Sunday, December 21, 2025

ബി.എസ്.എൻ.എല്ലിനെ കൈപിടിച്ചുയർത്താനൊരുങ്ങി കേന്ദ്ര സർക്കാർ;4ജി/ 5ജി സ്‌പെക്ട്രം ഉള്‍പ്പടെ 89,047 കോടിയുടെ പുനരുദ്ധാരണ പാക്കേജിന് അനുമതി നൽകി കേന്ദ്രമന്ത്രി സഭ

ദില്ലി : നിലവിൽ സാമ്പത്തിക പ്രതിസന്ധിയിലൂടെ കടന്നുപോകുന്ന പൊതുമേഖല ടെലികോം സേവനദാതാവായ ബി.എസ്.എൻ.എല്ലിനെ കൈപിടിച്ചുയർത്താനൊരുങ്ങി കേന്ദ്ര സർക്കാർ. ഇതിനായി 89,047 കോടി രൂപയുടെ സാമ്പത്തിക പാക്കേജ് കേന്ദ്ര മന്ത്രിസഭ അനുവദിച്ചു. 4ജി/ 5ജി സ്‌പെക്ട്രം ഉള്‍പ്പടെയാണ് ഈ പാക്കേജ്. ബി.എസ്.എൻ.എല്ലിന്റെ അംഗീകൃത മൂലധനം 1,50,000 കോടിയില്‍നിന്ന് 2,10,000 കോടിയായി ഉയര്‍ത്തുമെന്നും സര്‍ക്കാര്‍ വൃത്തങ്ങൾ വ്യക്തമാക്കി.

22 സേവന മേഖലകളിലേക്കായി 700 MHz ബാന്റിലുള്ള 10 MHz സ്‌പെക്ട്രത്തിന് വേണ്ടിയുള്ള 46,338.60 കോടി രൂപ, 3300 MHz ബാന്റിലുള്ള 70 MHz സ്‌പെക്ട്രംത്തിന് വേണ്ടിയുള്ള 26184.20 കോടി രൂപ, 21 സേവന മേഖലകളിലേക്കായി 26 GHz ബാന്റിലുള്ള 800 മെഗാഹെര്‍ട്‌സ് സ്‌പെക്ട്രത്തിന് വേണ്ടിയും ഒരു സേവന മേഖലയിലേക്കായുള്ള 650 MHz സ്‌പെക്ട്രത്തിന് വേണ്ടിയുള്ള 6564.93 കോടി രൂപ, ആറ് സേവന മേഖലകളിലേക്കായി 20 MHz സ്‌പെക്ട്രത്തിനും രണ്ട് മേഖലകളിലേക്കായുള്ള 2500 MHz ബാന്റിലുള്ള 10 MHz സ്‌പെക്ട്രത്തിന് വേണ്ടിയും 9428.20 കോടി രൂപ തുടങ്ങിയവയാണ് കേന്ദ്ര മന്ത്രിസഭ അനുവദിച്ച സാമ്പത്തിക പാക്കേജിൽ ഉൾപ്പെടുത്തിയിരിക്കുന്നത്.

സ്‌പെക്ട്രം അനുവദിച്ചതോടെ ബി.എസ്.എൻ.എല്ലിന്‌ രാജ്യത്തുടനീളം 4ജി, 5ജി സേവനങ്ങളെത്തിക്കാന്‍ സാധിക്കും. 2019-ലാണ് സര്‍ക്കാര്‍ ബി.എസ്.എൻ.എല്ലിന്‌ 69000 കോടി രൂപയുടെ ആദ്യ പുനരുദ്ധാരണ പാക്കേജ് അനുവദിച്ചത്. 2022-ല്‍ 1.64 ലക്ഷം കോടി രൂപയുടെ പാക്കേജും അനുവദിച്ചു. ഇതിന്റെ ഫലമായി 2022 സാമ്പത്തിക വര്‍ഷം മുതല്‍ ബി.എസ്.എൻ.എല്ലിന്‌ പ്രവര്‍ത്തനലാഭം ലഭിച്ചു തുടങ്ങിയിരുന്നു.കമ്പനിയുടെ കടം 32,944 കോടി രൂപയില്‍നിന്നു 22,289 കോടിയായി കുറയുകയും ചെയ്തു.

Related Articles

Latest Articles