Tuesday, September 22, 2026

മാലിന്യകൂമ്പാരം നിറഞ്ഞ് തിരുവാറന്മുള ക്ഷേത്ര പരിസരം; നടപടിയെടുക്കണമെന്ന് ആവശ്യപ്പെട്ട് ഭക്തർ

ആറന്മുള: മാലിന്യസംസ്‌കരണത്തിന് സംവിധാനമില്ലാതെ തിരുവാറന്മുള പാര്‍ത്ഥസാരഥിക്ഷേത്രം.

വടക്കേ മതിൽക്കെട്ടിൻ്റെ പരിസരത്ത് എണ്ണക്കുപ്പികൾ, പ്ലാസ്റ്റിക് വസ്തുക്കൾ, ആഹാരാവശിഷ്ടങ്ങള്‍ ഉൾപ്പടെയുള്ള മാലിന്യ കൂമ്പാരം കൂടി തങ്ങിക്കിടന്ന് മതിലകത്ത് ദുര്‍ഗന്ധം വമിക്കുന്നത് പതിവായിരിക്കുകയാണ്. ഇതിനു തൊട്ടടുത്തായി കാടുപിടിച്ച് ടോയ്‌ലെറ്റ് കോംപ്ലക്സ് ഉണ്ട്.

വിവാഹസദ്യകള്‍, ഭജനസദ്യകള്‍ തുടങ്ങിയവ മിക്ക ദിവസങ്ങളിലും ക്ഷേത്രമതിലകത്തിലെ ഊട്ടുപുരയില്‍ നടക്കാറുണ്ട്. വള്ളസദ്യക്കാലം തുടങ്ങിയാല്‍ 80 ദിവസത്തോളം ഊട്ടുപുരയിലും തിരുമുറ്റത്ത് പ്രത്യേകം തയ്യാറാക്കിയ പന്തലിലുമാണ് സദ്യ വിളമ്പുന്നത്.

അഷ്ടമിരോഹിണി നാളില്‍ പതിനായിരങ്ങള്‍ സദ്യ കഴിക്കുന്നത് തിരുമുറ്റത്താണ്. വള്ളസദ്യക്കാലത്ത് മാലിന്യം നീക്കാന്‍ കരാറുകാരനെ ഏല്‍പ്പിക്കുമെങ്കിലും മാലിന്യനീക്കം പ്രഹസനമാണ്.

വടക്കേ നടയിലെ ക്ഷേത്രക്കടവിന് സമീപം ആഹാരാവശിഷ്ടങ്ങള്‍ തള്ളുന്നതുകൊണ്ട് ഉണ്ടാകുന്ന അസഹ്യ ദുര്‍ഗന്ധം ഭക്തര്‍ക്കൊപ്പം സമീപത്തെ വീട്ടുകാരെയും ഏറെ വലയ്ക്കുന്നു.

വഴിപാട് ഇനത്തിൽ ഭക്തരുടെ കയ്യിൽ നിന്ന് രശീത് എഴുതി പണം കൈപറ്റുന്ന തിരുവതാംകൂർ ദേവസ്വം ബോർഡ് ക്ഷേത്രത്തിൽ എത്തുന്ന ഭക്തർക്ക് അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കി കൊടുക്കാനും തയ്യാറാകണം എന്നാണ് ഭക്ത ജനങ്ങളുടെ അഭിപ്രായം.

ദുര്‍ഗന്ധംവമിക്കുന്ന മാലിന്യങ്ങളില്‍ക്കൂടി ഒഴുകിവരുന്ന വെള്ളം പമ്പയിലേക്ക് പതിക്കുന്നതോടെ പമ്പയിലെ മാലിന്യ അളവ് ക്രമാതീതമായി ഉയര്‍ന്നിരിക്കുകയാണ്. ശാശ്വതപരിഹാരം കാണാന്‍ പമ്പയുടെ മണല്‍സമ്പത്തിലൂടെ സമ്പന്നമായ പഞ്ചായത്തുകള്‍ മുഖംതിരിക്കുന്നു എന്ന പരാതി ഉയരുന്നുണ്ട്.

Related Articles

Latest Articles