കരുനാഗപ്പള്ളി : കരുനാഗപ്പള്ളിയിലെ മാളിൽ പ്രവർത്തിക്കുന്ന സിനിമാ തിയറ്ററിൽ കത്തിയുമായി ആക്രമണം നടത്തിയ പ്രതി പിടിയിലായി. കുലശേഖരപുരം പുന്നക്കുളം കുറവൻതറ കിഴക്കതിൽ വീട്ടിൽ ഷെറീഫിന്റെ മകൻ മുഹമ്മദ് ആഷിഖ് (26) ആണ് പിടിയിലായത്. കഴിഞ്ഞ ദിവസം സിനിമ കാണാൻ എത്തിയ ഇയാൾ, മറ്റൊരാൾ ബുക്ക് ചെയ്ത സീറ്റിൽ ഇരിക്കാൻ ശ്രമിച്ചതിനെ തിയറ്റർ ജീവനക്കാർ എതിർത്തതാണ് കാരണമായത്. സ്വന്തം സീറ്റിൽ ഇരിക്കാൻ ആവശ്യപ്പെട്ട തിയറ്റർ ജീവനക്കാരെ ഇയാൾ കത്തിയുമായി ആക്രമിക്കുകയായിരുന്നു.
ഇയാൾ സീറ്റ് മാറിയിരിക്കുന്നത് കണ്ട തിയറ്ററിലെ ഡ്യൂട്ടി ഓഫിസർ സജിത് ഇയാളോട് മാറിയിരിക്കാൻ ആവശ്യപ്പെട്ടു. ഇതോടെ കയ്യിൽ കരുതിയിരുന്ന കത്തിയുമായി സജിത്തിനു നേരെ ചാടിവീണ ഇയാളെ, തിയറ്റർ ജീവനക്കാരായ അനീഷ്, അഭിജിത്, അഖിൽ എന്നീ യുവാക്കൾ തടയാൻ ശ്രമിച്ചു. ഇതോടെ പ്രകോപിതനായ ഇയാൾ മൂവരെയും കുത്തിപ്പരുക്കേൽപ്പിച്ചു.
സംഭവസ്ഥലത്തെത്തിയ പൊലീസ് സംഘം ആഷിഖിനെ കസ്റ്റഡിയിലെടുത്തു. പിന്നീട് അറസ്റ്റ് രേഖപ്പെടുത്തി. അനീഷിന്റെ പരാതിയിൽ ആഷിഖിനെതിരെ വധശ്രമത്തിന് കേസ് റജിസ്റ്റർ ചെയ്തു.

