Sunday, September 27, 2026

കണ്ണൂരിലെ ഒന്നര വയസുകാരന്റെ കൊല: ആ കുഞ്ഞിനെ എവിടെ എറിഞ്ഞോ അവിടെയാണ് അവളുടെയും അവസാനം, ആക്രോശിച്ച് ജനക്കൂട്ടം

കണ്ണൂര്‍: ‘സാര്‍, സ്ത്രീകള്‍ക്ക് അപമാനം വരുത്തിവച്ച ഈ നാറിയെ കൊന്നുകളയണം… കാമുകന്റെ കൂടെ പൊറുക്കാന്‍ പോയ്‌ക്കോടീ, കുഞ്ഞിനെ പോറ്റാന്‍ കഴിയില്ലെങ്കില്‍ കുട്ടികളില്ലാതെ ദുഃഖിക്കുന്ന അച്ഛനമ്മമാര്‍ക്ക് കുഞ്ഞിനെ കൊടുത്തൂടെ…’ രോഷാകുലരായ ജനക്കൂട്ടത്തിന്റെ പ്രതിഷേധത്തിന്റെയും സങ്കടത്തിന്റെയും വാക്കുകളാണിത്.

കടല്‍ത്തീരത്തെ കരിങ്കല്ലുകള്‍ക്കിടയില്‍ കുഞ്ഞിനെ എറിഞ്ഞു കൊലപ്പെടുത്തിയ തയ്യില്‍ കൊടുവള്ളി ഹൗസില്‍ ശരണ്യയെ (22) പോലീസ് തെളിവെടുപ്പിനായി തയ്യില്‍ കടപ്പുറത്ത് കൊണ്ടുവന്നപ്പോള്‍ ഏറെ രോഷത്തോടെയാണ് ജനങ്ങള്‍ പ്രതികരിച്ചത്.

രാവിലെ 9.30 ഓടെയാണ് തെളിവെടുപ്പിനായി യുവതിയെ എത്തിച്ചത്. ആദ്യം കുഞ്ഞിന്റെ മൃതദേഹം കണ്ട കടല്‍ത്തീരത്തെ കരിങ്കല്ലുകള്‍ക്കിടയിലേക്കാണ് കൊണ്ടുവന്നത്. കൊലപാതകം നടത്തിയ രീതി പോലീസിനോട് ശരണ്യ വിവരിച്ചു. കുഞ്ഞിനെ എറിഞ്ഞ സ്ഥലം കടല്‍ക്കരയില്‍ നിന്നും ചൂണ്ടിക്കാട്ടിക്കൊടുക്കുകയായിരുന്നു.

ഈസമയം രോഷാകുലരായ നാട്ടുകാരെ നിയന്ത്രിക്കാന്‍ പോലീസ് നന്നെ പാടുപെടുന്നുണ്ടായിരുന്നു. ജനങ്ങളുടെ തെറിവിളികള്‍ രൂക്ഷമായപ്പോള്‍ ജനങ്ങളെ തെളിവെടുപ്പ് നടത്തുന്ന സ്ഥലത്തുനിന്നും ദൂരേക്കു മാറ്റാന്‍ പോലീസ് ശ്രമിച്ചു. തെളിവെടുപ്പിനു കൊണ്ടുവന്നപ്പോള്‍ ശരണ്യയുടെ മുഖത്ത് കാര്യമായ ഭാവവ്യത്യാസങ്ങള്‍ ഇല്ലാതെ തല താഴ്ത്തിയാണ് എത്തിയത്.

തുടര്‍ന്ന് തെളിവെടുപ്പിനായി ശരണ്യയും കുടുംബവും താമസിച്ച തയ്യിലിലെ വീട്ടിലേക്കാണു കൊണ്ടുപോയത്. വീട്ടില്‍ കയറിയതോടെ ശരണ്യയുടെ അമ്മയും സഹോദരിയും മറ്റു ബന്ധുക്കളും ദുഃഖം താങ്ങാനാവാതെ ഉച്ചത്തില്‍ കരയുന്നുണ്ടായിരുന്നു. ഇതിനിടയില്‍ പുരുഷന്‍മാരായ ബന്ധുക്കള്‍ ശരണ്യയെ ശകാരിക്കുകയും തെറിപറയുകയും ഉച്ചത്തില്‍ ബഹളം വയ്ക്കുന്നതും കേള്‍ക്കാമായിരുന്നു. കുഞ്ഞ് അവസാനമായി കിടന്നുറങ്ങിയ മുറിയും ഉപയോഗിച്ച കളിപ്പാട്ടങ്ങള്‍ ഉള്‍പ്പെടെയുള്ളവ പോലീസ് പരിശോധിച്ചു. അവസാനമായി കുടിച്ച പാല്‍കുപ്പി പോലീസ് നേരത്തെ കസ്റ്റഡിയിലെടുത്തിരുന്നു. ശരണ്യയെ ഇന്ന് കോടതിയില്‍ ഹാജരാക്കും.

Related Articles

Latest Articles