ഛണ്ഡീഗഢ്: ഹരിയാണയില്‍ ബിജെപിയുമായി സഖ്യമുണ്ടാക്കിയതില്‍ പ്രതിഷേധിച്ച് ജനനായക് ജനതാ പാര്‍ട്ടിയില്‍ നിന്ന് മുന്‍ ബിഎസ്എഫ് ജവാന്‍ തേജ് ബഹാദൂര്‍ യാദവ് രാജിവെച്ചു. തിരഞ്ഞെടുപ്പില്‍ മുഖ്യമന്ത്രി മനോഹര്‍ ലാല്‍ ഖട്ടാറിനെതിരെ മത്സരിച്ചിരുന്നെങ്കിലും തേജ് ബഹാദൂര്‍ പരാജയപ്പെട്ടിരുന്നു.
ജവാന്മാര്‍ക്ക് മോശം ഭക്ഷണം നല്‍കി എന്ന വ്യാജ പരാതി സമൂഹമാധ്യന്മങ്ങളിൽ വീഡിയോ പ്രചരിപ്പിച്ചതിന് ബിഎസ്എഫ് പുറത്താക്കിയ തേജ് ബഹാദൂര്‍ സെപ്റ്റംബറിലാണ് ദുഷ്യന്ത് ചൗട്ടാലയുടെ സാന്നിധ്യത്തില്‍ ജെജെപിയില്‍ ചേര്‍ന്നത്.
ബിജെപിയുമായി സഖ്യമുണ്ടാക്കിയതിലൂടെ ദുഷ്യന്ത് ചൗട്ടാല ഹരിയാണയിലെ ജനങ്ങളെ വഞ്ചിച്ചുവെന്നും. ജെജെപി ബിജെപിയുടെ ബി ടീമായി മാറിയെന്നും അദ്ദേഹം പ്രതികരിച്ചു. 10 സീറ്റുകള്‍ നേടിയ ജെജെപി സര്‍ക്കാര്‍ രൂപീകരണത്തിന് ബിജെപിയെ പിന്തുണക്കുമെന്ന് പ്രഖ്യാപിച്ചിരുന്നു. ദുഷ്യന്ത് ചൗട്ടാലക്ക് ഉപമുഖ്യമന്ത്രി സ്ഥാനം വാഗ്ദ്ധാനം ചെയ്താണ് ജെജെപിയെ ബിജെപി ഒപ്പംകൂട്ടിയിരിക്കുന്നത്.

