Saturday, December 13, 2025

മലപ്പുറത്ത് ഭീതി പരത്തി ഭൂമിക്കടിയിൽ നിന്ന് സ്ഫോടന ശബ്ദം: പ്രദേശവാസികളെ ഒഴിപ്പിച്ചു

മലപ്പുറം: നിലമ്പൂരിനടുത്ത് പോത്തുകല്ല് പഞ്ചായത്തിലെ ആനക്കല്ല് ഭാഗത്ത് ഭൂമിക്കടിയില്‍ നിന്നും സ്‌ഫോടന ശബ്ദം കേട്ടതായി നാട്ടുകാര്‍. ആനക്കല്ല് നഗറിലെ 2 വീടുകള്‍ക്കും മുറ്റത്തും വിള്ളലുണ്ടായി. ചൊവ്വാഴ്ച രാത്രി പത്തുമണിയോടെയാണ് പ്രദേശവാശികളെ പരിഭ്രാന്തരാക്കികൊണ്ട് ഭൂമിക്കടിയിൽ നിന്ന് സ്ഫോടന ശബ്ദംകേട്ടത്. ആനക്കല്ല് നഗറിലുള്ള ജനങ്ങളെ പോത്തുകല്ല് ഞെട്ടിക്കുളം എയുപി സ്കൂളിലേക്ക് മാറ്റി. തരിപ്പനുഭവപ്പെട്ടതോടെ വീട്ടുകാര്‍ പലരും പുറത്തേക്കിറങ്ങിയോടി. ഇന്നലെ രാത്രി ഒന്‍പതരയോടെയാണ് സംഭവം.

ഒരു കിലോമീറ്റര്‍ ചുറ്റളവില്‍ ശബ്ദം കേട്ടതായി പ്രദശവാസികള്‍ പറഞ്ഞു. പോത്തുകല്ല് വില്ലേജ് ഓഫിസര്‍ കെ.പി.വിനോദ്, പഞ്ചായത്ത് സെക്രട്ടറി എ.ഷക്കീല, പഞ്ചായത്ത് അംഗങ്ങളായ നാസര്‍ സ്രാമ്പിക്കല്‍, സലൂബ് ജലീല്‍, ഓമന നാലോടി, മുസ്തഫ പാക്കട എന്നിവരും പൊലീസും സ്ഥലത്തെത്തി. ഇവര്‍ വീട്ടുകാരുമായി വിവരങ്ങള്‍ അന്വേഷിക്കുന്നതിനിടെ 10.45നും തരിപ്പ് അനുഭവപെട്ടതായി പറയുന്നു. ചില വീടുകള്‍ക്ക് വിള്ളലുണ്ടായിട്ടുണ്ട്. ഏതാനും വീടുകളുടെ മുറ്റത്തും വിള്ളലുണ്ട്. തരിപ്പ് അനുഭവപ്പെട്ടതോടെ ഭയന്നുപോയ പ്രദേശത്തെ നൂറുകണക്കിനാളുകള്‍ വീടുകളില്‍നിന്ന് പുറത്തേക്കിറങ്ങി ഓടുകയായിരുന്നു.

രണ്ടാഴ്ച മുന്‍പും സമാനമായ രീതിയില്‍ സ്‌ഫോടന ശബ്ദം ഉണ്ടായിരുന്നു. വില്ലേജ് അധികൃതര്‍ നല്‍കിയ റിപ്പോര്‍ട്ടിനെ തുടര്‍ന്ന് മൈനിങ് ആന്‍ഡ് ജിയോളജി അധികൃതരെത്തി പരിശോധന നടത്തിയിരുന്നു. എന്നാൽ ഭൂമികുലുക്കം ഉണ്ടായിട്ടില്ലെന്നാണ് അധികൃതര്‍ അറിയിച്ചത്.

Related Articles

Latest Articles