തിരുവനന്തപുരം: കൊവിഡ് കാലത്ത് സംസ്ഥാന ആരോഗ്യ വകുപ്പ് പിപിഇ കിറ്റ് വാങ്ങിയതിൽ നടന്നത് വൻ ക്രമക്കേടെന്ന് സിഎജി റിപ്പോർട്ട്. 3 ഇരട്ടി കൂടുതല്‍ പണം നല്‍കിയാണ് പിപിഇ കിറ്റ് വാങ്ങിയതെന്നും ഇത് മൂലം 10.23 കോടി രൂപയുടെ അധികബാധ്യത സംസ്ഥാന സർക്കാരിന് ഉണ്ടായെന്നും റിപ്പോർട്ടിൽ പറയുന്നു.
പിപിഇ കിറ്റ് 2020 മാര്‍ച്ച് 28 ന് 550 രൂപയ്ക്ക് വാങ്ങിയെന്നും രണ്ട് ദിവസത്തിന് ശേഷം മാര്‍ച്ച് 30 ന് 1550 രൂപയ്ക്ക് മറ്റൊരു കമ്പനിയില്‍ നിന്ന് പിപിഇ കിറ്റ് വാങ്ങിയെന്നും റിപ്പോർട്ട് പറയുന്നു. രണ്ട് ദിവസത്തില്‍ പിപിഇ കിറ്റിന്റെ വില 1000 രൂപ കൂടിയെന്നാണ് സിഎജി ചൂണ്ടിക്കാട്ടുന്നത്. കുറഞ്ഞ തുകയ്ക്ക് പിപിഇ കിറ്റ് നൽകാൻ സാധിക്കുമെന്നറിയിച്ച കമ്പനിയെ തഴഞ്ഞ് സാൻ ഫാർമ എന്ന കമ്പനിക്ക് പിപിഇ കിറ്റിന് മുൻകൂറായി മുഴുവൻ പണവും നൽകിയെന്നുമാണ് റിപ്പോർട്ടിൽ പ്രധാനമായും ചൂണ്ടിക്കാട്ടിയിട്ടുള്ളത്.ഒന്നാം പിണറായി സർക്കാരിന്റെ കാലത്ത് കെകെ ശൈലജ ആരോഗ്യമന്ത്രിയായിരിക്കെയാണ് ഈ ഇടപാട് നടന്നത്.

