Sunday, September 20, 2026

വയനാട്ടില്‍ 26 കിലോ തൂക്കമുള്ള ആനക്കൊമ്പുകളുമായി മൂന്ന് യുവാക്കള്‍ വിജിലന്‍സ് പിടിയില്‍

കൽപറ്റ: വയനാട്ടില്‍ ആനക്കൊമ്പുമായി മൂന്ന് പേര്‍ വിജിലന്‍സ് പിടിയില്‍. വനം വകുപ്പിന്‍റെ വിജിലൻസ് ടീമാണ് 26 കിലോ തൂക്കമുള്ള ആനക്കൊമ്പുകള്‍ കടത്തിയ സംഘത്തെ പിടികൂടിയത്. അമ്പായത്തോട് സ്വദേശി മനു, കാര്യമ്പാടി സ്വദേശി അന്‍വര്‍, പള്ളിക്കോണം സ്വദേശി സുനില്‍ എന്നിവരെയാണ് അറസ്റ്റ് ചെയ്തത്.

ഇന്ന് രാവിലെയാണ് വിജിലന്‍സ് ഇവരെ അറസ്റ്റ് ചെയ്തത്. ഇവര്‍ സഞ്ചരിച്ച ബൈക്കും പിടിച്ചെടുത്തു. പൂര്‍ണരൂപത്തിലുള്ള വലിയ രണ്ട് ആനക്കൊമ്പുകളാണ് ഇവരിൽ നിന്ന് കണ്ടെടുത്തത്‌. ആനക്കൊമ്പുകള്‍ ചാക്കിലാക്കി കടത്താന്‍ ശ്രമിക്കുകയായിരുന്നു.

സംഭവത്തെ കുറിച്ച് രഹസ്യ വിവരം ലഭിച്ചതിനെ തുടർന്ന് ഫ്ലയിംഗ് സ്ക്വാഡ് റെയിഞ്ച് ഓഫിസർ പി.കെ. ഹാഷിഫും സംഘവും തലപ്പുഴ വരയാലിൽ നടത്തിയ പരിശോധനയിലാണ് ആന കൊമ്പുകൾ കണ്ടെടുത്തത്.

പരിശോധനയ്ക്കിടയില്‍ മൂന്ന് പേരും ഉദ്യോഗസ്ഥരില്‍ നിന്നും രക്ഷപ്പെടാന്‍ ശ്രമിച്ചു. കടന്നുകളയാന്‍ ശ്രമിച്ച ഇവരെ ഫോറസ്റ്റ് റേഞ്ച് ഓഫീസര്‍ പിന്തുടര്‍ന്ന് പിടികൂടുകയായിരുന്നു. ഇവ വില്‍പ്പനക്കായി കൊണ്ടുവന്നതാണെന്നാണ് ഉദ്യോഗസ്ഥരുടെ നിഗമനം. ഇവർക്ക് എവിടെ നിന്നാണ് ആനക്കൊമ്പുകൾ കിട്ടിയതെന്ന് അന്വേഷണത്തിൽ കണ്ടത്തണമെന്ന് വനം വകുപ്പ് അറിയിച്ചു. മൂന്നുപേരും ഇപ്പോള്‍ റേഞ്ച് ഓഫിസറുടെ കസ്റ്റഡിയിലാണ്.

Related Articles

Latest Articles