ബേപ്പൂർ : കൊളംബോയിലേക്കുള്ള യാത്രയ്ക്കിടെ കടുത്ത ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ട കപ്പൽ ജീവനക്കാരനെ തീരസംരക്ഷണ സേന ഹെലികോപ്റ്റർ ഉപയോഗിച്ച് എയർ ലിഫ്റ്റ് ചെയ്ത് ആശുപത്രിയിൽ എത്തിച്ചു. 6000 മെട്രിക് ടൺ ഫർണസ് ഓയിലുമായി യുഎഇയിലെ ഖോർഫക്കാൻ തുറമുഖത്തുനിന്നു കൊളംബോയിലേക്ക് പോകുകയായിരുന്ന ഗ്ലോബൽ സ്റ്റാർ എന്ന കപ്പലിലെ പാചകക്കാരനായ പ്രദീപ് ദാസിനെയാണ് കൊച്ചിയിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.
യാത്രയ്ക്കിടെ ബേപ്പൂർ പുറംകടലിൽ 53 നോട്ടിക്കൽ മൈൽ എത്തിയപ്പോഴാണ് ജീവനക്കാരന് കടുത്ത ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടത്. കപ്പൽ അധികൃതർ വിവരം കോസ്റ്റ് ഗാർഡിനെ അറിയിക്കുകയും കപ്പൽ നങ്കൂരമിടുകയും ചെയ്തു. സന്ദേശം കിട്ടിയതോടെ ഉടനടി കൊച്ചിയിൽനിന്നു കോസ്റ്റ് ഗാർഡ് ഹെലികോപ്റ്റർ എത്തിയാണു ഇയാളെ രക്ഷിച്ചത്.

