Wednesday, January 7, 2026

തെരുവുനായ ബൈക്കിന് കുറുകേ ചാടി, അപകടത്തിൽപ്പെട്ട് ചികിത്സയിലിരിക്കെ യുവാവ് മരിച്ചു

തിരുവനന്തപുരം: തെരുവ് നായ ബൈക്കിന് കുറുകേ ചാടി അപകടത്തിൽപെട്ട യുവാവ് മരിച്ചു. തിരുവനന്തപുരം കുന്നത്തുകാൽ, മൂവേരിക്കര റോഡരികത്ത് വീട്ടിൽ ശോഭനയുടെ മകൻ അജിൻ എ.എസ് (25) ആണ് മരിച്ചത്. അരുവിയോട് ജംഗ്ഷനിൽ വച്ച് അജിന്റെ വണ്ടിയുടെ കുറുകെ നായ ചാടുകയായിരുന്നു. തുടർന്നാണ് അപകടത്തിൽപ്പെട്ടത്.

വെള്ളിയാഴ്ച വൈകിട്ട് ആറുമണിക്കാണ് അപകടം ഉണ്ടായത്. അജിൻ സഞ്ചരിച്ച ബൈക്കിന് മുന്നിൽ പോയ ബൈക്കിന് കുറുകേ നായ ചാടി. ഇതോടെ മുന്നേ പോയ ബൈക്ക് വീണു. ഈ ബൈക്കിൽ ഇടിച്ച് അജിനും ബൈക്കും തെറിച്ചു വീണു.

വീഴ്ചയിൽ തലക്ക് ഗുരുതരമായി പരിക്കേറ്റ അജിനെ കാരക്കോണം മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു, ശസ്ത്രക്രിയ അടക്കം നടത്തിയെങ്കിലും അജിന്‍റെ ജീവൻ രക്ഷിക്കാനായില്ല. ഭാര്യ: നീതു, മകൾ: യുവാന.

Related Articles

Latest Articles