Sunday, May 19, 2024
spot_img

കേരളം വെന്തുരുകും…വരാനിരിക്കുന്നത് കൊടുംവേനൽ; താപനില 40 ഡിഗ്രി സെൽഷ്യസ് കടന്നേക്കും; ആറുജില്ലകളിൽ അതീവ ജാഗ്രത

തിരുവനന്തപുരം: സംസ്ഥാനം കൊടുംചൂടിലേക്കെന്ന് റിപ്പോർട്ട്(Heavy Temperature In Kerala). കത്തുന്ന ചൂടിൽ പൊള്ളിപ്പി‍ടയുന്ന കേരളത്തിൽ 6 ജില്ലകളിലെ താപനില, ഇന്ന് 40 ഡിഗ്രി സെൽഷ്യസ് കടക്കുമെന്നു കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്.

സംസ്ഥാനത്ത് ഏറ്റവും ഉയർന്ന താപനില കൊല്ലം ജില്ലയിലെ പുനലൂരിൽ ഇന്നലെ രേഖപ്പെടുത്തി – 38.7 ഡിഗ്രി സെൽഷ്യസ്. കൊല്ലം, ആലപ്പുഴ, കോട്ടയം, തൃശൂർ, കോഴിക്കോട്, കണ്ണൂർ, ജില്ലകളിലാണ് താപനില 40 ഡിഗ്രി സെൽഷ്യസ് വരെ എത്താനിടയുള്ള‍തെന്നാണ് അറിയിപ്പ്. ഈ ജില്ലകളിൽ 2 മുതൽ 3 വരെ ഡിഗ്രി സെൽഷ്യസ് താപനില ഇന്ന് ഉയർന്നേക്കാം.

33 മുതൽ 36 ഡിഗ്രി സെൽഷ്യസ് വരെ മാത്രമാണ് ഈ ജില്ലകളിൽ സാധാരണ അനുഭവപ്പെടേണ്ട ശരാശരി ചൂട്. ഇവിടങ്ങളിൽ ഇന്നലെയും ജാഗ്രതാ മുന്നറിയിപ്പു നൽകിയിരുന്നു. വരണ്ട വടക്കു കിഴക്കൻ കാ‍റ്റിന്റെ സ്വാധീനവും വേനൽമഴ കുറഞ്ഞതും ചൂടു വർധിക്കാൻ കാരണമായെന്നാണു വിലയിരുത്തൽ.

പാലക്കാട് പട്ടാമ്പി, തൃശൂർ വെള്ളാനിക്കര, കണ്ണൂർ വിമാനത്താവളം എന്നിവിടങ്ങളിൽ ഇന്നലെ, താപനില 38 ഡിഗ്രി സെൽഷ്യ‍സിന് മുകളിൽ ഉയർന്നുവെ‌‍ന്നാണ് സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റിയുടെ റിപ്പോർട്ട്. പകൽ 11 മുതൽ 3 മണി വരെയുളള സമയത്ത് സൂര്യപ്രകാശം ഏൽക്കുന്നത് ഒഴിവാക്കണമെന്നും സൂര്യാതപത്തിനു സാധ്യതയുണ്ടെന്നും മുന്നറിയി‍പ്പു നൽകി.

അതേസമയം ചൊവ്വാഴ്ചയോടെ വേനൽ മഴ പ്രതീക്ഷിക്കാമെന്നാണ് ഗവേഷകർ പറയുന്നത്. ഈ മാസം അവസാനത്തോടെ വേനൽ മഴ ശക്തമാകും. മഹാരാഷ്‌ട്ര, ഗുജറാത്ത് തീരത്തിന് മുകളിലായി രൂപപ്പെട്ട ഉഷ്ണതരംഗമാണ് നിലവിൽ കേരളത്തിലെ താപനില വർദ്ധിക്കാൻ കാരണം എന്നാണ് ഗവേഷകർ പറയുന്നത്. കേരളത്തിന് പുറമേ മറ്റ് സംസ്ഥാനങ്ങളിലും ശക്തമായ ചൂടാണ് നിലവിൽ അനുഭവപ്പെടുന്നത്.

Related Articles

Latest Articles