Saturday, December 27, 2025

തൃശൂര്‍ നഗരത്തില്‍ നാളെ പുലികളിറങ്ങും

തൃശ്ശൂര്‍: കുടവയര്‍ കുലുക്കി താളമേളങ്ങളുടെ അകമ്പടിയില്‍ രൗദ്രഭാവങ്ങളുമായി തൃശൂര്‍ നഗരത്തില്‍ നാളെ പുലികളിറങ്ങും. ചായം തയ്യാറാക്കിയും നിശ്ചല ദൃശ്യങ്ങള്‍ ഒരുക്കിയും വിവിധ പുലികളി സംഘങ്ങള്‍ അവസാനവട്ട ഒരുക്കങ്ങളിലാണ്. നാളെ വൈകിട്ടാണ് സ്വരാജ് റൗണ്ടില്‍ കാണികളെ ആവേശത്തിമര്‍പ്പിലാഴ്ത്തി പുലികള്‍ നിറഞ്ഞാടുക.

വിവിധ ദേശങ്ങളിലെ പുലികള്‍ അവസാനവട്ട പരിശീലനത്തിലാണ്. ശനിയാഴ്ച രാവിലെത്തന്നെ പുലികള്‍ക്ക് ചായം പൂശിത്തുടങ്ങുമെന്നതിനാല്‍ പരിശീലനത്തിന്റെ അവസാന ദിവസമാണിന്ന്. വേഷത്തിലും ഒരുക്കത്തിലും വിവിധ ദേശങ്ങള്‍ അത്ഭുതങ്ങള്‍ ഒളിപ്പിച്ചുവച്ചിട്ടുണ്ട്. പുലികള്‍ക്കൊപ്പമുള്ള നിശ്ചലദൃശ്യങ്ങള്‍ അവസാനവട്ട മിനുക്കു പണിയിലാണ്

ദേശങ്ങളില്‍ ചമയപ്രദര്‍ശനം തുടരുകയാണ്. ഇക്കുറിയും പെണ്‍പുലികളും കരിമ്പുലികളുമുണ്ടാകും. ഒന്നാം സ്ഥാനമുറപ്പിക്കാനുള്ള എല്ലാ ഒരുക്കങ്ങളും തകൃതിയാണ്. ഓണാഘോഷങ്ങളുടെ സമാപനം കൂടിയാണ് പുലികളി എന്നതിനാല്‍ ആയിരക്കണക്കിനാളുകള്‍ സ്വരാജ് റൗണ്ടിലെത്തുമെന്നാണ് കരുതുന്നത്. പുലികളിയുടെ ആവേശവും മനോഹാരിതയും ഉള്‍ക്കൊള്ളാന്‍ വിദേശത്തു നിന്നുപോലും ആളുകളെത്താറുണ്ട്.

Related Articles

Latest Articles