിണ്ഡവുമൊക്കെ കാണാൻ സാധിയ്ക്കും. മറ്റു കാട്ടു മൃഗങ്ങളെയും കാണാം.

കല്ലിടാംകുന്നിന്റെ മുകളിൽ …

ഉടുമ്പാറയിറങ്ങിച്ചെല്ലുന്ന താഴ്വാരത്താണ് മുക്കുഴി ഭഗവതി ക്ഷേത്രമുള്ളത്. ഇവിടെ വിരിവച്ച് അൽപ്പം വിശ്രമിച്ച ശേഷം യാത്ര തുടരുന്നു. ഇപ്പോൾ കരിയിലാന്തോടാണ് നമ്മുടെ മുമ്പിലുള്ളത്. ഈ ചെറിയ അരുവികൾ കടന്ന് നമ്മൾ ഇനി കയറുന്നത് സാക്ഷാൽ കരിമലയാണ്.

കരിമല കയറ്റം കഠിനം കഠിനം എന്ന് പറയുന്നത് വെറുതെയല്ല എന്ന് അതോടെ മനസിലാകും ഈ മലകയറ്റങ്ങളും ഇറക്കങ്ങളുമൊക്കെ വളരെയധികം സമയമെടുത്താണ് സംഭവിയ്ക്കുന്നത്. എഴുതുമ്പോൾ പ്രധാന പോയിണ്ടുകൾ പരാമർശിയ്ക്കുന്നു എന്നുമാത്രം. കുറഞ്ഞത് മൂന്ന് ദിവസം കൊണ്ടുമാത്രമേ ഈ പരമ്പരാഗത പാതയിലൂടെ നമുക്ക് ശബരിമല ദർശനം സാദ്ധ്യമാകൂ.

കരിമല കയറ്റം കഠിനം കഠിനം …

അങ്ങനെ കരിമലമുകളിലെത്തിയ നമ്മൾ അൽപനേരം അവിടെ വിശ്രമിച്ച ശേഷം അതികഠിനമായ കരിമലയിറക്കത്തിനുള്ള തയ്യാറെടുപ്പ് നടത്തണം. ദൃഷ്ടി പാളാതെ പാത ശ്രദ്ധിച്ചുകൊണ്ട് കരിമലയിറങ്ങണം. കുറേനേരം ഇറങ്ങിക്കഴിയുമ്പോൾ വലിയാനവട്ടത്തെത്തും നമ്മൾ. അവിടെ പമ്പാനദി നമുക്ക് ദൃഷ്ടിഗോചരമാകും. യാത്ര തുടരുമ്പോൾ ചെറിയാനവട്ടത്ത് എത്തിച്ചേരാം. അവിടുന്ന് അല്പം നടന്നാൽ ഇപ്പോഴുള്ള നമ്മുടെ പമ്പാനദിയുടെ എല്ലാവർക്കുമറിയുന്ന പ്രദേശത്തെത്തും. ഇവിടെ വിരിവയ്ക്കുക.

പുണ്യ പമ്പ

ശേഷം പമ്പയിൽ കുളിച്ച് ബലിതർപ്പണം ചെയ്യണം. പിന്നെ പമ്പാസദ്യ. തുടർന്ന് ഗുരുസ്വാമിയിൽ നിന്നും കെട്ട് തലയിലേറ്റി പമ്പാ ഗണപതിക്കോവിലിൽ ചെന്ന് തേങ്ങയുടയ്ക്കണം, അവിടെ ശ്രീരാമസ്വാമിയെ തൊഴുത്തു നിൽക്കുന്ന ഹനുമാനെ കണ്ട ശേഷം നീലിമല കയറ്റം ആരംഭിയ്ക്കണം. യുവതികൾക്ക് പ്രവേശനം പമ്പാ ഗണപതിക്കോവിൽ വരെ മാത്രമാണ്.

നീലിമല കയറ്റം ആരംഭിച്ച് അല്പദൂരം പിന്നിടുമ്പോൾ അപ്പാച്ചിമേടെത്തും. അവിടെ അപ്പാച്ചി ഇപ്പാച്ചി എന്നിങ്ങനെയുള്ള ഭൂതങ്ങൾ വസിയ്ക്കുന്നു. അവർക്ക് അരിയുണ്ട സമർപ്പിച്ച ശേഷം വീണ്ടും മലകയറ്റം. മലകയറിച്ചെല്ലുമ്പോൾ അവിടെ ശബരീപീഠം. രാമായണത്തിൽ ശ്രീരാമസ്വാമി മോക്ഷം നൽകിയ ശബരി എന്ന തപസ്വിനിയുടെ ആശ്രമമാണത്. ഈ ശബരി വസിച്ചിരുന്ന പ്രദേശമായതിനാൽ ഇതിനെ ശബരിമല എന്ന് വിളിയ്ക്കപ്പെടുന്നു.

ശബരിപീഠം

അവിടെനിന്നും മല കയറ്റം തുടരുന്ന നമ്മൾ ഒരു ഡീവിയേഷനിൽ എത്തുകയാണ് അതാണ് സ്വാമിഅയ്യപ്പൻ റോഡ്. അതിൽ ഇപ്പോൾ പ്രവേശിയ്ക്കരുത്. നമ്മൾ പോകേണ്ടത് മരക്കൂട്ടത്തിൻ്റെ ഭാഗത്തേക്കാണ്. മരക്കൂട്ടം കടന്ന് യാത്ര തുടരുമ്പോൾ നാം എത്തിച്ചേരുന്നത് ശരംകുത്തിയാലിൻ്റെ ചുവട്ടിലാണ്. അവിടെയെത്തുമ്പോൾ എരുമേലി പേട്ടയ്ക്ക് ശേഷം നമ്മൾ തോൾസഞ്ചിയിൽ സൂക്ഷിച്ച ശരക്കോൽ എടുത്ത് ആലിൽ കുത്തുക. (പൊതുവെ ആളുകൾ ചെയ്യുന്നതുപോലെ ശരംകുത്തിയ്ക്ക് തൊട്ടടുത്തുള്ള കടയിൽ നിന്നും ഒരു ശരക്കോൽ വാങ്ങി ആലിൽ കുത്തുകയല്ല വേണ്ടത്) വീണ്ടും യാത്ര തുടരുമ്പോൾ ഭസ്മക്കുളം കാണാം. വീണ്ടും മുന്നോട്ടെത്തുമ്പോൾ സ്വാമിയുടെ സന്നിധാനമാണ്.

സത്യമായ പൊന്നുപതിനെട്ടാംപടി

സന്നിധാനത്ത് തിരക്ക് കുറവാണെങ്കിൽ സുരക്ഷാ പരിശോധനനകൾക്ക് ശേഷം ഉടൻതന്നെ നമുക്ക് കയറാം. സത്യമായ പതിനെട്ടാം പടിയ്ക്ക് ഇരുവശങ്ങളിലും തേങ്ങയുടയ്ക്കാനുള്ള സംവിധാനമുണ്ട്. അവിടെ ഇരുവശത്തായി അയ്യപ്പസ്വാമിയുടെ അനുചരരായ വലിയകടുത്ത സ്വാമിയും, കറുപ്പാസ്വാമി കറുപ്പായിയമ്മ എന്നിവരുമുണ്ട്. തിരക്കില്ലെങ്കിൽ ഓരോ പടികളിലും തൊട്ടുതൊഴുത് നമുക്ക് പതിനെട്ടു പടികളും കടക്കാം. അല്ലെങ്കിൽ പോലീസ്‌ അയ്യപ്പന്മാർ നമ്മളെ മേലെയെത്തിയ്ക്കും.

സ്വാമി അയ്യപ്പൻറെ ശ്രീലകം

ശരണമുഖരിതമായ അന്തരീക്ഷത്തിൽ ഉപദേവതകളെ പ്രദക്ഷിണം ചെയ്ത് എന്നും തുണയായിരിയ്ക്കുന്ന ശബരിമല ശ്രീധർമ്മശാസ്താവ്, പൊന്നമ്പലവാസൻ ശ്രീ. ഹരിഹരസുതനയ്യനയ്യപ്പ സ്വാമിയെ നമ്മൾ ഒരുനോക്ക് കാണുകയാണ്. 41 ദിവസം വൃതമെടുത്ത് ഈ മലകളായ മലകളെല്ലാം കയറി വന്നതിൻ്റെ സാക്ഷാത്കാരം സംഭവിയ്ക്കുന്നത് ഒരു പക്ഷെ വെറും 3 സെക്കൻ്റ് നേരത്തേയ്ക്ക് മാത്രമായിരിയ്ക്കും. ആ ദർശനം മാത്രം മതി അയ്യപ്പൻ്റെ തിരുമുഖ കമലം മനസിലുറയ്ക്കുവാനും ഭഗവാൻ്റെ അനുഗ്രഹത്തിൽ സായൂജ്യമടയുവാനും. ഇനി നമ്മൾ നെയ്യഭിഷേകത്തിനുള്ള തയ്യാറെടുപ്പിലാണ്. രസീത് എടുത്ത ശേഷം നെയ്യഭിഷേകം നടത്തണം. കെട്ടിലെ അരി അന്നദാനത്തിന് നല്കണം ശേഷം നേരെ മാളികപ്പുറത്തേയ്ക്ക് പോകണം.

അമ്മയെ കണ്ടു തൊഴുത ശേഷം കൊച്ചുകടുത്ത സ്വാമിയെ തൊഴുക. മണിമണ്ഡപത്തിന് പ്രദക്ഷിണം ചെയ്ത് നാഗദൈവങ്ങളെ തൊഴുതശേഷം നെയ്‌ത്തേങ്ങയുടെ ഒരു കഷ്ണം ആഴിയിൽ നിക്ഷേപിയ്ക്കണം. അപ്പവും അരവണയും ആവശ്യമുള്ളവർക്ക് സന്നിധാനത്തുനിന്നും വാങ്ങാവുന്നതാണ്. പിന്നീട് മലയിറങ്ങുക. പമ്പയിലെത്തി തിരിച്ച് നമ്മുടെ ഭവനത്തിലേക്കുള്ള മടക്കമാണ്. ഒരു വർഷത്തെ ദർശനപുണ്യവുമായി നമ്മുടെ നാട്ടിലേയ്ക്ക്. അവിടുത്തെ ക്ഷേത്രത്തിലെത്തി നമ്മുടെ മുൻകെട്ടിൽ ഗുരുസ്വാമി നിക്ഷേപിച്ച കാണിപ്പൊന്നെടുത്ത് കാണിയ്ക്കയർപ്പിയ്ക്കണം (പലരും ഈ നാണയം ശബരിമലയിൽ തന്നെ ഇടുന്നത് കണ്ടിട്ടുണ്ട്. അത് പാടില്ല) ശേഷം വീട്ടിലെത്തി കെട്ട് ഇറക്കണം.

വൈകുന്നേരത്തോടെ തന്നെയോ അല്ലെങ്കിൽ പിറ്റേന്ന് രാവിലെയോ സമീപത്തെ ക്ഷേത്രത്തിലെത്തി മാലയൂരി വൃതം അവസാനിപ്പിയ്ക്കാവുന്നതാണ്. ഇങ്ങനെയാണ് ശബരിമല യാത്രയുടെ പരമ്പരാഗത രീതി. ഇതിൽ എരുമേലിയിൽ തുടങ്ങി ഏതാണ്ട് പൂർണസമയവും നമ്മൾ കാട്ടിൽ തന്നെയാണ് സഞ്ചരിയ്ക്കുന്നത്. അങ്ങനെയുള്ള പരമ്പരാഗത വഴിയാണ് തിരുവിതാംകൂർ ദേവസ്വം ബോർഡ് പൂട്ടിക്കെട്ടി വച്ചിരിയ്ക്കുന്നത്.

ഈ ദേവസ്വം ബോർഡിന് ശബരിമലയുടെ ആചാരാനുഷ്ടാനങ്ങൾ സംരക്ഷിയ്ക്കണം എന്ന താത്പര്യമല്ല ഉള്ളത്. ഇവർക്ക് പണം പിടുങ്ങണം എന്നത് മാത്രമാണ് ഉദ്ദേശം. വൃശ്ചികമാസം പകുതി കഴിഞ്ഞിട്ടും കാനന പാത തുറക്കാതെ എന്ത് തരം ശബരിമല ദർശനം നടപ്പാക്കലാണ് ഇവർ ചെയ്തത്. യുവതികളെ സന്നിധാനത്ത് പ്രവേശിപ്പിയ്ക്കാം എന്ന് സുപ്രീംകോടതിയിൽ പറഞ്ഞ ദേവസ്വം ബോർഡിന് ഇതല്ല ഇതിനപ്പുറവുമാകാം.

സകലപരിവാര സമേതം എന്നും തുണയായിരിയ്‌ക്കുന്ന ശബരിമല ശ്രീധർമ്മശാസ്താവ് ശ്രീ. ഹരിഹരസുതനാനന്ദ ചിത്തനയ്യനയ്യപ്പ സ്വാമിയേ ശരണമയ്യപ്പാ.

Related Articles

Latest Articles