മോസ്‌കോ: റഷ്യൻ പ്രസിഡന്റ് തെരഞ്ഞെടുപ്പിൽ 87.97 ശതമാനം വോട്ടുകള്‍ നേടി വ്‌ളാദിമിർ പുടിൻ അഞ്ചാമതും വിജയമുറപ്പിച്ചതിന് പിന്നാലെ പറഞ്ഞ വാക്കുകൾ ചർച്ചയാകുന്നു. റഷ്യൻ സൈന്യവും നാറ്റോ സഖ്യവും തമ്മിൽ സംഘർഷം പുകയുന്നത് കാരണം ലോകം മൂന്നാം ലോകമഹായുദ്ധത്തിൽ നിന്ന് അൽപം മാത്രം അകലെയാണെന്നാണ് പുടിൻ പറഞ്ഞത്. എന്നാൽ ആരും അത്തരമൊരു സാഹചര്യം ആഗ്രഹിക്കുന്നില്ലെന്നും പുടിൻ കൂട്ടിച്ചേർത്തു. ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മക്രോൺ ഭാവിയിൽ യുക്രെയിനിൽ തങ്ങളുടെ കരസേനയെ വിന്യസിക്കുന്ന കാര്യം പറയാനാകില്ല എന്ന് അഭിപ്രായപ്പെട്ടിരുന്നു. ഇതിനുള്ള മറുപടിയായാണ് പുടിന്റെ അഭിപ്രായ പ്രകടനം എന്നാണ് ലോകം വിലയിരുത്തുന്നത്.
പാശ്ചാത്യ ലോകത്തെ തള്ളി യുക്രൈനെ ആക്രമിക്കുക എന്ന തന്റെ തീരുമാനം ശരിവെക്കുന്നതാണ് ഫലമെന്ന് തെരഞ്ഞെടുപ്പ് ഫലപ്രഖ്യാപനത്തിന് ശേഷമുള്ള വാര്‍ത്താ സമ്മേളനത്തില്‍ പുടിന്‍ പറഞ്ഞു. കമ്യൂണിസ്റ്റ് സ്ഥാനാര്‍ഥിയായ നിക്കോളായ് ഖാരിറ്റോനോവ് നാല് ശതമാനം വോട്ടുകള്‍ നേടി രണ്ടാമതെത്തിയപ്പോള്‍ പുതുമുഖം വ്‌ളാദിസ്ലാവ് മൂന്നാമതും തീവ്ര നാഷണിലിസ്റ്റ് സ്ഥാനാര്‍ഥി ലിയോനിഡ് സ്ലറ്റ്‌സ്‌കി നാലാമതുമെത്തി.
രണ്ട് പതിറ്റാണ്ടിലേറെയായി റഷ്യയിൽ അധികാരത്തിന്റെ മാറുവാക്കാണ് വ്‌ളാദിമിർ പുടിൻ. 1999ലാണ് അന്നത്തെ റഷ്യൻ പ്രസിഡന്റ് ബോറിസ് യെല്‍റ്റ്‌സിന്‍ പുടിനെ പ്രധാനമന്ത്രിയായി പ്രഖ്യാപിക്കുന്നത്. 1999 ഡിസംബര്‍ 31 ന് യെല്‍റ്റ്‌സിന്‍ രാജിവച്ചതോടെ പുടിന്‍ ആക്ടിങ് പ്രസിഡന്റായി. മാസങ്ങള്‍ക്ക് ശേഷം 2000 മെയ് ഏഴിന് പുടിന്‍ റഷ്യന്‍ പ്രസിഡന്റായി. പിന്നീട് വീണ്ടും പ്രധാനമന്ത്രിയായും മൂന്ന് തവണ കൂടി പ്രസിഡന്റായും പുടിന്‍ ഭരണം തുടര്‍ന്നു. 2008 ല്‍ പുടിന്‍ പ്രസിഡന്റ് സ്ഥാനത്തുനിന്നിറങ്ങി ദിമിത്രി മെദ്ദേവ് പ്രസിഡന്റായി. പ്രധാനമന്ത്രിയായി പുടിന്‍ വീണ്ടുമെത്തി. 2012 ല്‍ വീണ്ടും പ്രസിഡന്റ് സ്ഥാനത്തേക്ക് തിരിച്ചെത്തി.

