Tuesday, September 22, 2026

കളിച്ചു കൊണ്ടിരിക്കെ കാണാതായ ഒന്നര വയസ്സുകാരി നെയ്യാറിൽ മുങ്ങിമരിച്ചു

നെയ്യാറ്റിൻകര: ഒന്നര വയസ്സുകാരിയെ വീടിനു സമീപം നെയ്യാറിൽ മുങ്ങി മരിച്ച നിലയിൽ കണ്ടെത്തി. നെയ്യാറ്റിന്‍കര, പാലക്കടവ് തോട്ടത്തുവിളയില്‍ തിരുവനന്തപുരം എസ്.എ.പി ക്യാമ്പിലെ സി.പി.ഒ സജിന്റെയും ആതിരയുടെയും ഏക മകള്‍ അനാമികയാണ് മരിച്ചത്.

വീട്ടുമുറ്റത്ത് കളിക്കുന്നതിനിടെയാണ് അനാമികയെ കാണാതായത്. ഈ സമയം ആതിരയും അച്ഛനുമാണ് വീട്ടിലുണ്ടായിരുന്നത്. തുടര്‍ന്ന് നാട്ടുകാരുടെ സഹായത്തോടെ സമീപത്തെ ആതിരയുടെ കുടുബവീട്ടിലും പരിസരത്തും അന്വേഷിച്ചെങ്കിലും കണ്ടെത്താനായില്ല.

പിന്നീട് നെയ്യാറ്റിന്‍കര പൊലീസിനെയും ഫയര്‍ഫോഴ്‌സിനെയും വിവരമറിയിച്ചു. തുടര്‍ന്നുള്ള അന്വേഷണത്തില്‍ ഉച്ചയ്ക്ക് 12.30ന് നെയ്യാറില്‍ നിന്ന് കുഞ്ഞിനെ കണ്ടെത്തി ഉടന്‍ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. കുഞ്ഞ് കളിക്കുന്നതിനിടെ അബദ്ധത്തിൽ നദിയിൽ കാൽവഴുതി വീണതാകാം എന്നാണു പ്രാഥമിക നിഗമനം. മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിനുശേഷം ബന്ധുക്കള്‍ക്ക് കൈമാറി.

Related Articles

Latest Articles