Wednesday, December 24, 2025

ഇന്ന് സ്വാമി വിവേകാനന്ദന്റെ 120-ാം മഹാ സമാധിദിനം; “ചെന്നെത്തുന്നതെവിടെയെങ്കിലുമാകട്ടെ സത്യത്തെ തന്നെ പിന്തുടരുക. ഭീരുത്വവും കാപട്യവും ദൂരെക്കളയുക.”

ഇന്ന് തത്ത്വശാസ്ത്രത്തിന്റെ ആധുനികകാലത്തെ ഏറ്റവും ശക്തനായ വക്താവും ഇന്ത്യയിലെമ്പാടും സ്വാധീനമറിയിച്ച ആത്മീയ ഗുരുവുമായ സ്വാമി വിവേകാനന്ദന്റെ 120-ാം സമാധിദിനം. . രാമകൃഷ്ണ പരമഹംസന്റെ പ്രധാന ശിഷ്യനും രാമകൃഷ്ണ മഠം, രാമകൃഷ്ണ മിഷൻ എന്നിവയുടെ സ്ഥാപകനുമാണ് ഇദ്ദേഹം. സ്വാമി വിവേകാനന്ദൻ്റെ ജന്മദിനം രാജ്യം ദേശീയ യുവജന ദിനമായും ആചരിക്കുന്നുണ്ട്.

1863 ജനുവരി 12നായിരുന്നു സ്വാമി വിവേകാന്ദൻ്റെ ജനനം. നരേന്ദ്രനാഥ് ദത്ത എന്നായിരുന്നു സന്ന്യാസം സ്വീകരിക്കുന്നതിനു മുൻപ് അദ്ദേഹത്തിൻ്റെ പേര്. വേദാന്ത തത്ത്വശാസ്ത്രത്തിനു വേണ്ടി ആധുനിക കാലത്ത് ശക്തമായി വാദിച്ച വിവേകാനന്ദൻ ആത്മീയ ഗുരുവെന്ന നിലയിൽ ഇന്ത്യയിലെമ്പാടും സ്വാധീനമറിയിച്ചിരുന്നു. ഭയരഹിതമായ പ്രസംഗങ്ങള്‍ കൊണ്ടും ആശയപ്രചാരണം കൊണ്ടും രാജ്യമെമ്പാടും അദ്ദേഹത്തിന് അനുയായികളുമുണ്ടായി. വിവേകാനന്ദൻ്റെ വരവ് ഹിന്ദുമതത്തിലും ഭാരതീയ സംസ്കാരത്തിലും പുതിയ തുടക്കത്തിന് വഴിവെച്ചുവെന്നാണ് നീരക്ഷകര്‍ പറയുന്നത്. ഹിന്ദുമതത്തെ ആധുനിക കാലത്തിന് അനുസൃതമായ തരത്തിൽ നിരീക്ഷിക്കാനും മതസംസ്കാരത്തിന് വ്യാവസായിക യുഗത്തിൽ പുതിയ നിര്‍വചനം നല്‍കാനും വിവേകാനന്ദന് സാധിച്ചുവെന്നും ചൂണ്ടിക്കാട്ടപ്പെടുന്നു.
വിവേകാനന്ദന്റെ ആവിർഭാവം ഭാരതീയ സംസ്കാരത്തിന്റെയും ഹിന്ദുമതത്തിന്റെയും ചരിത്രത്തിൽ പുതിയ അധ്യായത്തിന്റെ തുടക്കമായിരുന്നു. മതദാർശനികനെന്ന നിലയിൽ സ്വാമി വിവേകാനന്ദനെ രണ്ടു വ്യത്യസ്ത ദൃഷ്ടികോണുകളിൽനിന്നും അപഗ്രഥിക്കാം. ഒന്നാമത്തേത്, ശ്രീരാമനും ശ്രീകൃഷ്ണനും ശ്രീശങ്കരനും വ്യാഖ്യാനിച്ചു പ്രചരിപ്പിച്ച ഭാരതീയ മതതത്വശാസ്ത്രത്തെ, ആധുനിക വ്യാവസായിക ശാസ്ത്രീയ യുഗത്തിനനുസൃതമായി വ്യാഖ്യാനിച്ച ആധ്യാത്മികാചാര്യൻ എന്ന നിലയിലും രണ്ടാമത്തേത് മതസംസ്കാരത്തിന് ആധുനിക ശാസ്ത്രത്തിന്റെയും സാങ്കേതികവിദ്യയുടെയും ഭാഷയിൽ പുതിയ നിർവചനവും വ്യാഖ്യാനവും നൽകി ആയുസ്സ് നീട്ടിക്കൊടുത്ത ദാർശനികൻ എന്ന നിലയിലുമാണിത്.

ഭാരതം എക്കാലത്തും കഴിഞ്ഞുകൂടിയിരുന്നത് മഹര്‍ഷിമാരുടെ മഹനീയവചനങ്ങള്‍കൊണ്ടായിരുന്നു. മഹാരാജാക്കന്മാര്‍ ആ വചനങ്ങള്‍ അനുസരിച്ചു, മഹാദരിദ്രരും അനുസരിച്ചു. സമൂഹത്തില്‍ നാനാജാതികളിലുള്ളവര്‍ അവ അനുസരിച്ചു, നാനാതൊഴിലുകളിലേര്‍പ്പെട്ടവര്‍ അനുസരിച്ചു. കാരണം ധര്‍മ്മം എന്തു വില കൊടുത്തും പാലിക്കേണ്ടതാണെന്ന ബോധം ഈ വംശത്തിന് എന്നുമുണ്ടായിരുന്നു. അതുകൊണ്ടു ഭാരതം ‘പുണ്യഭൂമി’യായി നിലനിന്നു, ഇന്നും നിലനില്ക്കുന്നു. ഈ ദേശം എന്നും അങ്ങനെയായിരിക്കുകയും ചെയ്യും. അതു മാറ്റാന്‍ ഉള്ളില്‍നിന്നോ പുറത്തുനിന്നോ ശ്രമമുണ്ടായപ്പോഴെല്ലാം ദയനീയമായി പരാജയപ്പെട്ടിട്ടുണ്ട്, പരാജയപ്പെടുകയും ചെയ്യും; കാരണം ധര്‍മ്മത്തെ സംരക്ഷിക്കാനായി ഈശ്വരന്‍തന്നെ ഈ വംശത്തെ സംരക്ഷിക്കുന്നു. ധര്‍മ്മരംഗത്ത് ഭാരതത്തിന്റെ മാര്‍ഗ്ഗനിര്‍ദ്ദേശമാണ് അറിഞ്ഞോ അറിയാതെയോ മറ്റു ദേശങ്ങളും കാതോര്‍ക്കുന്നത്. ലോകഗുരുവിന്റെ സ്ഥാനം ഭാരതത്തിന് ഈശ്വരദത്തമാണ്.

Related Articles

Latest Articles