Wednesday, May 1, 2024
spot_img

2016ന് ശേഷം കേരളത്തിൽ വിലക്കയറ്റം ഉണ്ടായിട്ടില്ല അല്ലെ സ്വരാജേ ? വലിച്ചുകീറി സോഷ്യൽ മീഡിയ !

അഴിമതിയില്ലാത്ത ഭരണം, വിലക്കയറ്റമില്ലാത്ത കേരളം ഇതായിരുന്നു ഇടത് സർക്കാർ അധികാരത്തിലേറുന്നതിനു മുൻപ് അവരുടെ പ്രധാന പ്രഖ്യാപിത ലക്ഷ്യം. എന്നാൽ ഈ വാഗ്ദാനങ്ങളെല്ലാം വെള്ളത്തിൽ വരച്ച വര പോലെയാണ് കേരളത്തിൽ കാര്യങ്ങൾ നടന്നു കൊണ്ടിരിക്കുന്നത്. കാരണം, എല്ലാ സാധനങ്ങൾക്കും വില കുതിക്കുകയാണ്. ഓണമെത്താൻ കഷ്ടിച്ച് ഇനി ഒരു മാസം പോലുമില്ല. വൈദ്യുതിക്കും വെള്ളത്തിനും ഇന്ധനത്തിനുമെല്ലാം സർക്കാർ വില കൂട്ടിയതിനു പുറമെയാണ് അവശ്യസാധനങ്ങളുടെ, വില മൂട്ടിൽ തീപിടിച്ച റോക്കറ്റു പോലെ പോകുന്നത്. എങ്ങനെ ജീവിക്കുമെന്ന് എത്തുംപിടിയുമില്ലാതെയാണ് സാധാരണക്കാർ ഓരോ ദിവസവും തള്ളിനീക്കുന്നത്. ഇപ്പോഴിതാ, മുൻ എം.എൽ.എ സ്വരാജ് ഒരിക്കൽ നിയമസഭയിൽ വിലക്കയത്തെക്കുറിച്ച് പറഞ്ഞ കാര്യങ്ങളാണ് വീണ്ടും ചർച്ചയാകുന്നത്.

കണ്ടല്ലോ, 2016 ൽ സി.പി.എം അധികാരത്തിലേറിയതിനു ശേഷം ആവശ്യ സാധനങ്ങളുടെ വില കൂടിയിട്ടുണ്ടോ എന്നാണ് സ്വരാജ് ചോദിക്കുന്നത്. ഒട്ടും കൂടിയിട്ടില്ല കേട്ടോ സഖാവെ…സാധാരണ ഓണച്ചന്തകളൊക്കെ സജീവമാകാറാകുമ്പോഴാണ് വിലക്കയറ്റമുണ്ടാകുന്നത്. എന്നാൽ, ഇത്തവണ ട്രെൻഡ് നേരത്തെ തുടങ്ങി. വേനലിൽ കൃഷിനാശമുണ്ടായെന്ന കാരണം പറഞ്ഞാണ് വിപണിയിൽ വില കുതിച്ചത്. അതേസമയം, മഴയത്ത് എല്ലാം ഒഴുകിപ്പോയി എന്ന കാരണമാകും അടുത്ത വിലക്കയറ്റത്തിനു പറയുക. സർക്കാരിന്റെ സാമ്പത്തികസ്ഥിതി ഏറ്റവും ഒടുവിൽ ബാധിക്കേണ്ടത് ഇവിടെത്തെ ഭക്ഷ്യസുരക്ഷയുടെ കാര്യത്തിലാണ്. എന്നാൽ ആ മേഖലയിൽ ആദ്യമേ പ്രശ്നമായി. മാവേലി സ്റ്റോറുകൾ മുഖേന വിൽക്കുന്ന 13ഇനം സാധനങ്ങൾക്ക് വില വർദ്ധിപ്പിക്കുന്ന പ്രശ്നമേയില്ലെന്ന് എൽ.ഡി.എഫ് പ്രകടന പത്രികയിൽത്തന്നെ ആവർത്തിച്ചതാണ്. വിലയൊന്നും കൂടിയിട്ടില്ല, പക്ഷേ, സാധനം ഇല്ല. മുളക്, ചെറുപയർ, സാമ്പാർ പരിപ്പ്, കടല, ഉഴുന്ന് തുടങ്ങിയ സബ്സിഡി സാധനങ്ങളൊന്നും മിക്കവാറും മാവേലി സ്റ്റോറുകളിലില്ല. സ‌ർക്കാരിന്റെ വിപണി ഇടപെടലിന്റെ നട്ടെല്ലാണ് സിവിൽ സപ്ലൈസ് കോർപ്പറേഷന്റെ മാവേലി സ്റ്റോറുകൾ.

കഴിഞ്ഞ രണ്ടുവർഷത്തെ വിപണി ഇടപെടലിനു മാത്രമായി 1432 കോടി രൂപയാണ് സപ്ലൈകോയ്ക്ക് സർക്കാർ നൽകാനുള്ളത്. കഴിഞ്ഞവർഷം വിപണി ഇടപെടലിന് അനുവദിച്ച 400 കോടി രൂപ മുഴുവൻ ഓണക്കിറ്റ് വിതരണത്തിനായി ചെലവാക്കുകയായിരുന്നു. സ്വന്തം വരുമാനത്തിൽ നിന്നാണ് കഴിഞ്ഞ വർഷത്തെ ഓണച്ചന്തയും ശേഷം വന്ന, വിഷു, റംസാൻ ചന്തകൾക്കും തുക കണ്ടെത്തിയത്. സപ്ലൈകോയ്ക്ക് സാധനമെത്തിക്കുന്ന സപ്ലൈയേഴ്സിന് കൊടുത്തു തീർക്കാനുള്ളത് 400 കോടിയാണ്. ഈ തുക ലഭ്യാമാകാത്തതു കാരണം ടെൻ‌ഡർ നടപടികളുമായി ആരും സഹകരിക്കുന്നില്ല. അതിന്റെ ഫലമായാണ് മാവേലി സ്റ്റോറുകളിൽ സബ്സിഡി സാധനങ്ങൾ മിക്കതും തീർന്നത്. അതേസമയം, സപ്ലൈകോയിൽ സാധനങ്ങൾ കിട്ടാതായാൽ പൊതുവിപണിയിൽ വില കുതിക്കും. 13ഇന സാധനങ്ങൾ സബ്സിഡി നിരക്കിൽ നൽകുന്നതിനു പുറമെ, മറ്റ് സാധനങ്ങൾ ശരാശരി 20 ശതമാനം വിലക്കുറവിലാണ് സപ്ലൈകോ വിൽക്കുന്നത്. കൂടാതെ, പച്ചക്കറിവില പിടിച്ചു നിറുത്തേണ്ട ഹോർട്ടികോർപ്പിന്റെ ഔട്ട്‌ ലെറ്റുകളിലാകട്ടെ പല പച്ചക്കറി ഇനങ്ങളും ഇല്ല. സഹകരണവകുപ്പിനു കീഴിലുള്ള കൺസ്യൂമർ ഫെഡിന്റെ അവസ്ഥയും ഇതൊക്കെത്തന്നെ. ഇനിയെങ്കിലും സർക്കാർ ഉണർന്ന് പ്രവർത്തിച്ചില്ലെങ്കിൽ ഓണക്കാലത്ത് ഭക്ഷ്യവസ്തുക്കളുടെ വിലക്കയറ്റം അതിരൂക്ഷമാകുമെന്ന് ഉറപ്പാണ്.

Related Articles

Latest Articles