പാരിസ് : അൾജീരിയൻ – മൊറോക്കൻ വംശജനായ പതിനേഴുകാരനെ പോലീസ് ഉദ്യോഗസ്ഥൻ വാഹന പരിശോധനയ്ക്കിടെ വെടിവച്ചുകൊന്നതിനെത്തുടർന്നുണ്ടായ കലാപം ഫ്രാൻസിൽ ആളിപ്പടരുന്നു. സംഘർഷത്തിൽ ഇന്നലെ രാത്രി മാത്രമായി 270 പേരെ അറസ്റ്റ് ചെയ്തു ഇതോടെ നാലു ദിവസത്തിനിടെ അറസ്റ്റിലായവരുടെ എണ്ണം 1,100 ആയി ഉയർന്നു. പ്രതിഷേധത്തെ നേരിടാൻ ഇന്ന് 45,000 പൊലീസുകാരെ നിയോഗിച്ചു. ഇക്കഴിഞ്ഞ ചൊവ്വാഴ്ച തുടങ്ങിയ കലാപം രാജ്യത്തിന്റെ കൂടുതൽ ഭാഗങ്ങളിലേക്ക് വ്യാപിച്ചുവെന്നാണ് റിപ്പോർട്ട്
അൾജീരിയൻ – മൊറോക്കൻ വംശജനായ പതിനേഴുകാരനെ പോലീസ് ഉദ്യോഗസ്ഥൻ വാഹന പരിശോധനയ്ക്കിടെ വെടിവച്ചുകൊന്നതിനെത്തുടർന്നാണ് ഫ്രാൻസിൽ കലാപം പൊട്ടിപ്പുറപ്പെട്ടത്. കലാപകാരികൾ വാഹനങ്ങളും വ്യാപാരസ്ഥാപനങ്ങളും അഗ്നിക്കിരയാക്കി. നിരവധി ബാങ്കുകൾ കൊള്ളയടിക്കപ്പെട്ടതായും വാർത്തകൾ പുറത്തു വരുന്നുണ്ട്. ആക്രമണ സംഭവങ്ങളിലായി 250 പൊലീസ് ഉദ്യോഗസ്ഥർക്ക് ഗുരുതരമായി പരിക്കേറ്റു. അതെ സമയം അറസ്റ്റിലായവരിൽ ഭൂരിഭാഗവും 14നും 18നും ഇടയിൽ പ്രായമുള്ളവരാണെന്ന് ആഭ്യന്തരമന്ത്രി ജെറാൾഡ് ദർമനിൻ വ്യക്തമാക്കി.
വാഹനമോടിച്ച് കയറ്റാൻ ശ്രമിച്ചുവെന്നാരോപിച്ച് നയീൽ എന്ന പതിനേഴുകാരനെയാണു വാഹനപരിശോധനയ്ക്കിടെ പൊലീസ് വെടിവച്ച് കൊന്നത്. എന്നാൽ സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നതോടെ പോലീസ് പറയുന്നത് കള്ളമാണെന്ന് തെളിഞ്ഞു. വെടിയുതിർത്ത പൊലീസുകാരനെതിരെ കൊലപാതകത്തിനു കേസെടുത്തിട്ടുണ്ട്. ഇയാളെ കരുതൽ തടങ്കലിലേക്കു മാറ്റി.
സ്ഥിതിഗതികള്‍ വഷളാകുന്നതിനിടെ ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവല്‍ മക്രോ അടിയന്തര യോഗം വിളിച്ചു. സംഭവത്തിലെ അന്വേഷണ റിപ്പോര്‍ട്ട് പുറത്തുവരുന്നത് വരെ ശാന്തരാകണമെന്നും പ്രതിഷേധം അവസാനിപ്പിക്കണമെന്നും മക്രോ പ്രക്ഷോഭകരോട് ആവശ്യപ്പെട്ടു. അക്രമത്തിൽ പങ്കാളികളാകുന്ന കുട്ടികളെ പിൻതിരിപ്പിക്കാൻ മാതാപിതാക്കൾ തയാറാകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. സമൂഹ മാദ്ധ്യമങ്ങളിൽ താത്കാലികമായി നിയന്ത്രണങ്ങൾ ഏർപ്പെടുത്തുമെന്നും അദ്ദേഹം വ്യക്തമാക്കി.

