Sunday, May 12, 2024
spot_img

രാജ്യത്ത് ഒമിക്രോൺ രോഗികളുടെ എണ്ണം 200 ആയി: കേരളത്തിൽ 15 രോഗികൾ; തീവ്രവ്യാപന സാധ്യതയില്ല

ദില്ലി: രാജ്യത്ത് കോവിഡ്-19 വകഭേദമായ ഒമിക്രോൺ രോഗികളുടെ എണ്ണം 200 ആയതായി കേന്ദ്ര ആരോഗ്യ മന്ത്രാലയം. ഏറ്റവും കൂടുതൽ ഒമിക്രോൺ ബാധിതർ ദില്ലിയിലും മഹാരാഷ്ട്രയിലുമാണ്. 12 സംസ്ഥാനങ്ങളിൽ ഇതുവരെ രോഗം റിപ്പോർട്ടു ചെയ്തു. കേരളത്തിൽ 15 പേർക്ക് രോഗം സ്ഥിരീകരിച്ചിട്ടുണ്ട്.

ഒമിക്രോൺ സ്ഥിരീകരിച്ചവരിൽ 77 പേർ രാജ്യം വിടുകയോ, രോഗം ഭേദമാവുകയോ ചെയ്തുവെന്നും ആരോഗ്യമന്ത്രാലയം അറിയിച്ചു. മാത്രമല്ല വകഭേദത്തിൻറെ വ്യാപനം കൂടുന്ന പശ്ചാത്തലത്തിൽ ദില്ലിയിൽ അഞ്ച് ആശുപത്രികൾ ഒമിക്രോൺ ചികിത്സയ്ക്ക് മാത്രമാക്കി മാറ്റി. നിലവിലെ സാഹചര്യത്തെ സർക്കാർ സൂക്ഷ്മമായി നിരീക്ഷിച്ചു വരികയാണ്. ഒമിക്രോൺ പ്രതിരോധത്തിന് നിലവിലുള്ള വാക്സിന്റെ കാര്യക്ഷമത പരിശോധിച്ചു വരികയാണ്. ബിഎംസി ഉൾപ്പടെ മഹാരാഷ്ട്രയിലെ മുൻസിപ്പൽ കോർപ്പറേഷനുകളിൽ കൊവിഡ് മാനദണ്ഡങ്ങൾ ലംഘിക്കുന്നവർക്കെതിരെയുള്ള നടപടികളും ശക്തമാക്കി.

അതേസമയം രാജ്യത്ത് ഒമിക്രോൺ വ്യാപനം തീവ്രമാകുമെന്നതിന് ശാസ്ത്രീയ തെളിവുകളൊന്നും ഇതുവരെ കണ്ടെത്താനായിട്ടില്ലെന്നാണ് കേന്ദ്രത്തിൻറെ കൊവിഡ് ഗവേഷക സംഘം വ്യക്തമാക്കുന്നത്. മാത്രമല്ല വാക്സീനുണ്ടാക്കുന്ന പ്രതിരോധ ശേഷി മറികടക്കാൻ വൈറസിന് ശേഷിയുണ്ടെന്നതിനും നിലവിൽ തെളിവില്ല. കൊവിഡ് പ്രതിരോധത്തിനായി അടിസ്ഥാന സൗകര്യം ഒരുക്കാൻ 23,000 കോടി രൂപ സംസ്ഥാനങ്ങൾക്കായി അനുവദിച്ചതായി കഴിഞ്ഞ ദിവസം കേന്ദ്ര ആരോഗ്യ മന്ത്രി പാർലമെൻറിൽ അറിയിച്ചിരുന്നു.

Related Articles

Latest Articles