Sunday, December 14, 2025

തോഷഖാന കേസ്: കോടതി ഹാജരാകാൻ ആവർത്തിച്ച് ആവശ്യപ്പെട്ടിട്ടും അവഗണിച്ചു;
ഇസ്‌ലാമാബാദ് പൊലീസ് അറസ്റ്റ് വാറണ്ടുമായി ഇമ്രാൻഖാന്റെ വീട്ടു പടിക്കൽ!!

ഇസ്‌ലാമാബാദ് : തോഷഖാന കേസുമായി ബന്ധപ്പെട്ട് തുടർച്ചയായി കോടതിയിൽ ഹാജരാകാത്ത പാക്കിസ്ഥാൻ മുൻ പ്രധാനമന്ത്രിയും പാക്കിസ്ഥാൻ തെഹ്‌രികെ ഇൻസാഫ് പാർട്ടി നേതാവുമായ (പിടിഐ) ഇമ്രാൻ ഖാനെതിരെ അറസ്റ്റ് വാറന്റുമായി ഇസ്‌ലാമാബാദ് പൊലീസ്. അറസ്റ്റ് വാറണ്ടുമായി ലഹോറിലെ സമാൻ പാർക്കിലെ ഇമ്രാന്റെ വസതിയിൽ പൊലീസ് സംഘം എത്തിച്ചേർന്നു എന്നാണ് ലഭിക്കുന്ന വിവരം.

തോഷഖാന കേസിൽ കോടതിയിൽ ഹാജരാകാൻ കോടതി നിരന്തരം ആവശ്യപ്പെട്ടിട്ടും അതിനു മുതിരാതിരുന്നതോടെയാണ് ഇമ്രാനെതിരെ ജാമ്യമില്ലാത്ത അറസ്റ്റ് വാറണ്ട് പുറപ്പെടുവിക്കാൻ സെഷൻസ് കോടതി നിർബന്ധിതരായത്. ഇമ്രാൻ ഖാനെ കസ്റ്റഡിയിലെടുത്ത ശേഷം മാർച്ച് ഏഴിന് കോടതിയിൽ ഹാജരാക്കാനാണ് ഉത്തരവ്. ഇമ്രാന്റെ വസതിക്കു മുന്നിൽ വൻ പൊലീസ് സന്നാഹത്തെ വിന്യസിച്ചിട്ടുണ്ട്.

പ്രതിഷേധവുമായി ഇമ്രാന്റെ അനുയായികളും വീടിനു മുന്നിൽ തടിച്ചു കൂടിയിരിക്കുകയാണ്. അറസ്റ്റ് തടയാൻ ഉടൻ തന്നെ അദ്ദേഹത്തിന്റെ വസതിയിൽ എത്തണമെന്ന് പ്രവർത്തകരോട് പാർട്ടി ആഹ്വാനം ചെയ്തിട്ടുണ്ട് .

ഇമ്രാൻ ഖാൻ പ്രധാനമന്ത്രിയായിരിക്കെ ലഭിച്ച സമ്മാനങ്ങൾ രാജ്യത്തിനു കൂടി അവകാശപ്പെട്ട സ്വത്തുക്കൾ അനധികൃതമായി വിറ്റുവെന്നാണ് കേസ്. ഇത്തരത്തിൽ സമ്മാനങ്ങൾ വാങ്ങുമ്പോൾ വെളിപ്പെടുത്തണമെന്നാണ് നിയമം. നിശ്ചിത തുകയിൽ കുറവാണ് മൂല്യമെങ്കിൽ അവ കൈവശം വയ്ക്കാം. അല്ലാത്തവ ‘തോഷഖാന’ എന്ന സംവിധാനത്തിലേക്ക് പോകും. ഈ സമ്മാനങ്ങളുടെ പകുതി വില നൽകി പ്രധാനമന്ത്രിക്ക് വാങ്ങാനാകും. എന്നാൽ ഇമ്രാൻ പാരിതോഷികങ്ങളെ 20 ശതമാനം വരെ കുറച്ച് വാങ്ങുകയും പിന്നീട് ഇവ ഉയർന്ന വിലയിൽ മറിച്ചുവിൽക്കുകയും ചെയ്തു എന്നാണ് കേസ്.

Related Articles

Latest Articles