Wednesday, September 23, 2026

ചൂര്‍ണിക്കര വ്യാജരേഖ കേസ്: റവന്യു ഉദ്യോഗസ്ഥനെ വിജിലന്‍സ് ഇന്ന് ചോദ്യം ചെയ്യും

കൊച്ചി: ചൂര്‍ണിക്കര വ്യാജരേഖ കേസില്‍ തിരുവനന്തപുരം ലാന്‍ഡ് റവന്യൂ ഓഫീസ് ക്ലര്‍ക്ക് അരുണിനെ ഇന്ന് വിജിലന്‍സ് ചോദ്യം ചെയ്യും. നിവില്‍ പോലീസ് കസ്്റ്റഡിയിലാണ് അരുണുള്ളത്. യുഡിഎഫ് സര്‍ക്കാരിന്റെ കാലത്ത് റവന്യൂ മന്ത്രിയായിരിക്കെ തിരുവഞ്ചൂര്‍ രാധാകൃഷ്ണന്റെ പേഴ്‌സണല്‍ സ്റ്റാഫില്‍ അംഗമായിരുന്നു അരുണ്‍. ഇയാള്‍ ഇതിനു മുമ്പും സമാന തട്ടിപ്പുകള്‍ നടത്തിയിട്ടുണ്ടോ എന്നും പോലീസ് അന്വേഷിക്കുന്നുണ്ട്. അരുണിന്റെ അറസ്റ്റ് ഇന്ന് രേഖപ്പെടുത്തും. അതേസമയം കേസില്‍ ഇടനിലക്കാരനായ കാലടി സ്വദേശി അബുവിനെ ഇന്ന് കോടതിയില്‍ ഹാജരാക്കും. കഴിഞ്ഞ ദിവസമാണ് ഇയാള്‍ എറണാകുളം റൂറല്‍ പോലീസിന്റെ പിടിയിലായത്.

ഇടനനിലക്കാരന്‍ അബു പിടിയിലായതോടെയാണ് കേസില്‍ റവന്യുവിലെ ഉന്നത ഉദ്യാഗസ്ഥര്‍ക്കും പങ്കുണ്ടെന്ന വിവരം പുറത്തു വന്നത്. പിന്നീട് അബുവിന്റെ മൊഴിയുടെ അടിസ്ഥാനത്തില്‍ അരുണിനെ കസ്റ്റഡിയിലെടുക്കുകയായിരുന്നു. അരുണാണ് ചൂര്‍ണിക്കര വില്ലേജില്‍ 25സെന്റ് നിലം നികത്താനായി തയ്യാറാക്കിയ വ്യാജ ഉത്തരവില്‍ ലാന്‍ഡ് റവന്യൂ കമ്മീഷണറുടെ സീല്‍പതിപ്പിച്ചത്. രണ്ടു വര്‍ഷത്തോളം മുന്‍ മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്റെ പേഴ്‌സണല്‍ സ്റ്റാഫില്‍ അംഗമായിരുന്ന അരുണിനെ സ്വഭാവ ദൂഷ്യത്തെത്തുടര്‍ന്ന് സ്ഥാനത്ത് നിന്നും പുറത്താക്കുകയായിരുന്നെന്ന് തിരുവഞ്ചൂര്‍ പറഞ്ഞു.

അതേസമയം, വ്യാജ ഉത്തരവ് നിര്‍മിച്ചതില്‍ മുഖ്യ ഇടനിലക്കാരനായ കാലടി സ്വദേശി അബുവിനെ ആലുവ ഡിവൈഎസ്പിയുടെ നേതൃത്വത്തിലുളള സംഘം ഇന്നും ചോദ്യം ചെയ്യും. അബുവും അരുണും ഉള്‍പ്പെടുന്ന സംഘം നടത്തിയ മറ്റ് ഭൂമിയിടപാടുകളും പോലീസ് അന്വേഷിച്ചുവരികയാണ്. കേസുമായി ബന്ധപ്പെട്ട് കൂടുതല്‍ റവന്യൂ ഉദ്യോഗസ്ഥരുടെ അറസ്റ്റ് വരും ദിവസങ്ങളിലുണ്ടായേക്കും.

Related Articles

Latest Articles