കായംകുളം : കായംകുളം വ്യാജ സർട്ടിഫിക്കറ്റ് കേസിൽ മുൻ എസ്എഫ്ഐ നേതാവായിരുന്ന നിഖിൽ തോമസിനു മാത്രമേ വ്യാജ ഡിഗ്രി സർട്ടിഫിക്കറ്റ് നൽകിയിട്ടുള്ളൂ എന്ന അബിൻ സി.രാജിന്റെ മൊഴി പൂർണമായും ശരിയല്ലെന്നു സൂചന.
കായംകുളത്ത് കലിംഗ സർവകലാശാല ബിരുദക്കാർ ധാരാളമുണ്ടെന്നാണ് വിവരം. ഡിവൈഎഫ്ഐ കായംകുളം ചിറക്കടവം മേഖലാ ഭാരവാഹിയും സിപിഎം പ്രവർത്തകനുമായ യുവ നേതാവിന്റെ നിയമബിരുദ സർട്ടിഫിക്കറ്റ് ഇപ്പോൾ സമൂഹ മാദ്ധ്യമങ്ങളിലൂടെ വൻ തോതിൽ പ്രചരിക്കുകയാണ്. നിഖിൽ തോമസിനു സർട്ടിഫിക്കറ്റ് കിട്ടിയ അതേ കാലയളവിൽ തന്നെയാണ് ഇയാൾക്കും സർട്ടിഫിക്കറ്റ് ലഭിച്ചിരിക്കുന്നത് . എന്നാൽ ഇയാൾ ഈ സമയത്ത് ഇയാൾ കായംകുളത്തിനു പുറത്ത് പഠിക്കാൻ പോയതായി ആർക്കും വിവരമില്ല. കായംകുളത്തെ ചില സിപിഎം – ഡിവൈഎഫ്ഐ പ്രവർത്തകരുടെ ഫെയ്സ്ബുക് പ്രൊഫൈലുകളിൽ കലിംഗ സർവകലാശാലയിൽനിന്ന് കോഴ്സുകൾ പാസായതായി ചേർത്തിരുന്നു. നിഖിൽ തോമസിന്റെ കേസുണ്ടായതോടെ പലരും പ്രൊഫൈൽ എഡിറ്റ് ചെയ്തു
ഇതോടെ കൂടുതൽ പേർക്ക് വ്യാജ കലിംഗ സർട്ടിഫിക്കറ്റ് കിട്ടിയിട്ടുണ്ടാകും എന്ന് തന്നെ സംശയിക്കേണ്ടി വരും. എന്നാൽ ഇത് സംബന്ധിച്ച് പരാതികൾ ലഭിക്കാത്തതിനാൽ ഇത്തരക്കാരിലേക്ക് പോലീസ് അന്വേഷണം നീണ്ടിട്ടില്ല. കായംകുളം വ്യാജ ബിരുദ സർട്ടിഫിക്കറ്റ് കേസിൽ അറസ്റ്റിലായ നിഖിൽ തോമസും അബിൻ സി.രാജും സർട്ടിഫിക്കറ്റിനായി സമീപിച്ചത് ഓറിയോൺ സ്ഥാപനത്തെയാണെന്ന് അന്വേഷണ സംഘം കണ്ടെത്തിയിരുന്നു.പാലാരിവട്ടം, കലൂർ, തൃക്കാക്കര എന്നിവിടങ്ങളിൽ സ്ഥാപനം നടത്തിയിരുന്ന ഓറിയോൺ ഉടമ സജു ശശിധരനെതിരെ കൊച്ചിയിൽ നിലവിൽ 15 കേസുകളുണ്ട്.
മാൾട്ടയിൽ ജോലി വാഗ്ദാനം ചെയ്ത് 40 പേരിൽ നിന്നായി ഒരു ലക്ഷം വീതം തട്ടിയെടുത്തുവെന്ന കേസിൽ എറണാകുളം നോർത്ത് പോലീസും മഹാരാഷ്ട്രയിലെ യൂണിവേഴ്സിറ്റിയിൽനിന്നു ബിരുദം സംഘടിപ്പിച്ച നൽകാമെന്നു പറഞ്ഞ് പണം തട്ടിയ കേസിൽ പാലാരിവട്ടം പോലീസും സജുവിനെ മുമ്പ് അറസ്റ്റ് ചെയ്തിരുന്നു.
സജുവിനെ പിടികൂടിയാൽ ആർക്കൊക്കെയാണ് വ്യാജ സർട്ടിഫിക്കറ്റ് നൽകിയതെന്ന കാര്യത്തിൽ വ്യക്തത വരുത്താനാകുമെന്ന പ്രതീക്ഷയിലാണ് പോലീസ്

