തൃശ്ശൂർ: ചാലക്കുടിയിലെ ബ്യൂട്ടി പാർലർ ഉടമ ഷീല സണ്ണിയെ മാരക ലഹരിമരുന്നായ എൽഎസ്ഡി സ്റ്റാംപ് കൈവശം വച്ചെന്നു കണ്ടെത്തി 72 ദിവസം ജയിലിലടച്ച സംഭവത്തിൽ പ്രധാന പ്രതിയെ കണ്ടെത്തി.
ഷീലാ സണ്ണിയുടെ അടുത്ത സുഹൃത്തായ നാരായണ ദാസാണ് ഷീലയെ കുടുക്കുന്നതിനായി എക്സൈസ് ഉദ്യോഗസ്ഥര്‍ക്ക് വിവരം നൽകിയതെന്ന് കണ്ടെത്തി. ഇയാളെ പോലീസ് കേസിൽ പ്രതി ചേർത്തു. ചോദ്യം ചെയ്യലിനു ഹാജരാകാൻ നാരായണദാസിന് നിർദ്ദേശം നൽകി. ഇതുമായി ബന്ധപ്പെട്ട് ക്രൈംബ്രാഞ്ച് എസിപി തൃശ്ശൂർ സെഷൻസ് കോടതിയിൽ റിപ്പോർട്ട് നൽകി.
മാരക ലഹരിമരുന്നായ എൽഎസ്ഡി സ്റ്റാംപ് കൈവശം വച്ചിരുന്നെന്ന് കാണിച്ചാണ് ഷീലാ സണ്ണിയെ എക്സൈസ് അറസറ്റ് ചെയ്ത് 72 ദിവസം ജയിലിലടച്ചത്. പിന്നീട് നടത്തിയ രാസപരിശോധനയിൽ ഷീലയുടെ ബാഗിൽ നിന്ന് കണ്ടെത്തിയത് എൽഎസ്ഡി സ്റ്റാംപ് അല്ലെന്ന് തെളിഞ്ഞു. എന്നാൽ പരിശോധനാഫലം എക്സൈസ് സംഘം മറച്ചു വെച്ചു. റിപ്പോര്‍ട്ട് പുറത്തായതോടെ ഷീലാ സണ്ണി ഹൈക്കോടതിയെ സമീപിച്ച് കേസ് റദ്ദാക്കി. അതിന് ശേഷമാണ് വ്യാജ സന്ദേശം നൽകിയ വ്യക്തിയെ കുറിച്ചുള്ള അന്വേഷണം ആരംഭിച്ചത്.

