Tuesday, December 23, 2025

ഇടതുപക്ഷ നയം മുഴുവൻ നടപ്പാക്കുന്ന സർക്കാരല്ല ഇത്! പിഎം ശ്രീ നിലപാടിൽ മാറ്റമില്ലെന്ന് എം വി ഗോവിന്ദൻ

തിരുവനന്തപുരം: പിഎം ശ്രീയുമായി സംസ്ഥാന സർക്കാർ മുന്നോട്ടെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ. ഇടതുപക്ഷ നയം മുഴുവൻ നടപ്പാക്കുന്ന സർക്കാരല്ല ഇതെന്നും പിഎം ശ്രീ നിലപാടിൽ മാറ്റമില്ലെന്നും ഇന്ന് നടത്തിയ വാർത്താ സമ്മേളനത്തിലാണ് എം വി ഗോവിന്ദൻ വ്യക്തമാക്കിയത്. പദ്ധതിയുമായി ബന്ധപ്പെട്ട് സിപിഐ മുന്നണിയിൽ വിമത ശബ്ദം ഉയർത്തുന്നതിനിടയാണ് എം വി ഗോവിന്ദന്റെ പ്രതികരണം.

“പി.എം ശ്രീയുമായി ബന്ധപ്പെട്ട് മുന്നണിയില്‍ തര്‍ക്കമില്ല. കേരളത്തിന് ലഭിക്കേണ്ട പണമാണ് എന്നതില്‍ ആര്‍ക്കും സംശയമില്ല. കേന്ദ്ര സര്‍ക്കാര്‍ എല്ലാ മേഖലകളിലും നിബന്ധനകള്‍ വയ്ക്കുകയാണ്. കേരളം ഉള്‍പ്പടെയുള്ള സംസ്ഥാനങ്ങളെ ബാധിക്കുന്ന തരത്തില്‍ കേന്ദ്ര സര്‍ക്കാര്‍ നിലപാടുകള്‍ സ്വീകരിക്കുന്നു.

പിഎം ശ്രീയില്‍ ആദ്യം ഒപ്പിട്ടത് കോണ്‍ഗ്രസ് സര്‍ക്കാരാറുകളാണ്. കോണ്‍ഗ്രസ്സിന് ഇതില്‍ സംസാരിക്കാന്‍ അവകാശമില്ല. ജനങ്ങളുടെ പണമല്ലേ അത്. ഇത് രാജ്യത്തിന്റെ പണം. അത് തരിക തന്നെ വേണം. ഇതിനെതിരെ കോണ്‍ഗ്രസ് മിണ്ടുന്നില്ല. നയപരമായി പിഎം ശ്രീയിലെ നിബന്ധനകള്‍ക്ക് എതിരാണ്. വിഷയത്തില്‍ ചര്‍ച്ച ചെയ്ത് ഇടതു മുന്നണി മുന്നോട്ട് പോകും. പ്രശ്‌നങ്ങള്‍ ഞങ്ങള്‍ പഠിക്കും, പരിഹരിക്കും. സിപിഐ ഉള്‍പ്പടെയുള്ള ഇടതുപക്ഷ മുന്നണി ഒന്നാകെ ചര്‍ച്ച ചെയ്യും. ശരിയായ നിലയില്‍ ചര്‍ച്ച ചെയ്ത് പരിഹരിക്കും. ഇന്ദിരാ ഗാന്ധിയുടെ കാലം മുതല്‍ ഓരോ നിബന്ധനകളുണ്ട്. ഇപ്പോള്‍ അത് ശക്തമാകുന്നു.

സിപിഐ മുന്നണിയിലെ പ്രബലമായ കക്ഷിയാണ്. സിപിഎം കഴിഞ്ഞാല്‍ പ്രധാനപ്പെട്ട പാര്‍ട്ടിയാണ് സിപിഐ. അതിദാരിദ്ര്യം ഇല്ലാത്ത സംസ്ഥാനമായി കേരളം മാറുകയാണ്. അത് ലോക രാജ്യങ്ങളെ പോലും അത്ഭുതപ്പെടുത്തുന്നതാണ്. നവംബര്‍ ഒന്നിന് ആവേശകരമായ കാര്യം മുഖ്യമന്ത്രി പ്രഖ്യാപിക്കും. മമ്മൂട്ടിയും മോഹന്‍ലാലും കമല്‍ഹാസ്സനും ഉള്‍പ്പടെയുള്ളവര്‍ പങ്കെടുക്കുന്ന പരിപാടിയില്‍ ഇക്കാര്യം ലോകത്തോട് വിളിച്ച് പറയും. കേരള പിറവി ദിനം നവകേരള പിറവി ദിനമായിമാറുകയാണ്.”- എം വി ഗോവിന്ദൻ പറഞ്ഞു.

Related Articles

Latest Articles