അഹമ്മദാബാദ്: ബോര്‍ഡര്‍-ഗാവസ്‌ക്കര്‍ ടെസ്റ്റ് പരമ്പരയില്‍ ഏറ്റവും കൂടുതല്‍ വിക്കറ്റ് വീഴ്ത്തുന്ന ഇന്ത്യന്‍ ബൗളറെന്ന നേട്ടം സ്വന്തമാക്കി ആര്‍. അശ്വിന്‍. ഒന്നാം ഇന്നിങ്‌സില്‍ കത്തിക്കയറിയ ഓസീസിന്റെ ആറ് വിക്കറ്റുകള്‍ വീഴ്ത്തിയാണ് അശ്വിന്‍,റെക്കോർഡ് സ്വന്തമാക്കിയത്. ഇന്ത്യയുടെ വിഖ്യാത സ്പിന്നർ അനില്‍ കുംബ്ലെയുടെ റെക്കോഡാണ് അശ്വിന്‍ മറികടന്നത്.
ഓസ്‌ട്രേലിയക്കെതിരേ 22 ടെസ്റ്റില്‍ നിന്ന് 111 വിക്കറ്റുകളാണ് കുംബ്ലെ വീഴ്ത്തിയത്. അശ്വിൻ 20 ടെസ്റ്റില്‍ നിന്ന് 112 വിക്കറ്റുകളാണ് വീഴ്ത്തിയിരിക്കുന്നത്. ഒന്നാം ഇന്നിങ്സില്‍ 47.2 ഓവറുകള്‍ ബൗള്‍ ചെയ്ത അശ്വിന്‍ 91 റണ്‍സ് വഴങ്ങിയാണ് ആറ് വിക്കറ്റ് വീഴ്ത്തിയത്. നാല് ടെസ്റ്റുകളടങ്ങിയ പരമ്പരയിയിലുടനീളം 24 വിക്കറ്റുകള്‍ അശ്വിന്റെ അക്കൗണ്ടിലെത്തി.
ബോര്‍ഡര്‍-ഗാവസ്‌ക്കര്‍ പരമ്പരയിലെ വിക്കറ്റ് വേട്ടയില്‍ മുന്നിലുളളത്. ഓസ്‌ട്രേലിയയുടെ നേഥന്‍ ലയണാണ്. 25 ടെസ്റ്റില്‍ നിന്ന് 113 വിക്കറ്റുകളാണ് ലയണിന്റെ അക്കൗണ്ടിലുള്ളത്. മത്സരത്തിൽ നേഥന്‍ ലയണും ഓസ്‌ട്രേലിയയ്ക്കായി ബൗൾ ചെയ്യും.
നാട്ടില്‍ ടെസ്റ്റില്‍ ഏറ്റവും കൂടുതല്‍ തവണ അഞ്ച് വിക്കറ്റ് നേട്ടം സ്വന്തമാക്കിയ ഇന്ത്യന്‍ താരമെന്ന നേട്ടവും അശ്വിന്‍ നേടിയിരുന്നു. ടെസ്റ്റ് കരിയറില്‍ താരത്തിന്റെ 32-ാം അഞ്ച് വിക്കറ്റ് നേട്ടമാണ് വെള്ളിയാഴ്ച അഹമ്മദാബാദില്‍ പിറന്നത്. ഇന്ത്യയില്‍ നടക്കുന്ന ടെസ്റ്റ് മത്സരങ്ങളില്‍ 26-മത്തേതും. 25 തവണ അഞ്ച് വിക്കറ്റ് നേട്ടം സ്വന്തമാക്കിയ അനില്‍ കുംബ്ലെയുടെ തന്നെ റെക്കോഡാണ് ഇതിലും അശ്വിന്‍ മറികടന്നത്

