Sunday, January 4, 2026

ഇന്ത്യ-ശ്രീലങ്ക ഏകദിന മത്സരം : ‘പട്ടിണികിടക്കുന്നവര്‍ കളി കാണാൻ പോകേണ്ട’ വിനോദ നികുതി കുറക്കില്ല, കായിക മന്ത്രി വി. അബ്ദുറഹ്മാൻ

തിരുവനന്തപുരം: കാര്യവട്ടം ഗ്രീൻ ഫീൽഡ് സ്റ്റേഡിയത്തിൽ ഞായറാഴ്ച നടക്കുന്ന ഇന്ത്യ-ശ്രീലങ്ക ഏകദിന മത്സരത്തിലെ ടിക്കറ്റ് നിരക്ക് വര്‍ദ്ധനവിനെച്ചൊല്ലി വിവാദം. വിനോദ നികുതി അഞ്ച് ശതമാനത്തിൽ നിന്ന് 12 ശതമാനമാക്കി ഉയര്‍ത്തിയതിനെ കായികമന്ത്രി വി. അബ്ദുറഹ്മാൻ ന്യായീകരിച്ച് പറഞ്ഞത് പട്ടിണികിടക്കുന്നവര്‍ കളി കാണാൻ പോകേണ്ടെന്നായിരുന്നു .

കളി കാണാൻ ബി സി സി ഐ നിശ്ചയിച്ചിരിക്കുന്ന ടിക്കറ്റ് നിരക്ക് അപ്പര്‍ ടയറിന് 1000 രൂപയും ലോവര്‍ ടയറിന് 2000 രൂപയുമാണ്, കൂടാതെ 18 ശതമാനം ജി എസ് ടിയും കോര്‍പ്പറേഷന്‍റെ 12 ശതമാനം വിനോദ നികുതിയും ബുക്കിംഗ് ചാര്‍ജും എല്ലാം കൂടിയാകുമ്പോൾ കുറഞ്ഞ ടിക്കറ്റ് നിരക്ക് 1445 രൂപയായും ലോവര്‍ ടയര്‍ നിരക്ക് 2860 രൂപയുമാകും. കഴിഞ്ഞ തവണ 5 ശതമാനമായിരുന്നു വിനോദ നികുതി എന്നാൽ ഇപ്പോൾ അത് 12 ശതമാനമാക്കി ഉയർത്തിയിരിക്കുകയാണ്. ഇതിനെതിരെ വ്യാപക വിമർശനങ്ങൾ ഉയർന്നിരുന്നു.അതിനിടയിലാണ് ഇതിനെ ന്യായീകരിച്ച് കായികമന്ത്രി രംഗത്തു വന്നത്. രാജ്യത്ത് ഇത്രയും വിലക്കയറ്റം നടക്കുമ്പോള്‍ കളി കാണാന്‍ നികുതി കുറച്ചു കൊണ്ടുക്കണമെന്നാണ് പറയുന്നത്. അങ്ങനെ പട്ടിണി കിടക്കുന്നവര്‍ കളി കാണാന്‍ പോവേണ്ടെന്നും സംഘാടകര്‍ അമിതലാഭം എടുക്കാതിരിക്കാനാണ് നികുതി കൂട്ടിയതെന്നും മന്ത്രി പറഞ്ഞു. മത്സരം നടക്കുന്ന മറ്റ് സംസ്ഥാനങ്ങളിൽ വിനോദ നികുതി പൂര്‍ണമായും ഒഴിവാക്കുകയും കുറഞ്ഞ ടിക്കറ്റ് നിരക്ക് ഈടാക്കുമ്പോഴാണ് കേരളത്തിന്റെ ഈ നീക്കം.

Related Articles

Latest Articles