ദില്ലി: യുദ്ധവിമാനത്തിൽ കന്നിയാത്ര നടത്തി രാഷ്ട്രപതി ദ്രൗപതി മുർമു. ഇന്ത്യൻ സേനയുടെ കരുത്തായ സുഖോയ് 30 എംകെഐയിലാണ് രാഷ്ട്രപതി യാത്ര നടത്തിയത്. അസമിലെ തേസ്പൂർ വ്യോമ കേന്ദ്രത്തിൽ നിന്നായിരുന്നു രാഷ്ട്രപതി യുദ്ധവിമാനത്തിൽ പറന്നത്. ബ്രഹ്മപുത്ര, തേസ്പൂർ താഴ്‌വരകൾക്ക് മുകളിലൂടെ 30 മിനിറ്റോളം രാഷ്ട്രപതി യാത്ര ചെയ്തു.
റഷ്യൻ സാങ്കേതികവിദ്യയിൽ വികസിപ്പിച്ചതും ഇന്ത്യയിൽ ഹിന്ദുസ്ഥാൻ എയ്റോനോട്ടിക്സ് ലിമിറ്റഡ് (എച്ച്എഎൽ) നിർമ്മിച്ചതുമായ രണ്ട് സീറ്റുള്ള മൾട്ടിറോൾ ഫൈറ്റർ ജെറ്റാണ് സുഖോയ്-30 എംകെഐ. 106 സ്‌ക്വാഡ്രണിലെ സിഒ ജിപി ക്യാപ്റ്റൻ നവീൻ കുമാറാണ് വിമാനം പറത്തിയത്. സമുദ്രനിരപ്പിൽ നിന്ന് ഏകദേശം രണ്ട് കിലോമീറ്റർ ഉയരത്തിലാണ് വിമാനം പറന്നുയർന്നത്. മണിക്കൂറിൽ 800 കിലോമീറ്ററായിരുന്നു വേഗത.
ഏറെ ആവേശകരമായ അനുഭവമായിരുന്നുവെന്നാണ് വിമാന യാത്രയ്ക്ക് ശേഷം രാഷ്ട്രപതി പ്രതികരിച്ചത്. കര, വ്യോമ, നാവിക സേനകളുടെ പ്രതിരോധ ശേഷി ഏറെ വികസിച്ചു എന്നത് അഭിമാനകരമാണെന്നും രാഷ്ട്രപതി വ്യക്തമാക്കി.

