Wednesday, December 24, 2025

മദ്യം നൽകിയില്ല; ബാറിന് മുൻപിൽ വാൾ വീശി; തലസ്ഥാനത്ത് വീണ്ടും ഗുണ്ടാ ആക്രമം

തിരുവനന്തപുരം: തലസ്ഥാനത്ത് വീണ്ടും ഗുണ്ടാ ആക്രമം. തിരുവനന്തപുരം മ്യൂസിയം ജംഗ്ഷന് സമീപത്തെ ബാറിന് മുന്നിലാണ് ഗുണ്ടാസംഘം ഭീകരാന്തരീക്ഷം സൃഷ്ടിച്ചത്. ബാറിൽ നിന്നും മദ്യം നൽകാത്തതിനെ തുടർന്നുണ്ടായ തര്‍ക്കത്തിന് പിന്നാലെ സംഘം വാൾ വീശുകയായിരുന്നു. തിരുവനന്തപുരം മ്യൂസിയം പോലീസ് സ്റ്റേഷനും നന്ദാവനം പോലീസ് ക്യാംപിനും സമീപത്തുള്ള ബാറിനു മുന്നിലാണ് ഗുണ്ടകളുടെ പ്രകടനം നടന്നത്.

ബാറുകളുടെ പ്രവര്‍ത്തസമയം കഴിഞ്ഞെത്തിയ ആക്രമികൾ മദ്യം ആവശ്യപ്പെട്ടെങ്കിലും ബാറിലെ ജീവനക്കാരും സെക്യൂരിറ്റി ജീവനക്കാരും ഇവരെ അകത്തേക്ക് പ്രവേശിപ്പിക്കാനോ മദ്യം നൽകാനോ തയ്യാറായില്ല. തുടർന്നായിരുന്നു ഗുണ്ടകൾ വാൾ വീശി ഭീതി സൃഷ്ട്ടിച്ചത്.

സംഭവത്തിൽ അന്വേഷണം ആരംഭിച്ചെന്നും പ്രതികളെ തിരിച്ചറിയാനുള്ള ശ്രമത്തിലാണെന്നും മ്യൂസിയം സിഐ അറിയിച്ചു. എകെജി സെൻ്റര്‍ ബോംബാക്രമണത്തിന് ശേഷം തിരുവനന്തപുരം നഗരത്തിൽ പോലീസ് പട്രോളിംഗും ചെക്കിംഗും സജീവമാണ്.

Related Articles

Latest Articles