Tuesday, May 14, 2024
spot_img

മുൻപ് അഫ്ഗാനിൽ വാര്‍ത്താവിനിമയ, സാങ്കേതിക മന്ത്രി; ഇപ്പോള്‍ ജർമ്മനിയിൽ പിസ ഡെലിവറി ബോയ്; സയ്യിദ് അഹമ്മദ് ഷാ സാദത്തിന്റെ ലളിതമായ ജീവിതം

ബെര്‍ലിന്‍: അഫ്ഗാനിലെ മുന്‍ മന്ത്രി ഇപ്പോള്‍ ജര്‍മനിയില്‍ പിസ ഡെലിവറി ബോയ്. 2018 മുതല്‍ 2020 വരെ അഷ്‌റഫ് ഗനി സർക്കാരിൽ വാര്‍ത്താവിനിമയ, സാങ്കേതിക മന്ത്രിയായി പ്രവര്‍ത്തിച്ചിരുന്ന സയ്യിദ് അഹമ്മദ് ഷാ സാദത്ത് ജര്‍മനിയിലെ ലീപ്സിഗ് നഗരത്തില്‍ ഉപജീവനത്തിനായി ഭക്ഷണ വിതരണക്കാരനായി ജോലി ചെയ്യുന്നതിന്റെ ചിത്രങ്ങള്‍ അന്താരാഷ്‌ട്ര മാധ്യമമായ അല്‍-ജസീറ അറേബ്യയാണ് ട്വിറ്ററില്‍ പങ്കുവെച്ചത്. പ്രചരിക്കുന്നത് തന്‍റെ ഫോട്ടോകളാണെന്ന് അദ്ദേഹം സ്ഥിരീകരിച്ചതായി സ്‌കൈ ന്യൂസും റിപോര്‍ട് ചെയ്‌തു.

അഷ്‌റഫ് ഗനിയുമായുള്ള അഭിപ്രായ വ്യത്യാസത്തെ തുടര്‍ന്ന് അഹമ്മദ് ഷാ മന്ത്രി സ്ഥാനം രാജിവെക്കുകയും തുടർന്ന് ജര്‍മ്മനിയിലേക്ക് കുടിയേറുകയും ആയിരുന്നുവെന്ന് പറയുന്നു. എന്നാല്‍ സാമ്പത്തിക ബുദ്ധിമുട്ടുകളെ തുടര്‍ന്ന് അധികകാലം അദ്ദേഹത്തിന് പിടിച്ചു നില്‍ക്കാന്‍ ആയില്ലെന്നും ഉപജീവനത്തിനായി ഒരു ജോലി കണ്ടെത്തുകയല്ലാതെ മറ്റ് വഴിയില്ലാതെ വന്നപ്പോള്‍, ഒരു പിസ ഡെലിവറി ബോയ് ആയി ജോലി ചെയ്യാന്‍ തുടങ്ങുകയായിരുന്നുവെന്നുമാണ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്

അതേസമയം അഹമ്മദ് ഷാ ഓക്സ്ഫോര്‍ഡ് സര്‍വകലാശാലയില്‍ നിന്ന് രണ്ട് ബിരുദാനന്തര ബിരുദങ്ങള്‍ നേടിയിട്ടുണ്ട്. ഒന്ന് ഇലക്‌ട്രോണിക് എഞ്ചിനീയറിംഗിലായിരുന്നു. 2005 മുതല്‍ 2013 വരെ കമ്യൂണിക്കേഷൻസ് ആന്‍ഡ് ഇന്‍ഫര്‍മേഷന്‍ ടെക്നോളജി മന്ത്രിയുടെ മുഖ്യ സാങ്കേതിക ഉപദേഷ്ടാവ് ഉള്‍പെടെ നിരവധി സുപ്രധാന പദവികള്‍ അദ്ദേഹം വഹിച്ചിരുന്നു.

‘ഞാന്‍ വളരെ ലളിതമായ ജീവിതമാണ് നയിക്കുന്നത്. ജര്‍മനിയില്‍ സുരക്ഷിതത്വം തോന്നുന്നു. ലീപ്സിഗില്‍ എന്റെ കുടുംബത്തോടൊപ്പമുള്ളതില്‍ എനിക്ക് സന്തോഷമുണ്ട്. പണം സമ്പാദിക്കാനും ഒരു ജര്‍മന്‍ കോഴ്സ് ചെയ്യാനും കൂടുതല്‍ പഠിക്കാനും ആഗ്രഹമുണ്ട്’ എന്ന് അഹമ്മദ് ഷാ പറഞ്ഞതായി പ്രമുഖ മാധ്യമങ്ങൾ പുറത്ത് വിട്ടിട്ടുണ്ട്.

പ്രത്യേക അറിയിപ്പ്: കോവിഡ് മഹാമാരിയുടെ രണ്ടാം വരവിന്റെ കാലത്ത് എല്ലാവരും മാസ്ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹിക അകലം പാലിച്ചും വാക്‌സിൻ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് തത്വമയി ന്യൂസ് അഭ്യർത്ഥിക്കുന്നു. ഓർക്കുക ഒന്നിച്ചു നിന്നാൽ നമുക്കീ മഹാമാരിയെ തോൽപ്പിക്കാനാവും. “സർക്കാർ നിർദ്ദേശങ്ങൾ പാലിക്കാം, നമുക്ക് മഹാമാരിയെ ഒന്നിച്ചു നേരിടാം”. വാക്സിന് എടുത്തും, സാമൂഹിക അകലം പാലിച്ചും, മാസ്ക് ധരിച്ചും ഈ മഹാമാരിയെ നമുക്ക് എത്രയുംവേഗം വേരോടെ പിഴുതെറിയാം. #BreakTheChain #CovidBreak #IndiaFightsCorona

Related Articles

Latest Articles