Thursday, May 16, 2024
spot_img

മൂന്നുവയസുകാരനു ക്രൂരമര്‍ദനം; അമ്മയും കാമുകനും അറസ്‌റ്റില്‍ , ഗുരുതരപരുക്കേറ്റ കുട്ടി ഐ.സി.യുവില്‍

മൂന്നു വയസുകാരനെ ക്രൂരമായി മര്‍ദിച്ച അമ്മയും കാമുകനും അറസ്‌റ്റില്‍. ജനനേന്ദ്രിയത്തിലുള്‍പ്പെടെ ഗുരുതരപരുക്കേറ്റ കുട്ടിയെ ആലപ്പുഴ മെഡിക്കല്‍ കോളജ്‌ ആശുപത്രി തീവ്രപരിചരണവിഭാഗത്തില്‍ പ്രവേശിപ്പിച്ചു.
കുട്ടിയുടെ അമ്മ അമ്പലപ്പുഴ വടക്ക്‌ പഞ്ചായത്ത്‌ 13-ാം വാര്‍ഡ്‌ സ്വദേശിനിയായ 26 വയസുകാരി, കാമുകന്‍ അമ്പലപ്പുഴ വടക്ക്‌ പഞ്ചായത്ത്‌ കാക്കാഴം പുതുവല്‍ വൈശാഖ്‌(31) എന്നിവരാണ്‌ അറസ്‌റ്റിലായത്‌. ക്രൂരമര്‍ദനം സഹിക്കാനാകാതെ ഇന്നലെ രാവിലെ എട്ടുമണിയോടെ കുട്ടി വീടിനു പുറത്തേക്ക്‌ ഓടിയതോടെയാണു സമീപവാസികള്‍ സംഭവം ശ്രദ്ധിച്ചത്‌. പഞ്ചായത്ത്‌ അംഗം സിനിലും നാട്ടുകാരും എത്തിയപ്പോഴേക്കും വൈശാഖ്‌ കടലില്‍ച്ചാടി രക്ഷപ്പെടാന്‍ ശ്രമിച്ചു. ഇയാളെ നാട്ടുകാര്‍ പിടികൂടി പോലീസിനു കൈമാറി. കടല്‍ഭിത്തിയില്‍ തട്ടി പരുക്കേറ്റ വൈശാഖിനെ പോലീസ്‌ ആലപ്പുഴ മെഡിക്കല്‍ കോളജ്‌ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും പിന്നീട്‌ വിട്ടയച്ചു.
കുട്ടിയുടെ ജനനേന്ദ്രിയത്തിലും തലയ്‌ക്കും ശരീരത്തും സാരമായി പരുക്കേറ്റിട്ടുണ്ട്‌. വൈശാഖ്‌ ലഹരിക്ക്‌ അടിമയാണ്‌. രണ്ടുപേര്‍ക്കുമെതിരേ കൊലപാതകശ്രമത്തിനാണ്‌ കേസെടുത്തതെന്ന്‌ അമ്പലപ്പുഴ സി.ഐ. മനോജ്‌ പറഞ്ഞു.
കുട്ടിയുടെ അമ്മ മുമ്പ്‌ രണ്ടുതവണ വിവാഹിതയാണ്‌. രണ്ടാം വിവാഹത്തിലെ കുട്ടിയാണ്‌ വിശാഖ്‌. മൂന്നുമാസമായി വൈശാഖും ഇവരും ഒന്നിച്ച്‌ വാടകവീട്ടിലാണു താമസം. മത്സ്യത്തൊഴിലാളിയായ വൈശാഖ്‌ പലപ്പോഴും കുട്ടിയെ മര്‍ദിച്ചിരുന്നെങ്കിലും അമ്മ ഈ വിവരം മറച്ചുവയ്‌ക്കുകയായിരുന്നു. നേരത്തേ കുട്ടിയെ മര്‍ദിക്കുന്നതു കണ്ടു തടയാന്‍ ശ്രമിച്ച വൈശാഖിന്റെ മാതാപിതാക്കളെയും ഇയാള്‍ മര്‍ദിച്ചിരുന്നു. രണ്ടു ദിവസം മുന്‍പ്‌ കുട്ടിയെ വൈശാഖിന്റെ മാതാവ്‌ സ്വന്തം വീട്ടില്‍ കൊണ്ടുവന്നപ്പോഴാണ്‌ ശരീരത്തിലെ പാടുകള്‍ ശ്രദ്ധിക്കുന്നത്‌. ഇതിനെക്കുറിച്ച്‌ ചോദിച്ചപ്പോള്‍ അമ്മയും അച്‌ഛനും അടിക്കുമെന്നായിരുന്നു കുട്ടിയുടെ മറുപടി. കുട്ടിയെ തിരിച്ച്‌ വാടകവീട്ടില്‍ എത്തിച്ചപ്പോള്‍ കുട്ടിയെ മര്‍ദിക്കുന്നത്‌ ശ്രദ്ധിക്കണമെന്ന്‌ വൈശാഖിന്റെ മാതാവും സഹോദരിയും അയല്‍വാസികളോടു പറഞ്ഞിരുന്നു. മൂന്നു മാസമായി വൈശാഖ്‌ കുട്ടിയെ മര്‍ദിക്കാറുണ്ടെന്നാണു വിവരം. അമ്പലപ്പുഴ കോടതിയില്‍ ഹാജരാക്കിയ വൈശാഖിനെയും കുട്ടിയുടെ അമ്മയെയും റിമാന്‍ഡ്‌ ചെയ്‌തു.കുട്ടിയുടെ സംരക്ഷണം ചൈല്‍ഡ്‌ ലൈന്‍ ഏറ്റെടുത്തു. ആശുപത്രിയില്‍ കുട്ടിയെ പരിചരിക്കാനും ചൈല്‍ഡ്‌ ലൈന്‍ പ്രവര്‍ത്തകരുണ്ട്‌.

Related Articles

Latest Articles