കൊച്ചി : സംസ്ഥാനത്ത് മുമ്പെങ്ങും കണ്ടിട്ടില്ലാത്ത വിധത്തിൽ ഭരണ പ്രതിപക്ഷ പോര് മുറുകുന്നു. സിപിഎമ്മിന് അധികാരത്തിന്‍റെ അഹങ്കാരമാണെന്ന് അതിരൂക്ഷ വിമർശനവുമായി പ്രതിപക്ഷ നേതാവ് വി.ഡി.സതീശന്‍ രംഗത്ത് വന്നു. സിപിഎം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദനെ പേര് എടുത്തുപറഞ്ഞ് വിമർശിച്ച പ്രതിപക്ഷ നേതാവ്, നിങ്ങളുടെ ഭീഷണി ആര് വകവയ്ക്കുന്നു ‘മിസ്റ്റര്‍ ഗോവിന്ദന്‍’ എന്നും സഖാക്കള്‍ക്കെതിരെ ശബ്ദിച്ചാല്‍ കേസെടുക്കുന്നത് അനുവദിക്കില്ലെന്നും പറഞ്ഞു.
‘‘കുട്ടി സഖാക്കള്‍ക്കെതിരെ ശബ്ദിച്ചാല്‍ കേസെടുക്കുന്നത് അനുവദിക്കില്ല. ക്രിമിനല്‍ കേസ് പ്രതിയുടെ പരാതിയിലാണ് നടപടി. പൊലീസിന്‍റെ വിശ്വാസ്യത തകര്‍ന്നു.പോലീസ് കയ്യുംകാലും വിറച്ചാണ് ജോലി ചെയ്യുന്നത്. നിരവധി ക്രിമനൽ കേസുകളിലെ പ്രതി, വധശ്രമകേസുകളിൽ ഉൾപ്പെടെ, സ്ത്രീകളെ അപമാനിച്ചതിലുൾപ്പെടെ, തട്ടിക്കൊണ്ടുപോയതുൾപ്പെടെയുള്ള ജാമ്യമില്ലാത്ത കേസുകളിൽ പ്രതിയായ ഒരാളുടെ പരാതിയിലാണ് കേസെടുത്തിരിക്കുന്നത്. ഇതിനെ സംബന്ധിച്ചുള്ള എം.വി.ഗോവിന്ദന്റെ പ്രതികരണം അഹങ്കാരം നിറഞ്ഞതാണ്. അധികാരം സിപിഎം നേതാക്കളിലുണ്ടാക്കിയിരിക്കുന്ന ധിക്കാരത്തിന്റെയും അഹങ്കാരത്തിന്റെയും പ്രതിഫലനമാണിത്. ഇനിയും കേസെടുക്കമെന്ന് പാർട്ടി സെക്രട്ടറി പറയുന്നു. പാർട്ടി സെക്രട്ടറിയെ അല്ല ഇവിടെ ഭരിക്കാൻ എൽപ്പിച്ചിരിക്കുന്നത്, മുഖ്യമന്ത്രിയെ ആണ്. പാർട്ടിയുടെ കുട്ടി സഖാക്കൾക്കെതിരായി ആരെങ്കിലും സംസാരിച്ചാൽ അവർ ചെയ്യുന്ന കൊടുംപാതകങ്ങൾക്ക് കുടപിടിച്ചുകൊടുക്കുന്ന സമീപനമാണ് സർക്കാർ സ്വീകരിക്കുന്നത്. മുഖ്യമന്ത്രി പിണറായി വിജയൻ ഭീരുവാണ്. ഇതുപോലെ ഭീരുവായ മുഖ്യമന്ത്രി കേരളം ഭരിച്ചിട്ടില്ല. അദ്ദേഹത്തിനെതിരായി ആരെങ്കിലും സമരം ചെയ്താൽ തീവ്രവാദിയെന്നും മാവോയിസ്റ്റെന്നും അർബൻ നക്സലൈറ്റെന്നും പറയും” – സതീശൻ ആരോപിച്ചു
എഴുതാത്ത പരീക്ഷ ‘വിജയിച്ച’ സംഭവത്തിൽ ഗൂഢാലോചന ആരോപിച്ച് എസ്എഫ്ഐ സംസ്ഥാന പ്രസിഡന്റ് പി.എം.ആർഷോ നൽകിയ പരാതിയിൽ വാർത്ത റിപ്പോർട്ട് ചെയ്ത മാദ്ധ്യമപ്രവർത്തകയടക്കം 5 പേരെ പ്രതിയാക്കി പൊലീസ് കേസെടുത്തതിന്റെ പശ്ചാത്തലത്തിലാണ് പ്രതിപക്ഷ നേതാവിന്റെ പ്രതികരണം

