വാഷിങ്ടൻ ഡിസി : യെമനിലെ ഹൂതി വിമതരെ വീണ്ടും ഭീകര സംഘടനകളുടെ പട്ടികയിൽ ഉൾപ്പെടുത്തി ട്രമ്പ് ഭരണകൂടം. ഇന്നലെ പുറത്തിറങ്ങിയ എക്സിക്യൂട്ടീവ് ഉത്തരവിലാണ് ഇക്കാര്യം ഉൾപ്പെടുത്തിയിരിക്കുന്നത്. സ്ഥിതിഗതികൾ മനസ്സിലാക്കി 30 ദിവസത്തിനകം സ്റ്റേറ്റ് സെക്രട്ടറി റിപ്പോർട്ട് സമർപ്പിക്കണം. പിന്നാലെ 15 ദിവസത്തിനകം ആവശ്യമായ നടപടികൾ സ്വീകരിക്കണം. ആദ്യ ട്രമ്പ് ഭരണകൂടത്തിന്റെ കാലത്തും ഹൂതികളെ വിദേശ ഭീകര സംഘടനയായി പ്രഖ്യാപിച്ചിരുന്നു. എന്നാൽ മാനുഷിക പ്രശ്നങ്ങൾ ചൂണ്ടിക്കാട്ടി ബൈഡൻ ഭരണകൂടം ഇത് റദ്ദാക്കി. പിന്നീട് ചെങ്കടലിലെ കപ്പലുകൾക്കു നേരെയുണ്ടായ ആക്രമണത്തെത്തുടർന്ന് കഴിഞ്ഞ ജനുവരിയിൽ സ്പെഷലി ഡെസിഗ്നേറ്റഡ് ഗ്ലോബൽ ടെററിസ്റ്റ് (എസ്ഡിജിടി) എന്ന പട്ടികയിൽ ബൈഡൻ ഭരണകൂടം ഹൂതികളെ ഉൾപ്പെടുത്തിയിരുന്നു.
വടക്കൻ യെമനിലെ സാദ പ്രാവശ്യയിലാണ് ഷിയ-സെയ്ദി ന്യൂനപക്ഷ വിഭാഗത്തിൽപ്പെട്ട ഹൂതികൾ ആദ്യമായി സ്വാധീനമുറപ്പിക്കുന്നത്. യെമനിൽ നടന്നുകൊണ്ടിരിക്കുന്ന ആഭ്യന്തരയുദ്ധത്തിനിടയിൽ കഴിഞ്ഞ കുറേ വർഷങ്ങളായി ഗണ്യമായ ശക്തിയും സ്വാധീനവും ഇവർ നേടിയിട്ടുണ്ട്. ഇറാൻ്റെ ധനസഹായവും ആയുധങ്ങളും പരിശീലനവും ഹൂതികൾക്ക് ലഭിക്കുന്നുണ്ട്. ഇത് പ്രാദേശിക സ്ഥിരതയ്ക്കും ആഗോള സുരക്ഷയ്ക്കും വെല്ലുവിളി ഉയർത്തുന്നുണ്ട് . നിലവിൽ യെമൻ്റെ ഏകദേശം മൂന്നിലൊന്ന് പ്രദേശവും രാജ്യത്തെ ജനസംഖ്യയുടെ മൂന്നിൽ രണ്ട് ഭാഗവും നിയന്ത്രിക്കുന്നത് ഹൂതികളാണ്. ഇസ്രയേൽ- ഹമാസ് യുദ്ധം നടന്നുകൊണ്ടിരിക്കെ 2023 അവസാനം മുതൽ, ഹൂതി ഭീകരർ ഇസ്രായേലിനും ചെങ്കടലിലെ കപ്പലുകൾക്കും നേരെ ആക്രമണം നടത്തിയിരുന്നു

