Thursday, December 18, 2025

വേനൽ കാലത്ത് എങ്ങനെ ഭക്ഷണം കഴിക്കണം?; ഈകാര്യങ്ങൾ ശ്രദ്ധിച്ചില്ലെങ്കിൽ പണികിട്ടും

കേരളത്തിൽ വേനൽ (Summer) കടുക്കുകയാണ്. ഭക്ഷണക്രമത്തിൽ പ്രത്യേക ശ്രദ്ധ നൽകേണ്ട സമയംകൂടെയാണ് വേനൽ കാലം. ആമാശയവും ചർമ്മവുമായി ബന്ധപ്പെട്ട ഒന്നിലധികം അസുഖങ്ങൾ ഈ വേനൽക്കാലത്ത് പലർക്കും ഉണ്ടാകാറുണ്ട്. ഇത് അനാരോഗ്യകരമായ ഭക്ഷണരീതികൾ മൂലമാണ് പ്രധാനമായും സംഭവിക്കുന്നത്. അന്തരീക്ഷ താപം സാധാരണയിൽ കൂടുതലായി അനുഭവപ്പെടുന്നതിനാൽ സൂര്യാഘാതം ഉൾപ്പെടെയുള്ള ആരോഗ്യപ്രശ്നങ്ങൾ ഉണ്ടാകാതിരിക്കാൻ ജാഗ്രത പുലർത്തേണ്ടതുണ്ട്.

വേനൽക്കാലത്ത്, ദാഹിക്കുന്നതിനു കാത്തിരിക്കാതെ ഇടയ്ക്കിടെ വെള്ളം, കരിക്കിൻ വെള്ളം, നാരങ്ങാ വെള്ളം, മോര് എന്നിവ കുടിക്കണം. ശരീരം നന്നായി ചൂടായിരിക്കുമ്പോൾ തണുത്ത സാധനങ്ങളോ ഐസ്ക്രീമോ കഴിക്കരുത്. വെള്ളം തണുപ്പ് മാറ്റി കുടിക്കുക. വേനൽക്കാലത്ത് ശരീരത്തെ തണുപ്പിക്കുന്ന ചില പഴങ്ങളും പച്ചക്കറികളും ഉണ്ട്, എന്നാൽ മറ്റുള്ളവ നിങ്ങളുടെ അവസ്ഥ കൂടുതൽ വഷളാക്കും. അതിനാൽ, കുറച്ച് പഴങ്ങളും പച്ചക്കറികളും മിതമായ അളവിൽ കഴിക്കേണ്ടത് പ്രധാനമാണ്.

സാലഡ്, പഴങ്ങൾ എന്നിവ കൂടുതൽ ഉപയോഗിക്കുക. ജ്യൂസ് വേണമെങ്കിൽ ഫ്രഷ്ജ്യൂസ് മധുരം ഇടാതെ കുടിക്കാം. പഞ്ചസാര, മധുരപലഹാരങ്ങൾ എന്നിവ പരമാവധി കുറയ്ക്കുക. അമിതമായ ഉപ്പ്, ഉപ്പിലിട്ട ഭക്ഷണങ്ങൾ, എരിവ്, പുളി എന്നിവ കുറയ്ക്കുക. ഈ സമയത്ത് എണ്ണ കുറവുള്ള ഭക്ഷണമാണ് കൂടുതൽ ഉത്തമം. വറുത്തതും പൊരിച്ചതുമായ സമോസ, പഫ്സ്, ചിപ്സ് തുടങ്ങിയ ഭക്ഷണങ്ങൾ ഉപേക്ഷിക്കണം.

ചായ, കാപ്പി എന്നിവ ഒഴിവാക്കി നാരങ്ങാവെള്ളം,​ സംഭാരം,​ ഇളനീര് എന്നിവ കുടിക്കുക. ഡ്രൈ ഫ്രൂട്സിന്റെ ഉപയോഗം വേനൽക്കാലത്ത് പരമാവധി ഒഴിവാക്കുക. ഇവ ശരീരത്തിന്റെ താപനില ഉയർത്തുന്നുണ്ട്. . മാമ്പഴം, മുന്തിരി, ആപ്പിൾ, തണ്ണിമത്തൻ അങ്ങനെ വേണ്ട എല്ലാതരം പഴങ്ങളും കഴിക്കാം. പഴത്തിൽ അടങ്ങിയിരിക്കുന്ന വിറ്റാമിനുകളും, ജലാംശവും നിങ്ങളുടെ ആരോഗ്യത്തെ സംരക്ഷിക്കുന്നു.

Related Articles

Latest Articles