Friday, May 3, 2024
spot_img

ഇന്ന് ലോക കാഴ്ച്ച ദിനം ; ‘നിങ്ങളുടെ കണ്ണുകളെ സ്‌നേഹിക്കുക’ എന്നതാണ് ഈ വര്‍ഷത്തെ സന്ദേശം.

ഇന്ന് ലോക കാഴ്ച്ച ദിനം . അന്ധത തടയുന്നതിനുള്ള അന്താരാഷ്ട്ര ഏജന്‍സി ആണ് ലോക കാഴ്ച്ച ദിനാചരണത്തിന് ആഹ്വാനം ചെയ്തിരിക്കുന്നത്. ‘നിങ്ങളുടെ കണ്ണുകളെ സ്‌നേഹിക്കുക’ എന്നതാണ് ഈ വര്‍ഷത്തെ സന്ദേശം. കണ്ണിന്റെ ആരോഗ്യം നിലനിര്‍ത്തുന്നതിനും നിര്‍ണായകമായ നേത്ര പരിശോധനകളുടെ പ്രാധാന്യത്തെക്കുറിച്ച് അവബോധം വളര്‍ത്തുന്നതിനുള്ള സുപ്രധാന അവസരമാണ് ഈ ദിനം. പ്രത്യേകിച്ച് അസുഖത്തിന് സാധ്യതയുള്ളവരോ പ്രമേഹം പോലുള്ള വിട്ടുമാറാത്ത അവസ്ഥകളോ ഉള്ളവരില്‍. റെറ്റിന രോഗങ്ങളുടെ ആദ്യകാല ആരംഭം തടയാന്‍ കുട്ടികള്‍ അവരുടെ കണ്ണുകളെ ശ്രദ്ധിക്കണം.

ഇന്ത്യയില്‍ 15 വയസില്‍ താഴെയുള്ള 1000 കുട്ടികളില്‍ 0.8 കുട്ടികള്‍ക്കും അന്ധതയോ ഗുരുതരമായ കാഴ്ച്ച പ്രശ്നങ്ങളോ ഉണ്ടെന്നാണ് കണ്ടെത്തല്‍. കുട്ടികളുടെ കാഴ്ച്ച തകരാറുകള്‍ അവരുടെ സാമൂഹികവും മാനസികവും വിദ്യാഭ്യാസപരവുമായ വളര്‍ച്ചയെ ബാധിക്കുന്നു. കുട്ടികളിലെ അന്ധത ഒരു സാര്‍വജനീനമായ ആരോഗ്യ പ്രശ്നമായി ലോകം മുഴുവന്‍ കണക്കാക്കുന്നു. ആരംഭത്തിലേ നേത്രരോഗങ്ങള്‍ കണ്ടെത്തി ചികിത്സിച്ചാല്‍ പല നേത്രരോഗങ്ങളും ഭേദമാക്കാം.

ശരിയായ ചികിത്സ ലഭിച്ചിട്ടില്ലാത്ത അപഭംഗ പാളിച്ചകള്‍ , കണ്ണിലെ അണുബാധ, വിറ്റാമിന്‍ എയുടെ കുറവ്, കണ്ണിലുണ്ടാകുന്ന മുറിവുകള്‍, ജന്മനായുള്ള തിമിരം, ജന്മനായുള്ള ഗ്ലോക്കോമ, കോങ്കണ്ണ്, മാസം തികയാതെ പ്രസവിക്കുന്ന കുട്ടികളില്‍ ഉണ്ടാകുന്ന റെറ്റിനോപ്പതി ഓഫ് പ്രിമിച്ചുറിറ്റി തുടങ്ങിയവയാണ് അന്ധതയുടെ പ്രധാന കാരണം. റെറ്റിനോപ്പതി ഓഫ് പ്രിമിച്ചുറിറ്റി ഇപ്പോള്‍ ഒരു പ്രധാനപ്പെട്ട രോഗമായി മാറിയിരിക്കുകയാണ്. അതിനാല്‍ തന്നെ ഇതിന്റെ പരിശോധനയ്ക്കും ചികിത്സയ്ക്കും സര്‍ക്കാര്‍ വലിയ പ്രാധാന്യം നല്‍കുന്നു. കണ്ണാശുപത്രികളിലും മെഡിക്കല്‍ കോളേജുകളിലും ഇതിന്റെ പരിശോധനയും ചികിത്സയും ലഭ്യമാണ്. വിറ്റാമിന്‍ എയുടെ കുറവ് പരിഹരിക്കാന്‍ ആഹാരത്തില്‍ കൂടുതല്‍ പച്ചക്കറികളും മഞ്ഞ, ചുവപ്പ് നിറമുള്ള പഴവര്‍ഗങ്ങളും ഉള്‍പ്പെടുത്തണം. 6 മാസം മുതല്‍ 5 വയസുവരെയുള്ള കുട്ടികള്‍ക്ക് വിറ്റാമിന്‍ എ തുള്ളിമരുന്ന് ഹെല്‍ത്ത് സെന്ററുകള്‍ വഴി ലഭിക്കും.

Related Articles

Latest Articles