Tuesday, December 23, 2025

നവീൻ ബാബു കൈക്കൂലി വാങ്ങിയതിന് തെളിവില്ല !! പി പി ദിവ്യ ചടങ്ങിനെത്തിയത് ആസൂത്രിതമെന്ന് മൊഴി ! ലാൻഡ് റവന്യൂ ജോ. കമ്മീഷണറുടെ റിപ്പോർട്ട് പുറത്ത് !

നവീൻ ബാബു കൈക്കൂലി വാങ്ങിയതിന് തെളിവില്ലെന്ന് ലാൻഡ് റവന്യു ജോയിൻറ് കമ്മീഷണറുടെ റിപ്പോർട്ട്. പി പി ദിവ്യ യാത്ര അയപ്പ് ചടങ്ങിനെത്തിയത് ആസൂത്രിതമാണെന്നും നവീൻബാബുവിൻറ മരണത്തെകുറിച്ച് അന്വേഷിച്ച ലാൻഡ് റവന്യു ജോയിൻറ് കമ്മീഷണറുടെ റിപ്പോർട്ടിൽ മൊഴിയുണ്ട്.

പരിപാടി ചിത്രീകരിക്കാന്‍ ആവശ്യപ്പെട്ടതും ദൃശ്യങ്ങള്‍ കൈപ്പറ്റിയതും ദിവ്യയാണെന്ന് പ്രാദേശിക ചാനലായ കണ്ണൂര്‍വിഷന്‍ പ്രതിനിധികള്‍ ലാന്‍ഡ് റവന്യൂ ജോയിന്റ് കമ്മിഷണര്‍ക്ക് മൊഴി നല്‍കി. പെട്രോള്‍ പമ്പിന്റെ അനുമതിക്കായി നവീന്‍ ബാബു കൈക്കൂലി വാങ്ങിയതിന് തെളിവില്ലെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. ചടങ്ങിന് മുമ്പ് ദിവ്യയുടെ സഹായി നാലുവട്ടം കളക്ടറുടെ സ്റ്റാഫിനെ വിളിച്ചുവെന്നും റിപ്പോര്‍ട്ടിലുണ്ട്.

യാത്രയയപ്പ് ആദ്യം തീരുമാനിച്ചത് ഒക്ടോബര്‍ 11-നായിരുന്നു. അന്ന് അവധി പ്രഖ്യാപിച്ചതിനാല്‍ ചടങ്ങ് മാറ്റി. തന്നെ പി.പി. ദിവ്യ പലതവണ വിളിച്ചെന്നും കളക്ടര്‍ ലാന്‍ഡ് റവന്യൂ ജോയിന്റ് കമ്മിഷണര്‍ക്ക് മുമ്പാകെ മൊഴിനല്‍കി.

പി.പി. ദിവ്യയെ സെന്റ് ഓഫിന് ക്ഷണിച്ചതിന് തെളിവുകളൊന്നുമില്ലെന്ന് അന്വേഷണ റിപ്പോര്‍ട്ടില്‍ പറയുന്നു. പെട്രോള്‍ പമ്പിന് എതിര്‍പ്പില്ലാ രേഖ നല്‍കുന്നതില്‍ നവീന്‍ ബാബുവിന്റെ ഭാഗത്തുനിന്ന് കാലതാമസമുണ്ടായിട്ടില്ലെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. പെട്രോൾ പമ്പ് അനുമതിക്കായി നവീൻ ബാബു കൈക്കൂലി വാങ്ങിയതിന് ഒരു തെളിവുമില്ലെന്നാണ് റിപ്പോർട്ടിലെ കണ്ടെത്തൽ.

Related Articles

Latest Articles