തൃശൂർ : കബളിപ്പിക്കലിനിരയായി റഷ്യൻ കൂലിപ്പട്ടാളത്തിൽ അകപ്പെട്ട തൃശ്ശൂർ സ്വദേശികളായ യുവാക്കളുടെ മോചനത്തിനായി നിർണ്ണായക ഇടപെടലുമായി കേന്ദ്രമന്ത്രി സുരേഷ് ഗോപി. യുവാക്കളുടെ മോചനം സംബന്ധിച്ച് അദ്ദേഹം എംബസിക്ക് കത്തയച്ചു. ഇന്നലെ പരാതി ലഭിച്ച ഉടൻ തന്നെ എംബസിക്ക് കത്തയച്ചിരുന്നതായും മറുപടിക്കായി കാത്തിരിക്കുകയാണെന്നും സുരേഷ് ഗോപി പറഞ്ഞു.കുറാഞ്ചേരി സ്വദേശികളായ ജെയിനും ബിനിലുമാണ് റഷ്യയിൽ കുടുങ്ങിയത്.
കുടുംബ സുഹൃത്ത് വഴിയാണ് തൃശ്ശൂർ സ്വദേശികൾ റഷ്യയിലെത്തുന്നത്. മലയാളി ഏജന്റ് കബളിപ്പിച്ച് ഇവരെ റഷ്യൻ കൂലിപ്പട്ടാളത്തിൽ അകപ്പെടുത്തുകയായിരുന്നു. യുദ്ധമുഖത്ത് നിന്നുള്ള യുവാക്കളുടെ ദാരുണ വീഡിയോ പുറത്തുവന്നിരുന്നു. ഇതിന് പിന്നാലെ കുടുംബം കേന്ദ്രമന്ത്രി സുരേഷ് ഗോപിയെ കണ്ട് വിഷമം അറിയിച്ചു. കഴിഞ്ഞ ഏപ്രിലിലായിരുന്നു യുവാക്കൾ റഷ്യയിലേക്ക് പോയത്. ഇലക്ട്രീഷ്യൻ ജോലി വാഗ്ദാനം ചെയ്താണ് ഇവരെ റഷ്യയിലേക്ക് കൊണ്ട് പോയത്. എന്നാൽ റഷ്യൻ കൂലിപ്പട്ടാളത്തിലേക്കാണ് ഇരുവരും എത്തിപ്പെട്ടത്.

