മലപ്പുറം: കരോൾ സംഘത്തെ മലപ്പുറത്ത് മദ്യപാനി സംഘം ആക്രമിച്ചു. ഇന്നലെ രാത്രി പത്ത് മണിയോടെയായിരുന്നു സംഭവം. കരോൾ സംഘത്തിലുണ്ടായിരുന്ന കുട്ടികളാണ് ആക്രമിക്കപ്പെട്ടത്.
ക്രിസ്തുമസ് ആഘോഷവുമായി ബന്ധപ്പെട്ട് കരോൾ ഗാനവുമായി നടന്നിരുന്ന ഇരുപതോളം കുട്ടികളെ മദ്യപാനികൾ വടിയും പട്ടികയും ഉപയോഗിച്ച് ആക്രമിച്ചുവെന്നാണ് പരാതി. സംഭവമറിഞ്ഞ് ഓടിയെത്തിയ നാട്ടുകാർ പോലീസിനെ വിളിച്ചു. പോലീസ് എത്തുമ്പോഴേക്കും അക്രമി സംഘം രക്ഷപ്പെട്ടു.
കുട്ടികൾ വാടകയ്‌ക്ക് എടുത്തിരുന്ന വാദ്യോപകരണങ്ങളും സംഘം നശിപ്പിച്ചു. മർദ്ദനത്തിനിരയായ കുട്ടികൾ പോലീസിൽ പരാതി നൽകിയിട്ടുണ്ട്. അഞ്ച് കുട്ടികൾക്കാണ് ആക്രമണത്തിൽ പരിക്കേറ്റത്. മലപ്പുറം ചങ്ങരങ്ങുളം പെരുമുക്ക് എന്ന സ്ഥലത്താണ് സംഭവം നടന്നത്. അക്രമികൾക്കായി പോലീസ് അന്വേഷണം തുടരുകയാണ്.

