Thursday, May 2, 2024
spot_img

മഴക്കെടുതി; പമ്പാ നദിയുടെയും കക്കാട്ടാറിന്റെയും സമീപം താമസിക്കുന്നവർക്കും പൊതുജനങ്ങൾക്കും ജാഗ്രതാ നിര്‍ദേശം നൽകി കളക്ടർ ദിവ്യ എസ് അയ്യര്‍

പത്തനംതിട്ട: കെഎസ്ഇബി ലിമിറ്റഡിന്റെ ശബരിഗിരി ജലവൈദ്യുത പദ്ധതിയുടെ ഭാഗമായ പമ്പ റിസര്‍വോയറിന്റെ പരമാവധി ജലനിരപ്പ് 986.33 മീറ്ററാണ്. പമ്പ ഡാമിന്റെ നീല, ഓറഞ്ച്, റെഡ് അലര്‍ട്ടുകള്‍ പ്രഖ്യാപിക്കുന്നത് യഥാക്രമം 982 മീറ്റര്‍, 983.50 മീറ്റര്‍, 984.50 മീറ്റര്‍ ജലനിരപ്പില്‍ എത്തിച്ചേരുമ്പോഴാണ്. ഇന്ന് വൈകിട്ട് 3.30ന് റിസര്‍വോയറിന്റെ ജലനിരപ്പ് 982 മീറ്ററില്‍ എത്തിയിട്ടുണ്ട്. വൃഷ്ടിപ്രദേശത്ത് മഴയുള്ളതിനാല്‍ റിസര്‍വോയറിലേക്കുള്ള നീരൊഴുക്ക് ശക്തമായിട്ടുണ്ട്. കാലാവസ്ഥാ പ്രവചനം അനുസരിച്ച് വൃഷ്ടിപ്രദേശത്ത് ശക്തമായ മഴ തുടരാന്‍ സാധ്യതയുള്ളതാണ്. റിസര്‍വോയറിലെ അധികജലം സ്പില്‍വേയിലൂടെ ഒഴുക്കി വിടുന്ന നടപടിയുടെ ഭാഗമായി കെഎസ്ഇബി അണക്കെട്ട് സുരക്ഷാ വിഭാഗം ഇന്ന്(5822) വൈകിട്ട് 3.30 മുതല്‍ ആദ്യഘട്ട മുന്നറിയിപ്പായ നീല അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുള്ളതാണ്.

ഈ സാഹചര്യത്തില്‍ പമ്പാ നദിയുടെയും കക്കാട്ടാറിന്റെയും ഇരുകരകളില്‍ താമസിക്കുന്നവരും പൊതുജനങ്ങളും ജാഗ്രത പുലര്‍ത്തണമെന്ന് ജില്ലാ കളക്ടറും ജില്ലാ ദുരന്തനിവാരണ അതോറിറ്റി ചെയര്‍പേഴ്സണുമായ ഡോ. ദിവ്യ എസ് അയ്യര്‍ അറിയിച്ചു. റിസര്‍വോയറിലെ ജലനിരപ്പ് 983.50 മീറ്റര്‍ എത്തിച്ചേരുന്ന സാഹചര്യത്തില്‍ ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിക്കും. സംസ്ഥാന ദുരന്തനിവാരണ അതോറിറ്റി പ്രസിദ്ധീകരിച്ചിട്ടുള്ള ഓറഞ്ച് ബുക്കിലെ നിര്‍ദേശങ്ങള്‍ക്ക് അനുസൃതമായി വാര്‍ത്ത പത്ര, ദൃശ്യ, ശ്രവ്യ മാധ്യമങ്ങള്‍ വഴി പ്രസിദ്ധീകരിക്കും.

ജലനിരപ്പ് 984.50 മീറ്റര്‍ എത്തിച്ചേരുന്ന സാഹചര്യത്തില്‍ റെഡ് അലര്‍ട്ട് പ്രഖ്യാപിക്കും. സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി പ്രസിദ്ധീകരിച്ചിട്ടുള്ള ഓറഞ്ച് ബുക്കിലെ നിര്‍ദേശങ്ങള്‍ക്കനുസൃതമായി വാര്‍ത്ത പത്ര, ദൃശ്യ, ശ്രവ്യ മാധ്യമങ്ങള്‍ വഴി പ്രസിദ്ധീകരിക്കുന്നതും മൈക്ക് അനൗണ്‍സ്മെന്റ് നടത്തുന്നതും താഴ്ന്ന പ്രദേശങ്ങളില്‍ നിന്നും ജനങ്ങളെ പൂര്‍ണമായും ഒഴിപ്പിച്ച് ദുരിതാശ്വാസ ക്യാമ്പിലേക്ക് മാറ്റുന്നതുമാണ്.

Related Articles

Latest Articles