ധാക്ക : കലാപകാരികളുടെ ഭീഷണിയെത്തുടർന്ന് സ്ഥാനമൊഴിയാൻ തയ്യാറാണെന്ന് ബംഗ്ലാദേശ് സുപ്രീംകോടതി ചീഫ് ജസ്റ്റിസ് ഉബൈദുൽ ഹസൻ. ഒരു മണിക്കൂറിനുള്ളിൽ സുപ്രീം കോടതി ചീഫ് ജസ്റ്റിസും ജഡ്ജിമാരും രാജി വയ്ക്കണമെന്നാവശ്യപ്പെട്ട് കലാപകാരികൾ ബംഗ്ലാദേശ് സുപ്രീം കോടതി വളഞ്ഞതിന് പിന്നാലെയാണ് ചീഫ് ജസ്റ്റിസ് രാജി സന്നദ്ധത അറിയിക്കുന്നത്. രാജി വയ്ക്കാത്ത പക്ഷം കുടുംബത്തെപ്പോലും ഇല്ലായ്മ ചെയ്യുമെന്നായിരുന്നു കലാപകാരികളുടെ ഭീഷണി.
ഇക്കഴിഞ്ഞ വ്യാഴാഴ്ച രൂപീകൃതമായ ഇടക്കാല സർക്കാരിനോട് ആലോചിക്കാതെ ചീഫ് ജസ്റ്റിസ് ഫുൾ കോർട്ട് വിയോഗം വിളിച്ചു ചേർത്തതാണ് കലാപകാരികളെ ചൊടിപ്പിച്ചത്. രാജിവച്ച് രാജ്യം വിട്ട മുൻ പ്രധാനമന്ത്രി ഷെയ്ഖ് ഹസീനയുടെ വിശ്വസ്തനായിട്ടാണ് ഉബൈദുൽ ഹസൻ അറിയപ്പെടുന്നത്.
വ്യാഴാഴ്ചയാണ് ബംഗ്ലാദേശിൽ നൊബേൽ സമ്മാനജേതാവ് മുഹമ്മദ് യൂനുസിന്റെ നേതൃത്വത്തിലുള്ള ഇടക്കാലസർക്കാർ അധികാരമേറ്റത്.

