മുംബൈ: ടിവി ചാനലുകള്‍ ഉപഭോക്താക്കള്‍ക്ക് തെരഞ്ഞെടുക്കാവുന്ന പരിഷ്കാരത്തിന് പിന്നാലെ വീണ്ടും ടിവി കാണൽ ചെലവുകുറയ്ക്കാൻ ടെലികോം റഗുലേറ്ററി അതോറിറ്റി ഓഫ് ഇന്ത്യ(ട്രായ്).
ഇതുസംബന്ധിച്ച് കൂടുതലായി എന്തുചെയ്യാൻ കഴിയുമെന്ന് പരിശോധിക്കാൻ ട്രായ് നടപടികൾ തുടങ്ങി. കഴിഞ്ഞ ജനുവരിയിൽ നടപ്പാക്കിയ പരിഷ്‌കാരം എല്ലാ ഉപഭോക്താക്കൾക്കും പ്രയോജനപ്പെട്ടില്ല എന്ന തിരിച്ചറിവാണ് ഇതിനുപിന്നിൽ.
ടെലിവിഷന്‍ ചാനലുകളുടെ തെരഞ്ഞെടുപ്പില്‍ ഉപഭോക്താക്കളുടെ താല്‍പര്യങ്ങള്‍ക്ക് പ്രാധാന്യം നല്‍കിക്കൊണ്ടുളള നിയമമാണ് ജനുവരിയിൽ നടപ്പിലായത്. ഇതിനുശേഷം മെട്രോ നഗരങ്ങളിലുള്ള ഉപഭോക്താക്കൾക്ക് ചാനലുകൾ കാണാൻ മുടക്കേണ്ട തുകയിൽ ഗണ്യമായ കുറവ് വന്നിരുന്നു. പക്ഷെ ഗ്രാമപ്രദേശങ്ങളിൽ താമസിക്കുന്നവർക്ക് ഈ കുറവ് പ്രകടമായിട്ടില്ല എന്നാണ് ട്രായിയുടെ കണ്ടെത്തൽ. ഇവർക്ക് ടിവി കാണാൻ കൂടുതൽ തുക മുടക്കേണ്ട അവസ്ഥയാണ് നിലവിലുള്ളത്.
ഇതിനുപുറമെ കേബിൾ ഓപ്പറേറ്റർമാരുടെ വരുമാനത്തിലും ഭീമമായ നഷ്ടം പ്രകടമായി. ഈ പോരായ്മകളെല്ലാം പരിഹരിച്ച് എല്ലാവർക്കും പ്രയോജനം ലഭിക്കുന്ന രീതിയിൽ ചാനൽ നിരക്കുകൾ ക്രമീകരിക്കുക എന്നതാണ് ട്രായിയുടെ ലക്ഷ്യം. ഡി ടി എച്ച്, കേബിൾ ഓപ്പറേറ്റർമാരുടെ അഭിപ്രായങ്ങളും ഇനിയുള്ള ഭേദഗതിയിൽ പരിഗണിക്കും. ഇതിനുമുമ്പ്, നിലവിലുള്ള സ്ഥിതിയെക്കുറിച്ച് വിശദമായി പഠിക്കേണ്ടതുണ്ടെന്ന് ട്രായ് ചെയർമാൻ ആർ എസ്. ശർമ വ്യക്തമാക്കി.
ജനുവരിയിൽ നടപ്പിലാക്കിയ പുതിയ നിയമപ്രകാരം ഉപയോക്താവിന് ആവശ്യമുള്ള ചാനലുകള്‍ക്ക് മാത്രം പണം നല്‍കിയാൽ മതിയായിരുന്നു. ഇതുപ്രകാരം പ്രതിമാസം 130 രൂപയും നികുതിയും നല്‍കി ഇഷ്ടമുള്ള നൂറ് ചാനലുകള്‍ തിരഞ്ഞെടുക്കാം.
പേ ചാനലുകൾക്ക് ഇതിനു പുറമെയുമുള്ള നിശ്ചിത തുക വേറെ നൽകണം. ഇതോടെ പല ഉപഭോക്താക്കലും പേ ചാനലുകളെ പാടേ ഒഴിവാക്കുകയും ചെയ്തു. ഇതിനെ മറികടക്കലാണ് ഇനി ട്രായിയുടെ മുന്നിലുള്ള പ്രധാന വെല്ലുവിളി.

