പാലക്കാട്: ആർ എസ് എസ് പ്രവർത്തകൻ സഞ്ജിത്തിന്റെ കൊലപാതക കേസിൽ മൂന്ന് പേരെ അറസ്റ്റ് ചെയ്തു. പാലക്കാട് സ്വദേശി സുബൈർ, നെന്മാറ സ്വദേശികളായ സലാം, ഇസ്ഹാക്ക് എന്നിവരാണ് പിടിയിലായത്. മുണ്ടക്കയത്തെ ബേക്കറി തൊഴിലാളിയാണ് സുബൈർ. സുബൈറിൻ്റെ മുറിയിൽ നിന്നാണ് മറ്റുള്ളവരെ പിടികൂടിയത്. കേസിൽ ഇവർക്കുള്ള പങ്ക് പൊലീസ് അന്വേഷിച്ചു വരികയാണെന്ന് അറിയിച്ചു.
തിങ്കളാഴ്ചയാണ് സഞ്ജിത്തിന്റെ കൊലപാതകം നടന്നത്. ഭാര്യയുമായി ബൈക്കിൽ വരവെ വണ്ടി തടഞ്ഞ് നിർത്തി വെട്ടിവീഴ്ത്തുകയായിരുന്നു. നിരവധി എസ് ഡി പി ഐ പ്രവർത്തകരുടെ മൊഴിയെടുക്കുകയും ഫോൺ രേഖകൾ പരിശോധിക്കുകയും ചെയ്തിരുന്നു. മൊഴികളുടെയും തെളിവുകളുടെയും അടിസ്ഥാനത്തിലാണ് പ്രതികളുമായി ബന്ധമുണ്ടെന്ന് കരുതുന്നവരിലേക്ക് അന്വേഷണ സംഘമെത്തിയത്.

