Thursday, January 1, 2026

പൂരത്തിന് കൊഴുപ്പേകാൻ രാമനുണ്ടാകുമോ ?,തെച്ചിക്കോട്ടുകാവ് രാമചന്ദ്രന്റെ ആരോഗ്യക്ഷമത പരിശോധന ഇന്ന്

കൊച്ചി: തെച്ചിക്കോട്ട് രാമചന്ദ്രന്റെ ആരോഗ്യനില ഇന്ന് വിദഗ്ദ സംഘം പരിശോധിക്കും. ഇതിന് ശേഷമാകും എഴുന്നളളിപ്പിന് അനുമതി നല്‍കുന്ന കാര്യത്തില്‍ തീരുമാനമാവുക.

തൃശൂർ പൂരത്തിന് തെച്ചിക്കോട്ടുകാവ് രാമചന്ദ്രനെ പങ്കെടുപ്പിക്കാൻ തീരുമാനിക്കുകയാണെങ്കിൽ അതിന് കർശന നിബന്ധനകൾ വേണമെന്നാണ് നിയമോപദേശം. ആനയെ പങ്കെടുപ്പിക്കേണ്ട കാര്യത്തിൽ തീരുമാനം എടുക്കേണ്ടത് കലക്ടർ അധ്യക്ഷയായ ജില്ലാതല ഉൽസവ സമിതി തന്നെയാണന്നും നിയമോപദേശത്തിൽ പറയുന്നു. ആനയെ പങ്കെടുപ്പിക്കുന്ന കാര്യത്തിൽ തീരുമാനമെടുക്കാനുള്ള അധികാരം ഹൈക്കോടതി കലക്ടർക്ക് വിട്ട സാഹചര്യത്തിൽ തെച്ചിക്കോട്ടുകാവ് ദേവസ്വം കലക്ടർക്ക് നിവേദനം നൽകിയതിനെ തുടർന്നാണ് അഡീഷണൽ അഡ്വക്കേറ്റ് ജനറൽ രജ്ഞിത് തമ്പാൻ കലക്ടർക്ക് ശുപാർശ നൽകിയത്.

ആനയെ എഴുന്നെള്ളിക്കാൻ അനുവദിച്ചാൽ പൂർണ ഉത്തരവാദിത്തം ഉടമ ഏറ്റടുക്കണം എന്നതടക്കമുള്ളതാണ് നിബന്ധനകൾ. എല്ലാ മുൻകരുതലുകളും എടുക്കണം. ആനക്ക് ഇൻഷുറൻസും മറ്റ് അനുബന്ധ രേഖകളും ഉണ്ടന്ന് ഉറപ്പാക്കിയതിനു ശേഷമേ അനുമതി നൽകാവൂ. ആനക്ക് പ്രകോപനം ഉണ്ടാവാത്ത തരത്തിലുള്ള സുരക്ഷാ സന്നാഹം ഉറപ്പാക്കണം. കാണികളുമായി നിശ്ചിത അകലം പാലിക്കണം. അനുമതി നൽകുന്നുണ്ടെങ്കിൽ ഇത്തവണത്തെ പൂര വിളംബരത്തിന് മാത്രമായേ നൽകാവൂ. ഇത് മറ്റ് ഉത്സവങ്ങൾക്ക് ബാധകമാക്കരുതെന്നും അഡീഷണൽ എജി നിർദേശിച്ചിട്ടുണ്ട്.

Related Articles

Latest Articles