കല്ലമ്പലം: പതിനാറുകാരിയെ പീഡിപ്പിച്ച് ഗർഭിണിയാക്കിയ കേസിൽ മൂന്ന് പേരെ കോടതി പോക്സോ കേസ് ചുമത്തി റിമാൻഡ് ചെയ്തു. പ്രണയം നടിച്ച് പട്ടികജാതിയിൽപ്പെട്ട പെൺകുട്ടിയെ കൊണ്ടു പോയി രാഹുൽ പല തവണ ലൈംഗികമായി പീഡിപ്പിക്കുകയായിരുന്നു.
ഇക്കാര്യം അറിഞ്ഞ അയൽവാസിയായ നിഷാദ്, കൂട്ടുകാരനായ സെമിൻ എന്നിവർ സംഭവം പുറത്ത് പറയുമെന്ന് ഭീഷണിപ്പെടുത്തി പെൺകുട്ടിയെ പീഡിപ്പിക്കുകയുമായിരുന്നു എന്ന് പോലീസ് പറഞ്ഞു. സംഭവത്തിൽ കുടവൂർ ഞാറയിൽക്കോണം ചരുവിള പുത്തൻ വീട്ടിൽ 21 കാരനായ രാഹുൽ , കുടവൂർ ലക്ഷം വീട് കോളനിയിൽ 25 കാരനായ നിഷാദ്, കുടവൂർ കരവായിക്കോണം വള്ളിച്ചിറ വീട്ടിൽ 35 കാരനായ സെമിൻ എന്നിവരെയാണ് റിമാൻഡ് ചെയ്തത്.
പലതവണ പെൺകുട്ടിയുടെ വീടിനടുത്തുള്ള വിജനമായ സ്ഥലത്തു വെച്ചും ഷെമിയുടെ വീട്ടിൽ കൊണ്ടു പോയും പീഡിപ്പിക്കുകയായിരുന്നു. നിരവധി സ്ഥലങ്ങളിൽ വച്ച് മൂവരും ഒന്നിലധികം തവണ ലൈംഗിക പീഡനത്തിനിരയാക്കിയ പെൺകുട്ടി ഇപ്പോൾ നാലുമാസം ഗർഭിണിയാണ്.
അതേസമയം, പെൺകുട്ടി സ്കൂളിൽ ഇടയ്ക്കിടെ വരാതിരിക്കുകയും കുട്ടിയുടെ പെരുമാറ്റത്തിലെ മാറ്റങ്ങളും ശ്രദ്ധിച്ച അദ്ധ്യാപകർ കുട്ടിയുടെ രക്ഷകർത്താക്കളുമായി ബന്ധപ്പെടുകയായിരുന്നു. തുടർന്ന് നടത്തിയ കൗൺസിലിംങ്ങിലും അന്വേഷണത്തിലുമാണ് സംഭവം പുറത്തറിയുന്നത്. വിശദമായ അന്വേഷണം നടത്തി വരികയാണെന്ന് പൊലീസ് പറഞ്ഞു.

