ദില്ലി: റഷ്യ യുക്രൈനിൽ വെടിനിര്‍ത്തല്‍ പ്രഖ്യാപിച്ചതിന് പിന്നാലെ ഇന്ത്യയുടെ ഇടപെടലിനെ കുറിച്ച് വ്യക്തമാക്കി വിദേശകാര്യ വിദഗ്ധൻ ടിപി ശ്രീനിവാസന്‍. വെടിനിര്‍ത്തല്‍ പ്രഖ്യാപിച്ചത് ഇന്ത്യയുടെ ആവശ്യപ്രകാരമെന്ന് ടിപി ശ്രീനിവാസന്‍ പറഞ്ഞു.
ഇന്ത്യ എന്നും സമാധാനത്തോടെ ശാന്തമായാണ് ഇത്തരം കാര്യങ്ങളെ സമീപിക്കുന്നത്. അതിനാൽ തന്നെയാണ് ഇന്ത്യക്ക് അനുകൂലമായ കാര്യങ്ങള്‍ സംഭവിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. മാത്രമല്ല നമ്മുടെ കുട്ടികള്‍ക്കൊന്നും ജീവന്‍ നഷ്ടപ്പെടാതെ വന്നത് പ്രധാനമന്ത്രിയുടെ വിജയമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
നിലവില്‍ യുക്രൈനില്‍ അവശേഷിക്കുന്ന വിദേശികളില്‍ ഭൂരിഭാഗവും ഇന്ത്യക്കാര്‍ തന്നെയാണ്. അവരെ തിരികകെയെത്തിക്കാന്‍ തന്നെയാണ് ഈ വെടിനിര്‍ത്തല്‍ പ്രഖ്യാപനം. നേരത്തെ തന്നെ സമാധാനത്തിന് ഇന്ത്യ ആവശ്യപ്പെട്ടിരുന്നു. ഇന്നിപ്പോള്‍ സാഹചര്യങ്ങള്‍ കൂടുതല്‍ വഷളായ സാഹചര്യത്തിലാണ് ഈയൊരു ആശ്വാസ വാര്‍ത്ത പുറത്തുവന്നിരിക്കുന്നതെന്ന് അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു.

