Sunday, January 11, 2026

പണിതിട്ടും പണിതിട്ടും തീരാത്ത ബൈപ്പാസ്, ക്ഷമ പരീക്ഷിക്കരുതെന്ന് തിരുവല്ല വാസികള്‍

തിരുവല്ല: ഒരു ബൈപ്പാസ് റോഡ് പോലുമില്ലാത്ത നാടാണ് തിരുവല്ല. ഗതാഗതക്കുരുക്ക് മൂലം വീര്‍പ്പ് മുട്ടുന്ന എം.സി. റോഡാണ് തിരുവല്ല കടക്കാന്‍ ഏക ആശ്രയം. തിരുവല്ലക്കാരുടെ സ്വപ്ന പദ്ധതിയാണ് തിരുവല്ല ബൈപ്പാസ്. രാമന്‍ചിറയില്‍നിന്ന് മഴുവങ്ങാട് വരെ രണ്ടര കിലോമീറ്റര്‍ ദൂരത്തിലുള്ള ബൈപ്പാസ് റോഡിന്‍റെ നിര്‍മ്മാണം 2014ല്‍ തുടങ്ങിയതാണ്. കെ.എസ്.ടി.പിയുടെ എം.സി. റോഡ് വികസനത്തിന്‍റെ ഭാഗമായാണ് തിരുവല്ല ബൈപ്പാസിന്‍റെ നിര്‍മാണം ആരംഭിച്ചത്. 31കോടി 82 ലക്ഷം രൂപയ്ക്ക് പെരുമ്പാവൂര്‍ ആസ്ഥാനമായ ഇ.കെ.കെ. കമ്പനിയാണ് കരാറെടുത്തത്. ലോകബാങ്ക് സഹായം ലഭിച്ചതോടെ ബൈപാസ് പദ്ധതിയ്ക്കു വീണ്ടും ജീവൻ വച്ചു. മഴുവങ്ങാട് മുതൽ സ്റ്റേഡിയം വരെയുള്ള ഭാഗത്ത് നിലം നികത്തി റോഡ് നിർമിച്ചു. അതോടൊപ്പം ബി വൺ ബി വൺ റോഡു മുതൽ വൈഎംസിഎയുടെ മുകൾവശം വരെ മേൽപാലത്തിന്റെ നിർമാണവും തുടങ്ങി. 32 കോടി രൂപയിൽ 17 കോടി രൂപയുടെ നിർമാണം നടത്തി. അപ്പോഴേക്കും നിർമാണം മുടങ്ങി..2014-ല്‍ ടെണ്ടർ ചെയ്ത് ഏൽപ്പിച്ച തിരുവല്ല ബൈപ്പാസിന്റെ ജോലി 2016-ല്‍ തീര്‍ക്കെണ്ടതായിരുന്നു. 2017 ആയിട്ടും പല കാരണങ്ങളാല്‍ 64% മാത്രമേ തീര്‍ക്കാന്‍ പറ്റിയൊള്ളൂ.രൂപകല്പനയില്‍ സംഭവിച്ച സാങ്കേതിക പിഴവു മൂലവും ആവശ്യം വേണ്ട ഭൂമി ഏറ്റെടുക്കാന്‍ കഴിയാതെ വന്നതു മൂലവുമാണ് തിരുവല്ല ബൈപ്പാസിന്‍റെ പണികള്‍ നിലച്ചത്.ബാക്കി 36% ജോലി തീര്‍ക്കാന്‍ പഴയ കരാറുകാരനെ പിരിച്ചുവിട്ട് 2018-ല്‍ വീണ്ടും ടെണ്ടര്‍ വിളിച്ചു.ടെണ്ടര്‍ പൊട്ടിച്ചപ്പോള്‍ ലോവെസ്റ്റ്‌ ആയ ടെൻഡർ 38.3 കോടിയായിരുന്നു. . അതെടുത്തത് മറ്റൊരു പേരില്‍ മുമ്പ് പിരിച്ചുവിട്ട അതേ കോൺട്രാക്ടറായിരുന്നു.ഇവിടുത്തെ കാര്യങ്ങളൊക്കെ അതീവരസമാണെന്നാണ് പ്രമുഖ റോഡ് സേഫ്റ്റി അഡ്വക്കറ്റായ സോണി തോമസ് തന്‍റെ ഫേസ്ബുക്ക് കുറിപ്പില്‍ പരാമര്‍ശിച്ചിട്ടുള്ളത്.

കെഎസ്ടിപിയില്‍ കേരളം കണ്ട ഏറ്റവും വലിയ അഴിമതി നടന്നത് തിരുവല്ല ബൈപ്പാസിന്റെ കാര്യത്തിലാണ്. പതിറ്റാണ്ടുകളായി നിലനിന്ന കേസുകളും തർക്കങ്ങളും നൂലാമാലകളുമെല്ലാം ബൈപ്പാസിനെ പിന്നോട്ടടിപ്പിച്ചു.

രാമഞ്ചിറയില്‍ നിര്‍ദിഷ്ട ബൈപ്പാസ് ആരംഭിക്കേണ്ടിയിരുന്നിടത്തു നിന്നും തിരുവല്ല – മല്ലപ്പള്ളി റോഡു വരെയുള്ള ഭാഗത്ത്, ഏറെ ഉയരത്തില്‍ മണ്ണിട്ട് ഉയര്‍ത്തി പുതിയ റോഡു നിര്‍മിക്കുവാന്‍ നിര്‍ദേശിക്കപ്പെട്ടിരുന്നുവെങ്കിലും ഇത്രയും ഉയരത്തില്‍ പുതുതായി നിര്‍മിക്കുവാന്‍ ലക്ഷ്യമിട്ട റോഡിന് പാര്‍ശ്വഭിത്തികള്‍ വ്യവസ്ഥ ചെയ്തിരുന്നില്ല. പാര്‍ശ്വഭിത്തികള്‍ ചരിവായി പണിയുന്നതിന് ആവശ്യമായ ഭൂമി ഏറ്റെടുക്കുവാനും ലക്ഷ്യമിട്ടിരുന്നില്ല. ഈ സാഹചര്യത്തിലാണ് ചതുപ്പായുള്ള ഭാഗത്ത് മണ്ണിട്ട് ഉയര്‍ത്തി റോഡ് നിര്‍മാണം അപ്രായോഗികമാണെന്ന് പിന്നീട് കണ്ടെത്തിയത്.2014ല്‍ പണികള്‍ ആരംഭിക്കുന്ന ഘട്ടത്തില്‍, ആവശ്യമായിരുന്ന ഭൂമിയുടെ ബഹുഭൂരിഭാഗവും കൈവശമെടുത്തിരുന്നില്ല. പിന്നീട് കൈവശം വന്നു ചേര്‍ന്ന ഭൂമിയില്‍ കുറെ ഭാഗം വസ്തു ഉടമസ്ഥര്‍ക്ക് കോടതി നടപടികളിലൂടെ തിരികെ നല്‍കേണ്ടി വരികയും ചെയ്തു. സാങ്കേതിക പിഴവുകള്‍ കാരണം പണികള്‍ തുടങ്ങുവാന്‍ കഴിയാതെ വന്ന സാഹചര്യത്തിലാണ് കരാറുകാരന്‍ തന്നെ ഒഴിവാക്കണമെന്ന ആവശ്യം ഉന്നയിച്ചത്. പണിയുവാന്‍ പറ്റാത്ത ബൈപ്പാസ് ആയിരുന്നുവെന്നതിനാല്‍ കരാറുകാരന്‍റെ ആവശ്യം അംഗീകരിക്കുക മാത്രമേ നിവര്‍ത്തിയുണ്ടായിരുന്നുള്ളു. എന്നാല്‍, പൊതുപണം ചിലവാക്കിയത് പാഴാകാതിരിക്കുന്നതിന്, പണിതിടത്തോളം നഷ്ടമാകാത്ത തരത്തില്‍ പുതിയ ഡിസൈന്‍ തയാറാക്കുവാനാണ് മന്ത്രി ജി. സുധാകരന്‍ നിര്‍ദേശിച്ചത്. തിരുവല്ല – മല്ലപ്പള്ളി റോഡിന് വടക്കുവശത്തായുള്ള ഭാഗം മണ്ണിട്ട് ഉയര്‍ത്തുന്നതിന് പകരം ഫ്‌ളൈ ഓവര്‍ ആയി ഡിസൈന്‍ ചെയ്യുവാന്‍ മണ്ണു പരിശോധന അടക്കം വേണ്ടി വന്നു. ഇതു പൂര്‍ത്തീകരിച്ച് കെ എസ് ടി പി യുടെ സ്റ്റീയറിംഗ് കമ്മിറ്റികള്‍ നിരവധി തവണ ചേര്‍ന്ന് എല്ലാ സാങ്കേതിക ചോദ്യങ്ങള്‍ക്കും മറുപടി നല്‍കിയിട്ടാണ് ലോകബാങ്കിന്റെ അനുമതിയ്ക്ക് അയച്ചത്. ലോകബാങ്കിന്റെ അനുമതി ലഭ്യമായതിനെ തുടര്‍ന്ന് പുതിയ പണികള്‍ക്ക് പുതുതായി ടെണ്ടര്‍ ക്ഷണിച്ചു. ആ ടെണ്ടറിനും ലോകബാങ്കിന്റെ അനുമതി ലഭ്യമാക്കിയാണ് കരാര്‍ ഉറപ്പിച്ചത്. കരാര്‍ തുകയുടെ 10 ശതമാനം കരാറുകാരന്‍ കെ എസ് ടി പിയില്‍ 2018 ഡിസംബറില്‍ തന്നെ കെട്ടിവെച്ചതോടെ ബൈപ്പാസ് പണികള്‍ക്ക് പച്ചക്കൊടിയായി. 37 കോടി രൂപയാണ് നിര്‍മാണ ചെലവ്. മഴുവങ്ങാട് നിന്നും ആരംഭിച്ചിരിക്കുന്ന അലൈന്‍മെന്റിന്റെ ഉപരിതലജോലികളും മിനി ബ്രിഡ്ജ്, ഫ്‌ളൈഓവറിന്റെ അപ്രോച്ച്‌റോഡിന്റെ പ്രവൃത്തികളും, ഫ്‌ളൈഓവറിന്റെ മറ്റ് പൂര്‍ത്തീകരണ ജോലികളുമാണ് ഇനി പൂര്‍ത്തിയാക്കാനുള്ളത്.

ദീർഘവീക്ഷണമില്ലായ്മയുടെയും വേണ്ടത്ര തയാറെടുപ്പില്ലാതെയും പദ്ധതി തുടങ്ങിയാൽ സംഭവിക്കാവുന്ന അപകടമാണ് 2.3 കിലോമീറ്റർ ദൂരം മാത്രമുള്ള ബൈപാസിനെ രണ്ടരപതിറ്റാണ്ടിലേക്ക് നയിച്ചത്. 2 കോടി രൂപയിൽ തീരേണ്ട പ്രവൃത്തി 55 കോടി രൂപയിലേക്കു ഉയർന്നു. അതിനുമപ്പുറം വർഷങ്ങളായി നാട്ടുകാർ അനുഭവിക്കുന്ന ഗതാഗതക്കുരുക്കും സമയനഷ്ടവും കണക്കാക്കിയാൽ അതിനുപുറമേ.
മാമ്മൻ മത്തായി എംഎൽഎ 1996ലാണ് ബൈപാസ് പദ്ധതിയ്ക്കു തുടക്കമിടുന്നത്. എംസി റോഡിൽ മഴുവങ്ങാട് നിന്നു തുടങ്ങി രാമൻചിറ വരെ നിർമിക്കാനായിരുന്നു തീരുമാനം. അന്നും നഗരത്തിലെ റോഡിൽ സാമാന്യമായ തിരക്കുണ്ടായിരുന്നു. ഇതു പരിഹരിക്കണമെന്നുള്ള ദീർഘവീക്ഷണം പക്ഷേ തുടർന്ന് ഒരു ദിനം പോലും ഉണ്ടായില്ല. മഴുവങ്ങാട് മുതൽ സ്റ്റേഡിയം വരെ നിലമായിരുന്നു. ഇതു നികത്തി റോഡ് നിർമിക്കുന്ന ജോലിക്കുണ്ടായ സാങ്കേതിക തടസ്സമായിരുന്നു ആദ്യത്തെ സൃഷ്ടി. അന്നു കുറെ സ്ഥലം ഏറ്റെടുത്തെങ്കിലും ഹരിത ട്രൈബ്യൂണലിൽ കേസ് വന്നതിനാൽ നീണ്ടുപോയി. വൈഎംസിഎ മുതൽ രാമ‍ഞ്ചിറ വരെയുള്ള ഭാഗത്തെ സ്ഥലമുടമകളും കേസിനു പോയി.

മഴുവങ്ങാട് ജംക്‌ഷൻ മുതൽ പുഷ്പഗിരി റോഡു വരെ 900 മീറ്ററാണ് ബൈപ്പാസിന്‍റെ ദൂരം. ഇവിടെ നിന്നു ബി വൺ ബി വൺ റോഡ് വരെ 220 മീറ്റർ. ആദ്യത്തെ മേൽപാലത്തിന്റെ നീളം 180 മീറ്റർ. ഇവിടെ നിന്നു റെയിൽവേ സ്റ്റേഷൻ റോഡ് വരെ 170 മീറ്റർ. അവിടെ നിന്നു മല്ലപ്പള്ളി റോഡ് വരെ 160 മീറ്റർ. 50 മീറ്റർ കഴിയുമ്പോൾ പുതിയതായി രൂപകൽപന ചെയ്ത മേൽപാലം– 220 മീറ്റർ ദൂരം. രണ്ടാമത്തെ മേൽപാലം കഴിഞ്ഞ് 300 മീറ്റർ കൂടിയാകുമ്പോൾ എംസി റോഡിൽ രാമ‍ൻചിറയിലെത്തും. മഴുവങ്ങാട് നിന്നു പഴയ എംസി റോഡിലൂടെ രാമൻചിറ വരെ ദൂരം 1800 മീറ്ററാണ്.തിരുവല്ല ബൈപാസ്, എംസി റോഡിന്റെ നഗരഭാഗം എന്നിവ ഒന്നിച്ചാണ് പുതിയ കരാർ നൽകിയത്. ബൈപാസ് 6 മാസത്തിനകവും എംസി റോഡിന്റെ ഭാഗം 9 മാസത്തിനകവും പൂർത്തിയാക്കണമെന്നാണ് പുതിയ കരാറില്‍ പറയുന്നത്.
ബൈപാസ് ലക്ഷ്യത്തിലേക്കടുക്കുമ്പോഴും വരാൻ പോകുന്ന പ്രതിസന്ധികൾക്കു കൂടി പരിഹാരം കാണണമെന്ന ആവശ്യവും ഉയരുന്നു. നഗരത്തിൽ ഇപ്പോൾ അനുഭവപ്പെടുന്ന തിരക്ക് ബൈപാസ് എംസി റോഡിലെത്തുന്ന മഴുവങ്ങാട്, രാമ‍ഞ്ചിറ ഭാഗത്ത് അനുഭവപ്പെടാനാണ് സാധ്യത. രാമൻചിറ മുതൽ മുത്തൂർ വരെ ഇപ്പോൾ നല്ല തിരക്കാണ്. ഈ രണ്ടു ഭാഗത്തും ബി വൺ‌ ബി വൺ റോഡ് ക്രോസ് ചെയ്യുന്ന ഭാഗത്തും അനുഭവപ്പെടാവുന്ന തിരക്കിന് പരിഹാരം കാണേണ്ടതുണ്ട്. ബൈപാസും നഗരഭാഗവും പൂർത്തിയാകുന്നതോടെ വൺവേയാക്കി മാറ്റാനുള്ള സാധ്യതയും ഏറെയാണ്.മഴുവങ്ങാട് മുതൽ ബി വൺ –- ബി വൺ റോഡ് വരെയുള്ള തിരുവല്ല ബൈപ്പാസിന്റെ ആദ്യഘട്ടത്തിലെ പാലത്തിന്റെ നിർമാണം പൂർത്തിയായിട്ടുണ്ട്.മഴുവങ്ങാട് പുഞ്ചയിലൂടെ ഒഴുകുന്ന മുല്ലേലി –- കോട്ടാലി തോടിന് കുറുകെയാണ് പാലം.ഏഴ് മീറ്റർ വീതിയിൽ ഗ്യാരേജ് വേ, 1.5 മീറ്റർ വീതിയിൽ രണ്ടുവശങ്ങളിലും പേവ്ഡ് ഷോൾഡർ, ഓരോമീറ്റർ വീതിയിൽ ഇരുവശങ്ങളിലും എർത്തേൺ ഷോൾഡർ എന്നിവ ഉൾപ്പെടുന്നതാണ് റോഡ്.തിരുവല്ല ടൗണിലെ എംസി റോഡിന്റെ നവീകരണവും നടത്തിവരികയാണ്. .ബൈപ്പാസ് നിര്‍മാണം സമയബന്ധിതമായി പൂര്‍ത്തിയാക്കുന്നതില്‍ ഇനിയും ജനത്തിന്റെ ക്ഷമ പരീക്ഷിക്കില്ലെന്നാണ് തിരുവല്ല നിവാസികളുടെയും ഇതുവഴി കടന്നുപോകുന്നവരുടെയും പ്രതീക്ഷ.

Related Articles

Latest Articles