Monday, May 20, 2024
spot_img

കവളപ്പാറ ഉരുൾപൊട്ടല്‍: പതിനാറാം ദിവസവും കാണാതായ 11 പേർക്കായുള്ള തിരച്ചില്‍ തുടരുന്നു

മലപ്പുറം: കവളപ്പാറയില്‍ ഉരുൾപൊട്ടലിൽ കാണാതായ ബാക്കിയുള്ളവരെ കണ്ടെത്താനാവുമെന്ന പ്രതീക്ഷയിലാണ് ഇവിടെയുള്ളവര്‍ . ഉരുള്‍പൊട്ടലുണ്ടായ സ്ഥലത്തും പരിസരങ്ങളിലുമായി കഴിഞ്ഞ ദിവസങ്ങളിലായി നടത്തിയ തെരച്ചിലിൽ മൃതദേഹങ്ങള്‍ ഒന്നും തന്നെ കണ്ടെത്താൻ കഴിഞ്ഞിട്ടില്ല. യന്ത്രക്കൈകള്‍ വകഞ്ഞുമാറ്റുമ്പോള്‍ മണ്ണില്‍ തെളിയുന്ന അവശേഷിപ്പുകളില്‍ ഉറ്റവരുടെ അടയാളങ്ങളുണ്ടോ എന്ന് തിരയുകയാണ് കവളപ്പാറയിലെ ജനങ്ങള്‍ .ദുരന്തത്തിന്‌ ശേഷം പതിനാറാം ദിവസവും പ്രിയപ്പെട്ടവരെ തേടുകയാണ് ഇവര്‍. മണ്ണിടിച്ചിലില്‍ കാണാതായവരില്‍ ഇനിയും കണ്ടെത്താന്‍ ബാക്കിയായ 11 പേര്‍ക്കായി തെരച്ചില്‍ തുടര്‍ച്ചയായ നാലാം ദിവസവും ഫലം കണ്ടില്ല.

59 പേര്‍ കാണാമറയത്തായ ഉരുള്‍പൊട്ടല്‍ ദുരന്തത്തില്‍ 48 പേരുടെ മൃതദേഹം ഇതിനകം കണ്ടെടുത്തു. ജിഷ്ണ (21), ശ്യാംരാജ് (15), കാര്‍ത്തിക് (15), കമല്‍ (13), ഒടുക്കന്‍ കുട്ടി (50), ശ്രീലക്ഷ്മി (14), ഇമ്ബിപ്പാലന്‍ (69), സുബ്രഹ്മണ്യന്‍ (30), പെരകന്‍ (65), സുജിത്ത് (19), ശാന്തകുമാരി (37) എന്നിവരെ ഇനിയും കണ്ടെത്താനായിട്ടില്ല.ബന്ധുക്കള്‍ പറയുംവരെ തെരച്ചില്‍ തുടരും

എട്ടിനാണ് ഭൂദാനം കവളപ്പാറ റോഡിന് തെക്കുഭാഗത്തെ മുത്തപ്പന്‍ മല ഇടിഞ്ഞിറങ്ങിയത്. അഗ്നിരക്ഷാ സേനയും ദുരന്തനിവാരണ സേനയുമാണ്‌ തെരച്ചില്‍ നടത്തുന്നത്‌. ഒപ്പം മലപ്പുറം ജില്ലാ ഫയര്‍ ഓഫീസര്‍ മൂസ വടക്കേതില്‍, പാലക്കാട് ജില്ലാ ഓഫീസര്‍ അരുണ്‍ ഭാസ്കര്‍ എന്നിവരും 10 സ്റ്റേഷന്‍ ഓഫീസര്‍മാരും സേനക്കൊപ്പമുണ്ട്.15 അംഗങ്ങള്‍വീതം ആറ് മേഖലയായി തിരിച്ചാണ് തെരച്ചില്‍. ഡെപ്യൂട്ടി കമാന്‍ഡന്റ് വിനോയ് ജോസഫിന്റെ നേതൃത്വത്തില്‍ ദുരന്തനിവാരണ സേനയുടെ 80 അംഗ സംഘവും തെരച്ചില്‍ നടത്തുന്നുണ്ട്‌. ഹൈദരബാദിലെ ജിയോഫിസിക്കല്‍ റിസര്‍ച്ച്‌ ഇന്‍സ്റ്റിറ്റ്യൂട്ടില്‍നിന്ന് ശാസ്ത്രജ്ഞര്‍ ഗ്രൗണ്ട് പെനിട്രേറ്റിങ് റഡാറിലൂടെയും പരിശോധന നടത്തിയിരുന്നു.

Related Articles

Latest Articles